Kerala News
കൊല്ലത്ത് ബിൻ ലാദന്റെ ചിത്രം പതിച്ച കാർ പൊലീസ് പിടിച്ചെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 02, 03:28 pm
Thursday, 2nd May 2019, 8:58 pm

കൊല്ലം: അമേരിക്ക സൈനിക നീക്കത്തിലൂടെ കൊലപ്പെടുത്തിയ ഭീകരസംഘടനയായ അൽ ക്വയ്ദയുടെ തലവനും ആഗോള ഭീകരനുമായ ഒസാമ ബിൻ ലാദന്‍റെ ചിത്രം പതിച്ച കാര്‍ കൊല്ലം പൊലീസ് പിടിച്ചെടുത്തു. കൊല്ലം പള്ളിമുക്കിൽ വെച്ചാണ് കാര്‍ പോലീസിൻ്റെ ശ്രദ്ധയിൽപ്പെടുന്നത്. കാറിന്റെ ഉടമയെ പൊലീസ് ചോദ്യം ചെയ്തുവരുന്നു.

ഈസ്റ്റര്‍ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് ശേഷം കേരളത്തിൽ ഉള്‍പ്പെടെ സുരക്ഷാ ഏജൻസികളും പൊലീസും സുരക്ഷ ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ഈ സംഭവം. ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചിലരെ എൻ.ഐ.എ. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സമുദ്രാതിര്‍ത്തി വഴി ശ്രീലങ്കയിൽ നിന്ന് കേരളത്തിലും ഭീകരര്‍ എത്തിയേക്കാം എന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

തീവ്രവാദ സംഘടനകളോടും ആശയങ്ങളോടും ആഭിമുഖ്യം പുലര്‍ത്തുന്നവരെ കണ്ടെത്താൻ സമൂഹമാധ്യമങ്ങളിലടക്കം പോലീസ് നിരീക്ഷണം നടത്തുന്നുണ്ട്. ഇതിന്‍റെ ഭാഗമായി പോലീസ് കസ്റ്റഡിയിലെടുത്ത ഒരാള്‍ക്ക് ഐ.എസ്. റിക്രൂട്ട്മെന്‍റുമായും ബന്ധമുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.