കൊച്ചി: പുകവലിച്ചതിനാല്‍ ഫഹദ് ഫാസിലിനെതിരെ പോലീസ് കേസെടുത്തു. ലാല്‍ ജോസ് സംവിധാനം ചെയ്ത “ഡയമണ്ട് നെക്ലസ്” എന്ന ചിത്രത്തില്‍ പുകവലിക്കുന്ന രംഗത്തില്‍ അഭിനയിച്ചതിനാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പൊതുസ്ഥലത്ത് പുകവലിക്കരുതെന്ന കോടതി വിധിയുള്ളതിനാല്‍ സിനിമ പോലുള്ള മാധ്യമങ്ങളില്‍ മുന്നറിയിപ്പ് നല്‍കേണ്ടതാണ്.
“പുകവലി ആരോഗ്യത്തിന് ഹാനികരം” എന്ന് പുകവലിക്കുന്ന രംഗത്ത് നിയമപരമായ മുന്നറിയിപ്പ് എഴുതിക്കാണിക്കുകയോ പറയുകയോ വേണമെന്നാണ് നിയമം. ഡയമണ്ട് നെക്ലസില്‍ ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ചിത്രത്തിലെ പുകവലിക്കുന്ന രംഗത്ത് ഈ മുന്നറിയിപ്പ് കാണിക്കാത്തതിനാലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ ഡേര്‍ട്ടി പ്ക്ചര്‍ എന്ന ഹിന്ദി സിനിമയില്‍ പുകവലിക്കുന്ന രംഗങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ട്. നിയമപരമായ മുന്നറിയിപ്പ് ചിത്രത്തില്‍ നല്‍കിയിട്ടാണ് സിനിമയില്‍ ഇത്തരം രംഗങ്ങള്‍ ചെയ്തതെന്ന് പ്രവര്‍ത്തകര്‍ അന്ന് പറഞ്ഞിരുന്നു. കൂടാതെ വിദ്യാ ബാലനും പുകവലി രംഗങ്ങളില്‍ അഭിനയിച്ച മറ്റ് നടീനടന്മാരും സിനിമക്ക് പുറത്ത് പുകവലിക്കെതിരെ സംസാരിച്ചിരുന്നു. ചിത്രത്തില്‍ കഥാപാത്രത്തിന്റെ പൂര്‍ണ്ണതക്ക് വേണ്ടി ഒഴിവാക്കാന്‍ പറ്റാത്തിടത്താണ് ഇത്തരം രംഗങ്ങള്‍ ഷൂട്ട് ചെയ്തതെന്നും അവര്‍ പറഞ്ഞിരുന്നു.