ഫോൺ ചോർത്തിയെന്ന് പരാതി; പി.വി. അൻവറിനെതിരെ കേസ്
Kerala News
ഫോൺ ചോർത്തിയെന്ന് പരാതി; പി.വി. അൻവറിനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th September 2024, 10:22 am

നിലമ്പൂർ: എം.എൽ.എ പി.വി. അൻവറിനെതിരെ കേസെടുത്ത് പൊലീസ്. ഫോൺ ചോർത്തിയെന്ന പരാതിയിലാണ് കേസ്. കറുകച്ചാൽ പൊലീസിന്റേതാണ് നടപടി. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്.

കോട്ടയം സ്വദേശി തോമസ് പീലിയാനിക്കലിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഫോൺ ചോർത്തി ദൃശ്യമാധ്യമത്തിലൂടെ പ്രചരണം നടത്തി കലാപമുണ്ടാക്കാൻ ശ്രമിച്ചെന്നുമാണ് എഫ്.ഐ.ആർ.

അന്‍വറിന്റെ നീക്കം മറ്റുള്ളവരുടെ സ്വകാര്യത ലംഘനമെന്നും പരാതിയില്‍ പറയുന്നുണ്ട്. ഫോണ്‍ ചോര്‍ത്തി ദൃശ്യമാധ്യമത്തിലൂടെ പ്രചരണം നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നുമാണ് എഫ്.ഐ.ആര്‍.

നേരത്തെ സംസ്ഥാന പൊലീസ് മേധാവിക്ക് കോട്ടയം സ്വദേശി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കറുകച്ചാല്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതിക്കാരന്‍ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

ഫോണ്‍ ചോര്‍ത്തി വിവരങ്ങള്‍ പുറത്തുവിട്ട് സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കാനാണ് പി.അവ. അന്‍വര്‍ ശ്രമിച്ചതെന്നായിരുന്നു മൊഴി.

പി.വി. അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍ സംസ്ഥാനത്ത് വിവാദമുണ്ടാക്കിയിരുന്നു. ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും നേരത്തെ ഇടപെടല്‍ നടത്തിയിരുന്നു.

ഇതിനുപിന്നാലെയാണ് പി.വി. അന്‍വറിനെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ പി.വി. അൻവർ പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിനെ സസ്‌പെൻഡ് ചെയ്തത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. അതേസമയം പി.വി. അന്‍വറിനെ പിന്തുണച്ച് നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. അന്‍വറിനെ പിന്തുണച്ച് അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ ടൗണ്‍ ബോയ്സ് ആര്‍മിയുടെ പേരില്‍ ഒരു ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.

അന്‍വറിന്റെ ഒതായിയിലെ വീടിന് മുന്നിലാണ് ബോര്‍ഡ് വെച്ചിരിക്കുന്നത്. അന്‍വറിനെ വിപ്ലവ സൂര്യന്‍ എന്ന് വിശേഷിച്ചാണ് ബോര്‍ഡിലെ വാചകങ്ങള്‍. കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാകില്ലെന്നും ബോര്‍ഡില്‍ പറയുന്നു. സമാനമായ നിരവധി ബോര്‍ഡുകള്‍ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഉയരുന്നുണ്ട്.

സി.പി.ഐ.എം മുന്‍ ലോക്കല്‍ സെക്രട്ടറി ഇ.എ. സുകുവും അന്‍വറിനെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സി.പി.ഐ.എം മരുത മുന്‍ ലോക്കല്‍ സെക്രട്ടറിയും വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന നേതാവാണ് സുകു. തലപ്പത്തുള്ളവര്‍ മാത്രമല്ല പാര്‍ട്ടിയെന്നും ന്യായത്തിനെ ഒറ്റപ്പെടുത്തില്ലെന്നും സുകു ഫേസ്ബുക്കില്‍ കുറിക്കുകയായിരുന്നു.

Content Highlight: Case against P.V. Anvar