മണിപ്പൂരിലേത് ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള അക്രമമാക്കാന്‍ ഒരു പ്രത്യേക വിഭാഗക്കാര്‍ ശ്രമിക്കുന്നു; കേരള സ്റ്റോറി ക്രൈസ്തവര്‍ സപ്പോര്‍ട്ട് ചെയ്തിന്റെ കെറുവ്: കാസ
Kerala News
മണിപ്പൂരിലേത് ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള അക്രമമാക്കാന്‍ ഒരു പ്രത്യേക വിഭാഗക്കാര്‍ ശ്രമിക്കുന്നു; കേരള സ്റ്റോറി ക്രൈസ്തവര്‍ സപ്പോര്‍ട്ട് ചെയ്തിന്റെ കെറുവ്: കാസ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th May 2023, 4:54 pm

കോഴിക്കോട്: മണിപ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്നത് രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള കലാപമാണെന്നും ഇതിനെ ഹിന്ദു -ക്രിസ്ത്യന്‍ കലാപമാക്കി ചിലര്‍ ആഘോഷിക്കുകയാണെന്നും തീവ്ര ക്രിസ്ത്യന്‍ വിഭാഗമായ കാസ(ക്രിസ്ത്യന്‍ അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍). ‘സത്യം പുറത്തുവരുമ്പോഴേക്കും കള്ളം ദൂരങ്ങള്‍ താണ്ടിയിട്ടുണ്ടാകും’ എന്ന തലക്കെട്ടില്‍ കാസ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഒരു പ്രത്യേക വിഭാഗക്കാരും ഇടത്-വലതു മുന്നണികളും ഈ പ്രചരണത്തിനായി പ്രത്യേകം മുഴുവന്‍ സമയ ജോലി ചെയ്യുന്നുണ്ടെന്നും കാസ പറഞ്ഞു.

‘ബി.ജെ.പിയോട് കര്‍ഷകരുടെ പ്രശനങ്ങളെപ്പറ്റി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ മുതലുള്ള കെറുവിന്റെ ഭാഗമായിട്ടാണ് മണിപ്പൂരിലുള്ളത് ഹിന്ദു -ക്രിസ്ത്യന്‍ കലാപമാക്കി ആഘോഷിക്കുന്നത്.

‘ദി കേരള സ്റ്റോറി’ സിനിമക്ക് ക്രൈസ്തവര്‍ സപ്പോര്‍ട്ട് ചെയ്യുന്നു എന്ന് കണ്ടപ്പോഴാണ് ഈ സംഭവത്തെ തെറ്റായി പ്രചരിപ്പിക്കുന്നത്. അതിന്റെ ദേഷ്യത്തെ മുഴുവന്‍ സകല ക്രൈസ്തവ സഭകളുടെയും സംഘടനകളുടെയും പ്രധാന വ്യക്തികളുടെയും പോസ്റ്റുകളുടെ അടിയില്‍ തെറിവിളികളും പോസ്റ്ററുകളുമായി ഒരു പ്രത്യേക വിഭാഗക്കാരും ഇടതു വലതു മുന്നണികളും ഫുള്‍ ടൈം ഡ്യൂട്ടി ചെയ്യുന്നത് കാണാമായിരുന്നു.

ഇവരുടെയൊക്കെയുള്ളില്‍ എന്താണെന്നു അറിയാന്‍ തലകൊണ്ട് ഒന്ന് ചിന്തിച്ചാല്‍ മതി. എങ്ങനെയെങ്കിലും നോര്‍ത്തില്‍ ക്രിസ്ത്യാനികളെ ആക്രമിക്കുന്ന വാര്‍ത്തകള്‍ വരാന്‍ കാത്തിരിക്കുകയാണ് ഇവര്‍. ആ വാര്‍ത്തകള്‍ കൊണ്ടുവന്നു ഒട്ടിക്കാന്‍. ഇത്രയും അസഹിഷ്ണുത ഒരു മനുഷ്യരിലും കാണാന്‍ സാധിക്കില്ല.

 

മണിപ്പൂരില്‍ സേവനം ചെയ്യുന്ന വൈദികരും സന്യസ്തരും യഥാര്‍ത്ഥ വിവരങ്ങള്‍ പുറം ലോകത്തിന് നല്‍കുന്നുണ്ട്. എന്നാലും നിങ്ങള്‍ ഈ കലാപരിപാടികള്‍ തുടരുമെന്നറിയാം, തുടരുക. അതൊക്കെ വിശ്വസിക്കുന്ന ക്രിസ്ത്യാനികളുടെ കാലം കഴിഞ്ഞു എന്നുള്ളത് വൈകിയേ നിങ്ങളറിയൂ,’ എന്നാണ് കാസയുടെ സോഷ്യല്‍ മീഡിയ പേജില്‍ എഴുതിയിട്ടുള്ളത്.

അതേസമയം, മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഇതുവരെ 54 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 10,000ന് മുകളില്‍ ആളുകള്‍ സംസ്ഥാന്‍ വിട്ടതായും 24 ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Content Highlight: CASA says particular sect is trying to perpetrate violence against Christians in Manipur