national news
സുപ്രീം കോടതിയില്‍ പരമാധികാരം ചീഫ് ജസ്റ്റിസിന് തന്നെയെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Apr 11, 07:44 am
Wednesday, 11th April 2018, 1:14 pm

ന്യൂദല്‍ഹി: സുപ്രീം കോടതിയില്‍ ബെഞ്ച് രൂപീകരണത്തിലും കേസുകള്‍ വിഭജിക്കാനുമുള്ള അധികാരം ചീഫ് ജസ്റ്റിസിനാണെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാന് കേസില്‍ വിധി പുറപ്പെടുവിച്ചത്.

ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ രണ്ട് മുതിര്‍ന്ന ജസ്റ്റിസുമാരെ ഉള്‍പ്പെടുത്തണമെന്ന ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.

സുപ്രീം കോടതി ജോലി വിഭജനത്തില്‍ പരമാധികാരം ചീഫ് ജസ്റ്റിസിനാണ്. ഭരണഘടന നല്‍കുന്ന അധികാരമാണ് ഇത്. ചീഫ് ജസ്റ്റിസാണ് ഉന്നത കോടതികളുടെ തലവന്‍. കോടതി നടപടികള്‍ സുഗമമായി നടത്താന്‍ നിയോഗിക്കപ്പെട്ടയാളാണ് ചീഫ് ജസ്റ്റിസെന്നും ഹരജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.

കേസുകള്‍ വിഭജിച്ച് നല്‍കുന്നതിന് ചട്ടം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. ലഖ്നൗ സ്വദേശിയും അഭിഭാഷകനുമായ അശോക് പാണ്ഡേയായിരുന്നു ഹരജി സമര്‍പ്പിച്ചത്.


Dont Miss ‘ഭൂമി ഏറ്റെടുത്ത് പാവങ്ങള്‍ക്ക് കൊടുക്കാന്‍ സര്‍ക്കാര്‍ റോബിന്‍ഹുഡാണോ’; ഹാരിസണ്‍സ് ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി


സുപ്രീം കോടതിയില്‍ കേസുകള്‍ നല്‍കുന്നതിലെ വിവേചനത്തിനെതിരെ ജനുവരിയില്‍ മുതിര്‍ന്ന ജഡ്ജിമാരായ ജെ. ചെലമേശ്വറിന്റെ നേതൃത്വത്തില്‍ സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ന്യായാധിപന്‍മാര്‍ പത്രസമ്മേളനം വിളിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു കഴിഞ്ഞ ആഴ്ച അശോക് പാണ്ഡെ ഹര്‍ജി സമര്‍പ്പിച്ചത്.

വിവാദമായ ജസ്റ്റിസ് ലോയ കേസ് അടക്കമുള്ള കേസുകള്‍ ബെഞ്ചുകള്‍ക്ക് കൈമാറുന്നതില്‍ ചീഫ് ജസ്റ്റിസ് പക്ഷപാതം കാണിക്കുന്നുവെന്നായിരുന്നു ഇവര്‍ ഉയര്‍ത്തിയ ആക്ഷേപം.