Kerala News
സി.എ.എക്കെതിരെ പ്രതിഷേധം; തിരുവനന്തപുരത്ത് 124 പേർക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Mar 12, 05:46 am
Tuesday, 12th March 2024, 11:16 am

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിൽ ഔദ്യോഗിക വിജ്ഞാപനമിറങ്ങിയതിന് പിന്നാലെ തലസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളിൽ 124 പേർക്കെതിരെ കേസ്.

രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തിയ എം.എസ്.എഫ്, ഫ്രറ്റേണിറ്റി, വെൽഫെയർ പാർട്ടി നേതാക്കൾക്കെതിരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്.

ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

നേരത്തെയും സി.എ.എക്കെതിരെ സമരം ചെയ്തവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കേസുകൾ പിൻവലിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഇനിയും നടപ്പിലായിട്ടില്ല.

കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി നടപ്പിലാക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പ്രതിഷേധങ്ങൾ വ്യാപകമാകുകയാണ്.

ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.

തിരുവനന്തപുരം ഏജീസ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തിയ ഡി.വൈഎഫ്.ഐ ജില്ലാ കമ്മിറ്റി പ്രധാനമന്ത്രിയുടെ ചിത്രമുള്ള ഫ്ളക്സ് ബോർഡ് തകർത്തു.

രാജ്ഭവനിലും കേന്ദ്ര സ്ഥാപനങ്ങളിലും നടന്ന പ്രതിഷേധങ്ങൾക്ക് പുറമേ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ട്രെയിൻ തടയലുമുണ്ടായി.

കേരളത്തിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് അടിവരയിട്ട് പറയുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.

സി.എ.എ നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ കോൺഗ്രസ്‌ മുന്നിൽ നിന്ന് നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു.

സി.എ.എക്കെതിരെ സുപ്രീം കോടതിയിൽ മുസ്‌ലിം ലീഗ് നൽകിയ ഹരജിയിൽ കേന്ദ്ര സർക്കാർ മറുപടി പറഞ്ഞത്, ഈ നിയമം നടപ്പിലാക്കില്ലെന്നും അതിനുള്ള ആലോചനയില്ലെന്നുമാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Content Highlight: Case filed against 124 in Thiruvananthapuram related to CAA protests