ഒട്ടാവ: സൗദി അറേബ്യയുമായുള്ള കാനഡയുടെ ആയുധകച്ചവടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മനുഷ്യാവകാശ സംഘടനകള്‍. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണ് കാനഡ സൗദിയുമായി ആയുധകച്ചവടം നടത്തുന്നതെന്ന് മനുഷ്യാവകാശ സംഘടനകളായ ആംനെസ്റ്റി ഇന്റര്‍നാഷണലും പ്രോജക്ട് പ്ലവ് ഷെയറും പറഞ്ഞു.
കാനഡ കയറ്റിയയക്കുന്ന ആയുധങ്ങള്‍ സൗദി രാജ്യത്തിനകത്തും യെമനെതിരെയും മനുഷ്യാവകാശ ലംഘന നടപടികള്‍ക്ക് ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്നും ഇരു സംഘടനകളും ചേര്‍ന്ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2015 തൊട്ട് സൗദിയും സഖ്യരാജ്യങ്ങളും യെമനെതിരെ സംഘര്‍ഷത്തിലാണ്.
2019ല്‍ കാനഡ അന്താരാഷ്ട്ര ആയുധ വ്യാപാര ഉടമ്പടിയില്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍ ഈ ഉടമ്പടിയെ കനേഡിയന്‍ സര്‍ക്കാര്‍ വളച്ചൊടിക്കുകയും ആയുധവില്‍പനയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയന്ത്രണങ്ങള്‍ തള്ളിക്കളയുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
2019ല്‍ പറഞ്ഞതിന് വിപരീതമായി ആയുധ വ്യാപാര ഉടമ്പടികളുടെമേലുള്ള അന്താരാഷ്ട്ര നിബന്ധനകള്‍ കനേഡിയന്‍ സര്‍ക്കാര്‍ ലംഘിച്ചുവെന്ന് പ്രോജക്ട് പ്ലവ് ഷെയറിന്റെ ഡയറക്ടര്‍ സെസാര്‍ ജാര്‍മില്യോ പറഞ്ഞു.
സൗദിയിലേക്കുള്ള ആയുധ കയറ്റുമതിയുടെ മേലുള്ള നിയന്ത്രണം കഴിഞ്ഞ ഏപ്രിലില്‍ കാനഡ എടുത്തുകളയുകയും റിയാദിലേക്കുള്ള 12 ബില്യണ്‍ ഡോളറിന്റെ ലൈറ്റ് ആര്‍മര്‍ വാഹന കരാര്‍ പുനക്രമീകരിക്കുകയും ചെയ്തിരുന്നു. ഈ നടപടിക്കെതിരെയാണ് സംഘടനകള്‍ രംഗത്തുവന്നിരിക്കുന്നത്.
റിപ്പോര്‍ട്ടിനെ നിഷേധിക്കുന്ന നിലപാടാണ് കനേഡിയന്‍ വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. ലോകത്തെ തന്നെ ശക്തമായ കയറ്റുമതി നിയന്ത്രണ സംവിധാനമുള്ള രാജ്യമാണ് കാനഡയെന്നും മനുഷ്യാവകാശ സംരക്ഷണത്തിന് വലിയ പ്രാധാന്യമാണ് തങ്ങള്‍ നല്‍കുന്നതെന്നുമാണ് കാനഡയുടെ വാദം.
മനുഷ്യാവകാശലംഘനത്തിന് കാരണമാകുന്ന ഒരു ആയുധകച്ചവടവും തങ്ങള്‍ നടത്തുന്നില്ലെന്നും കനേഡിയന്‍ സര്‍ക്കാരിന്റെ വക്താവ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ 2020ല്‍ ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കാനഡ-സൗദി അറേബ്യ ആയുധകച്ചവടമാണ് യെമന്‍ സംഘര്‍ഷത്തെ വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതെന്ന് പറഞ്ഞിരുന്നു.
കാനഡ കയറ്റുമതി ചെയ്ത യുദ്ധവാഹനങ്ങളും തോക്കുകളും സൗദി അറേബ്യ യെമനെതിരെ ഉപയോഗിച്ചതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ആംനസ്റ്റിയുടെയും പ്ലവ് ഷെയറിന്റെയും റിപ്പോര്‍ട്ടിലും പറയുന്നുണ്ട്.
കണക്കുകള്‍ പ്രകാരം കാനഡയില്‍ നിന്നും ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യമാണ് സൗദി അറേബ്യ. 2020ല്‍ ഒരു ബില്യണ്‍ കനേഡിയന്‍ ഡോളറിനേക്കാളധികം തുകയുടെ ആയുധ വില്‍പനയാണ് സൗദിയുമായി ജസ്റ്റിന്‍ ട്രൂഡോ നടത്തിയത്.
കാനഡ ഉടന്‍ തന്നെ സൗദിയിലേക്കുള്ള ആയുധ കയറ്റുമതി അവസാനിപ്പിക്കണമെന്നാണ് ആംനസ്റ്റിയും പ്ലവ് ഷെയറും ആവശ്യപ്പെട്ടിരിക്കുന്നത്. കാനഡയുടെ ഈ നയങ്ങള്‍ തികച്ചും തെറ്റാണെന്നും ഇവര്‍ കുറ്റപ്പെടുത്തി.