Sports News
പരിശീലനത്തിനിടെ രോഹിത്തിന് പരിക്ക്; കനത്ത ആശങ്കയില്‍ ഇന്ത്യന്‍ ടീം
സ്പോര്‍ട്സ് ഡെസ്‌ക്
2022 Nov 08, 04:51 am
Tuesday, 8th November 2022, 10:21 am

ടി-20 ലോകകപ്പില്‍ സെമി ഫൈനലിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കേറ്റ പരിക്കാണ് ടീമിനെ ആശങ്കയിലാഴ്ത്തുന്നത്.

പരിശീലനത്തിനിടെയാണ് രോഹിത് ശര്‍മയുടെ കൈക്ക് പരിക്കേറ്റത്. ചൊവ്വാഴ്ച അഡ്‌ലെയ്ഡില്‍ വെച്ച് നടന്ന ബാറ്റിങ് പരിശീലനത്തിനിടെയാണ് സംഭവം.

ത്രോഡൗണ്‍ വിദഗ്ധനായ എസ്. രഘുവിന്റെ പന്തുകള്‍ നേരിടുകയായിരുന്നു രോഹിത്. എന്നാല്‍ ഒരു ഷോര്‍ട് ബോള്‍ രോഹിതിന് കൃത്യമായി നേരിടാനായില്ല. പന്ത് നേരെ വന്ന് താരത്തിന്റെ വലത് കയ്യിലിടിച്ചു.

ഇതോടെ കടുത്ത വേദനയിലായ രോഹിത് നെറ്റില്‍ നിന്നും മടങ്ങി. പിന്നീട് ഏറെ നേരം കയ്യില്‍ ഐസ് പാക്ക് വെച്ചിരിക്കുകയായിരുന്നു അദ്ദേഹം. ദേശീയമാധ്യമങ്ങളടക്കമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നെറ്റിന് പുറത്ത് ടീമിന്റെ പരിശീലനം നോക്കിയിരുന്ന രോഹിത്തിനൊപ്പം മെന്റല്‍ കണ്ടീഷനിങ് കോച്ചായ പാഡി അപ്റ്റണുമുണ്ടായിരുന്നു. അപ്റ്റണ്‍ രോഹിത്തിനോട് ഏറെ സമയം സംസാരിച്ചു.

വിശ്രമത്തിന് ശേഷം രോഹിത് പരിശീലനത്തിന് മടങ്ങിയെത്തിയെങ്കിലും ഡിഫന്‍സീവ് ഷോട്ടുകള്‍ മാത്രമായിരുന്നു താരം കളിച്ചത്. മൂവ്‌മെന്റുകള്‍ ശരിയായി എടുക്കാന്‍ സാധിക്കുന്നുണ്ടോയെന്ന് അറിയുന്നതിന് വേണ്ടി മാത്രമായിരുന്നു ഇത്.

പരിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പരിശീലനത്തിന് ശേഷമായിരിക്കും മെഡിക്കല്‍ ടീം രോഹിത്തിനെ വിശദമായ പരിശോധനക്ക് വിധേയമാക്കുക.

വ്യാഴാഴ്ചയാണ് ടി-20 ലോകകപ്പിലെ ഇന്ത്യയുടെ സെമി ഫൈനല്‍ മത്സരം. ഇംഗ്ലണ്ടാണ് എതിരാളികള്‍. ഇതിന് മുന്നോടിയായി രോഹിത്തിന് പരിക്കേറ്റത് ടീമിനെ ആശങ്കയിലാക്കുന്നുണ്ട്.

Content Highlight: Captain Rohit Sharma got injured during practice session ahead of T20 World Cup final