കോട്ടയം: എം.ജി സര്‍വകാലശാലയ്‌ക്കെതിരായ ജാതി വിവേചന ആരോപണത്തില്‍ ഇന്ന് ജില്ലാ കലക്ടര്‍ പി.കെ. ജയശ്രീ വൈസ് ചാന്‍സലര്‍ സാബു തോമസുമായി ചര്‍ച്ച നടത്തും.
നിരാഹാര സമരത്തിലായിരുന്ന ദളിത് വിദ്യാര്‍ത്ഥി ദീപ പി. മോഹനന് കോട്ടയം താഹിസില്‍ദാര്‍ ഇക്കാര്യത്തില്‍ ഇന്നലെ രാത്രി ഉറപ്പു നല്‍കിയിരുന്നു. തുടര്‍ന്നാണ് ദീപ ആശുപത്രിയിലേക്ക് മാറാന്‍ തയ്യാറായത്. ചികിത്സയ്ക്ക് ശേഷം ദീപ സമര പന്തലിലേക്ക് മടങ്ങി.
നാനോ സായന്‍സസില്‍ ഗവേഷക വിദ്യാര്‍ത്ഥി ആയ ദീപയ്ക്ക് കോടതി ഉത്തരവുണ്ടായിട്ടും ജാതിയുടെ പേരില്‍ ഗവേഷണത്തിന് സൗകര്യം ഒരുക്കുന്നില്ലെന്നാണ് പരാതി.
നാനോ സയന്‍സസ് ഡയറക്ടര്‍ ഡോ. നന്ദകുമാര്‍ കളരിക്കലിനെതിരെയാണ് ദീപയുടെ ആരോപണം. താനൊരു ദളിത് വിദ്യാര്‍ത്ഥിയായതിന്റെ പേരില്‍ തന്നെ ഗവേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു ദീപയുടെ ആരോപണം. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ദീപ നിയമ പോരാട്ടത്തിലാണ്.
നിരാഹാര സമരം തുടങ്ങിയപ്പോള്‍ വി.സി സാബു തോമസ് ഗവേഷണത്തിന് എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും, താന്‍ ഗൈഡ് സ്ഥാനം ഏറ്റെടുക്കാമെന്നും ദീപയോട് പറഞ്ഞിരുന്നു.
എന്നാല്‍ ആരോപണ വിധേയനായ അധ്യാപകനെ പുറത്താക്കണം എന്ന ആവശ്യത്തില്‍ ദീപ ഉറച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് താഹിസില്‍ദാര്‍ എത്തി ചര്‍ച്ച നടത്തിയത്.
നിരാഹാരം ആരംഭിച്ചതിനു ശേഷം, ഏത് സാഹചര്യത്തിലും തനിക്ക് മരണം പോലും സംഭവിക്കാം എന്ന് കാണിച്ച് ദീപ എഴുതിയ കത്തും ചര്‍ച്ചയായിരുന്നു.
നിരാഹാര സമരം നിമിത്തം എനിക്ക് ജീവഹാനി സംഭവിച്ചാല്‍ അതിന് പരിപൂര്‍ണ്ണ ഉത്തരവാദികള്‍ വൈസ് ചാന്‍സിലര്‍ സാബു തോമസ്, ഐ.ഐ.യു.സി.എന്‍.എന്‍ ഡയറക്ടര്‍ ഡോ. നന്ദകുമാര്‍ കളരിക്കല്‍, റിസര്‍ച്ച് ഗൈഡ് ഡോ. രാധാകൃഷ്ണന്‍ ഇ.കെയും ഈ ഭരണകൂടവും മാത്രമായിരിക്കും എന്നാണ് ദീപ കത്തില്‍ പറഞ്ഞിരുന്നത്.
കഴിഞ്ഞ പത്ത് വര്‍ഷമായി എം.ജി യൂണിവേഴ്‌സിറ്റിയുടെ ജാതി വിവേചനത്തിനെതിരായ പോരാട്ടത്തിലാണ് ദളിത് വിദ്യാര്‍ത്ഥിനിയായ ദീപ പി. മോഹനന്‍.
ദീപയ്ക്ക് അനുകൂലമായ കോടതി വിധികള്‍ക്കും അധികൃതര്‍ ചെവി കൊടുത്തില്ല. നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദീപ സര്‍വ്വകലാശാല കവാടത്തിന് മുന്നില്‍ നിരാഹാര സമരം തുടങ്ങയിത്.
2011ലാണ് ദീപാ പി. മോഹന്‍ നാനോ സയന്‍സില്‍ എംഫിലിന് പ്രവേശം നേടിയത്. തുടര്‍ന്ന് 2014ല്‍ ഗവേഷണവും തുടങ്ങി. പക്ഷേ, ദളിത് വിദ്യാര്‍ത്ഥിയായ ദീപക്ക് ഗവേഷണം പൂര്‍ത്തിയാക്കാനുള്ള യാതൊരു അവസരവും ലഭിക്കാതിരിക്കുകയായിരുന്നു. ജാതീയമായ വേര്‍തിരിവ് കാട്ടിയെന്ന് ആരോപിച്ച് ദീപ നല്‍കിയ പരാതിയില്‍ സിന്‍ഡിക്കേറ്റ് അന്വേഷണം നടത്തുകയും ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.