കുറച്ച് പൈസ തരുമോ? എംബാപ്പെയേയും ബെല്ലിങ്ഹാമിനെയും വാങ്ങാൻ; വൈറലായി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകന്റെ വാക്കുകൾ
football news
കുറച്ച് പൈസ തരുമോ? എംബാപ്പെയേയും ബെല്ലിങ്ഹാമിനെയും വാങ്ങാൻ; വൈറലായി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകന്റെ വാക്കുകൾ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 11th January 2023, 11:40 am

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരങ്ങൾ ആവേശകരമായി മുന്നേറുമ്പോൾ കടുത്ത മത്സരങ്ങളാണ് ടീമുകൾ പരസ്പരം കാഴ്ചവെക്കുന്നത്.
പരമ്പരാഗതമായി വൻ ശക്തികളായ ബിഗ് സിക്സ് ക്ലബ്ബുകൾക്കൊപ്പം മറ്റു ക്ലബ്ബുകളും മികച്ച പ്രകടനം കാഴ്ച വെക്കുന്ന പ്രീമിയർ ലീഗിൽ പ്രവചനത്തിന് അതീതമാണ് കാര്യങ്ങൾ.

നിലവിൽ 17 മത്സരങ്ങളിൽ നിന്നും 14 വിജയങ്ങളോടെ 44 പോയിന്റ് നേടി ആഴ്സണലാണ് ലീഗ് ടേബിളിൽ നിലവിൽ ഒന്നാം സ്ഥാനത്ത്.
അത്രയും മത്സരങ്ങളിൽ നിന്നും 39 പോയിന്റുള്ള നിലവിലെ ടൈറ്റിൽ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി ആഴ്സണലിന് കടുത്ത മത്സരം കാഴ്ച വെക്കുന്നുണ്ട്.

എന്നാൽ നീണ്ട നാളത്തെ മോശം ഫോമിന് ശേഷം വീണ്ടും മികച്ച ട്രാക്കിലേക്ക് തിരിച്ചു വന്ന മാഞ്ചസ്റ്റർ യുണൈറ്റഡാണ് പ്രീമിയർ ലീഗിലെ നിലവിലെ ചർച്ചാ വിഷയം.

കോച്ച് എറിക് ടെൻ ഹാഗിന്റെ കീഴിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന യുണൈറ്റഡ് നിലവിൽ ലീഗിൽ 35 പോയിന്റുമായി നാലാം സ്ഥാനത്താണ്.

ജനുവരിയിൽ തുറന്ന ട്രാൻസ്ഫർ ജാലകത്തിൽ പുതിയ താരങ്ങളെയൊന്നും ടീമിലെത്തിക്കാൻ സാധിച്ചിട്ടില്ലെങ്കിലും ക്ലബ്ബ് വിൽപനയുടെ വക്കിലാണെങ്കിലും അതൊന്നും ബാധിക്കാതെ വളരെ മികച്ച പ്രകടനം നടത്തിയാണ് ക്ലബ്ബിന്റെ മുന്നോട്ട് പോക്ക്.

ഇടവേളക്ക് ശേഷം ആരംഭിച്ച പ്രീമിയർ ലീഗിലും, മറ്റു ടൂർണമെന്റുകളിലും ഇത് വരെ ക്ലബ്ബ് പരാജയം അറിഞ്ഞിട്ടില്ല.

എന്നാലിപ്പോൾ യുണൈറ്റഡ് കോച്ച് എറിക് ടെൻ ഹാഗ് യുണൈറ്റഡിന്റെ ഒരു കുട്ടി ആരാധകനോട് പറഞ്ഞ വാക്കുകളിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ടെൻ ഹാഗിന്റെ ഓട്ടോഗ്രാഫ് വാങ്ങാൻ എത്തിയ ഒരു കുട്ടി എംബാപ്പെയേയും ബെല്ലിങ്ഹാമിനെയും വാങ്ങാൻ കഴിയുമോ? എന്ന് ടെൻ ഹാഗിനോട് ചോദിക്കുമ്പോൾ, തനിക്ക് അതിന് ആഗ്രഹമുണ്ടെന്നും അതിന് നീ എനിക്ക് കുറച്ച് പണം തന്ന് സഹായിക്കണമെന്നുമാണ് ടെൻ ഹാഗ് കുട്ടിയോട് ചിരിച്ചു കൊണ്ട് മറുപടി പറയുന്നത്. ഇത് കേട്ട് ചുറ്റും കൂടി നിൽക്കുന്നവരും ചിരിക്കുന്നുണ്ട്.

യുണൈറ്റഡിന്റെ ഉടമകളായ ഗ്‌ളേസേർസ് കുടുംബം യുണൈറ്റഡിൽ ആവശ്യത്തിന് കളിക്കാരെയോ, മറ്റു അടിസ്ഥാന സൗകര്യ വികസനമോ നടത്തുന്നില്ല എന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധം ആരാധകർ ഉയർത്തിയിരുന്നു. ഇതിനെത്തുടർന്ന് ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡിൽ
വലിയ പ്രതിഷേധം ആരാധകർ നടത്തിയിരുന്നു.

ഇതിനെ തുടർന്ന് ആന്റണി, കാസിമിറോ, ഗർണാച്ചോ, ലിസാൻഡ്രോ മാർട്ടിനെസ് തുടങ്ങിയ താരങ്ങളെ ക്ലബ്ബ് തങ്ങളുടെ സ്‌ക്വാഡിലേക്ക് ചേർത്തിരുന്നു.

ജനുവരി 14ന് ഇന്ത്യൻ സമയം വൈകിട്ട് ആറിന് ചിരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയുമായാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം.

 

Content Highlights:Can you give me some money? to buy Mbappé and Bellingham; Manchester United coach’s words go viral