രാഷ്ട്രീയത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല; ഷാ ഫൈസല്‍
national news
രാഷ്ട്രീയത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല; ഷാ ഫൈസല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th August 2020, 6:34 pm

ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റിന്റെ (ജെ.കെ.പി.എം) അധ്യക്ഷ സ്ഥാനം രാജിവെച്ച മുന്‍ ഐ.എ.എസ് ഓഫിസര്‍ ഷാ ഫൈസലിന്റെ തീരുമാനം ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇതിനിടെ രാജിയില്‍ ആദ്യപ്രതികരണവുമായി ഷാ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ വാട്ട്‌സാപ്പ് ഇന്റര്‍വ്യൂവിലാണ് അദ്ദേഹം തന്റെ പ്രതികരണം വ്യക്തമാക്കിയത്.

മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്ന് എനിക്ക് ഒരു കാര്യം വ്യക്തമായി. ഈ രാഷ്ട്രീയവ്യവസ്ഥയില്‍ വലിയ മാറ്റങ്ങളുുണ്ടാക്കാന്‍ എനിക്ക് കഴിയില്ല. എനിക്ക് കഴിയുന്നത് മാത്രം ഇനിയുള്ള ജീവിതത്തില്‍ പിന്തുടരും. ജനങ്ങള്‍ പുതിയ രീതികളുമായി പൊരുത്തപ്പെടുന്നു. ഞാനില്ലെങ്കിലും മുഖ്യധാര രാഷ്ട്രീയവ്യവസ്ഥകള്‍ പുനരുജ്ജീവിക്കപ്പെടും. പ്രാതിനിധ്യ ജനാധിപത്യത്തില്‍ നിന്ന് ഒളിച്ചോടുന്നതില്‍ അര്‍ഥമില്ലെന്നും ഞാന്‍ മനസ്സിലാക്കുന്നു- ഷാ പറഞ്ഞു.

അതേസമയം ഷാ ഫൈസല്‍ തന്റെ ട്വീറ്റുകള്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് ഒഴിവാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2018 ല്‍ അദ്ദേഹം ചെയ്ത ഒരു വിവാദ ട്വീറ്റിനെതിരെ അച്ചടക്കനടപടി നിലവിലുണ്ട്.

കഴിഞ്ഞ ദിവസമാണ് മുന്‍ ഐ.എ.എസ് ഓഫീസര്‍ ഷാ ഫൈസല്‍ ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റിന്റെ (ജെ.കെ.പി.എം) അധ്യക്ഷ സ്ഥാനം രാജിവെച്ചത്.

സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ച് കഴിഞ്ഞ വര്‍ഷമാണ് ഷാ ഫൈസല്‍ സ്വന്തം പാര്‍ട്ടി ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് രൂപീകരിച്ചത്. താന്‍ രാഷ്ട്രീയചുമതലകളില്‍ നിന്ന് ഒഴിയുന്നുവെന്നാണ് ഷാ ഫൈസല്‍ അറിയിച്ചതായി പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം ഭാവി എന്താകുമെന്ന് ഷാ സൂചിപ്പിച്ചിട്ടില്ലെങ്കിലും വീണ്ടും സിവില്‍ സര്‍വീസിലേക്ക് തന്നെ മടങ്ങുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2010ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാമനായിരുന്നു 37-കാരനായ ഷാ ഫൈസല്‍. കശ്മീരിലെ തുടര്‍ച്ചയായ കൊലപാതകങ്ങള്‍, മുസ്ലിങ്ങളോടുള്ള വിവേചനം തുടങ്ങിയവയ്ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് 2019-ല്‍ അദ്ദേഹം സിവില്‍ സര്‍വീസ് വിട്ട് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചത്.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള നീക്കത്തിനെതിരെയും അദ്ദേഹം കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിന് പിന്നാലെ ഷാ ഫൈസല്‍ അടക്കമുള്ള കശ്മീരിലെ നൂറോളം രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ കേന്ദ്ര സര്‍ക്കാര്‍ തടങ്കലിലാക്കിയിരുന്നു. കഴിഞ്ഞ മാസമാണ് അദ്ദേഹത്തെ വിട്ടയച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: can-t-make-much-difference-in-politics-shah-faesal