ജാതി സെന്‍സസ് നടത്തില്ല; ഔദ്യോഗിക സെന്‍സസ് 2025ല്‍ നടത്താന്‍ സാധ്യത: റിപ്പോര്‍ട്ട്
national news
ജാതി സെന്‍സസ് നടത്തില്ല; ഔദ്യോഗിക സെന്‍സസ് 2025ല്‍ നടത്താന്‍ സാധ്യത: റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th October 2024, 3:26 pm

ന്യൂദല്‍ഹി: രാജ്യത്തെ ജനസംഖ്യ ഔദ്യോഗികമായി നിര്‍ണയിക്കുന്ന സെന്‍സസ് 2025ല്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. നാല് വര്‍ഷത്തെ കാലതാമസത്തിന് ശേഷമാണ് രാജ്യത്ത് സെന്‍സസ് നടത്തുന്നത്. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഔദ്യോഗികമായ അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

2025ല്‍ ആരംഭിക്കുന്ന ഔദ്യോഗിക സര്‍വേ 2026 വരെ തുടരുമെന്നും സെന്‍സസിന് ശേഷം ലോക്‌സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം ആരംഭിക്കുമെന്നും, ഇത് 2028 ഓടെ അവസാനിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സെന്‍സസില്‍ ജനറല്‍, പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടെ എണ്ണം, മതം, സാമൂഹിക വിഭാഗങ്ങള്‍ എന്നിവയുടെ സര്‍വേക്ക് പുറമെ ഈ വിഭാഗങ്ങളുടെയെല്ലാം ഉപവിഭാഗങ്ങളുടെ സര്‍വേകളും ഉള്‍പ്പെടുമെന്ന സൂചനയുള്ളതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ജാതി സെന്‍സസിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്ന സമയത്താണ് സെന്‍സസ് നടത്താനുള്ള തീരുമാനം. എന്നാല്‍ സെന്‍സസിനെ സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ തീരുമാനങ്ങളൊന്നും പുറത്തുവിട്ടില്ലെന്നുള്ളതും സെന്‍സസ് നടത്തുന്നതിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സെന്‍സസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ജാതി സെന്‍സസിനെ കുറിച്ചുള്ള ചര്‍ച്ച വീണ്ടും ആരംഭിച്ചതോടെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രത്തിന്റെ വിമുഖതയ്‌ക്കെതിരെ വിമര്‍ശനങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്നു.

ജാതി സെന്‍സസ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ മടിക്കുന്നത് ഒ.ബി.സി വിഭാഗങ്ങളോടുള്ള വഞ്ചനയാണെന്നാണ് കോണ്‍ഗ്രസ് നേതാവ് മാണിക്കം ടാഗോര്‍ പറഞ്ഞത്.

‘നീതി ആവശ്യപ്പെടുന്നവരെ അവഗണിച്ചുകൊണ്ട് കേന്ദ്രം ജനങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നിഷേധിക്കുകയാണ്. എല്ലാം രാഷ്ട്രീയമായ ധാര്‍ഷ്ട്യം കാരണമാണ്. ആര്‍.എസ്എസും ജെ.ഡി.യുവും ടി.ഡി.പിയും ജനങ്ങള്‍ക്കൊപ്പമാണോ അതോ നിശബദ്ത പാലിക്കുമോ?.’മാണിക്കം ടാഗോര്‍ എക്‌സ് പോസ്റ്റില്‍ കുറിച്ചു.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ അപഡേറ്റ് ചെയ്യുന്നതിന് വേണ്ടി ഓരോ പത്ത് വര്‍ഷത്തിലും നടത്തുന്ന സെന്‍സസ് 2021ല്‍ കൊവിഡ് 19 കാരണം മാറ്റിവെച്ചിരുന്നു.

സെന്‍സസ് നടത്തുന്നതിനെ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ സൂചിപ്പിച്ചിരുന്നു. ഉചിതമായ സമയത്ത് മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനുകള്‍ വഴി ഡിജിറ്റലായി നടത്തുമെന്നായിരുന്നു അമിത് ഷാ പറഞ്ഞിരുന്നത്.

Content Highlight: Caste census will not be conducted; Official Census likely to be held in 2025: Report