മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയുടെ വരവോടെ വീണ്ടും ചര്‍ച്ചയിലേക്കെത്തുകയാണ് ഗുണ എന്ന ചിത്രവും ഗുണ കേവും. ഗുണ എന്ന സിനിമയിലെ ചില ഭാഗങ്ങള്‍ ഈ കേവില്‍ ചിത്രീകരിച്ചതിന് പിന്നാലെയാണ് ഗുണ കേവ് എന്ന പേര് ഗുഹയ്ക്ക് ലഭിക്കുന്നത്. 1991 ല്‍ ചിത്രീകരിച്ച ഗുണ ഇന്ന് വീണ്ടും ആളുകള്‍ ഓര്‍ക്കുന്നത് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രം ചര്‍ച്ചയായതോടെയാണ്. എത്തിപ്പെടാന്‍ ഏറെ പ്രയാസമുള്ള കൊടൈക്കനാലിലെ ഡെവിള്‍സ് കിച്ചണില്‍ എത്തി ആ സിനിമ ഷൂട്ട് ചെയ്യാന്‍ അന്ന് കമല്‍ഹാസന് ധൈര്യം കൊടുത്ത ഒരാള്‍ ക്യാമറാമാന്‍ വേണുവായിരുന്നു.
ഗുണ കേവിനെ കുറിച്ചും കേവുമായി ബന്ധപ്പെട്ട് വരുന്ന കഥകളെ കുറിച്ചും അന്ന് അവിടെ നേരിട്ട വെല്ലുവിളികളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് വേണു. ഒപ്പം ഗുണ കേവില്‍ മനുഷ്യന്റെ അസ്ഥിക്കൂടം കണ്ടെന്ന മോഹന്‍ലാലിന്റെ പരാമര്‍ശനത്തെ കുറിച്ചും വേണു ദി ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
ശിക്കാര്‍ എന്ന സിനിമയുടെ ഷൂട്ടിനിടെ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ അവിടെ പോയിരുന്നതായി പറയുന്നുണ്ട്. മനുഷ്യന്റേയും കുരങ്ങിന്റേയും അസ്ഥിക്കൂടങ്ങള്‍ കണ്ടതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്. ഇതിനേക്കാള്‍ മുന്‍പ് അവിടെ പോയ ഗുണ ടീമിലെ ആരെങ്കിലും അത്തരം കാഴ്ചകള്‍ കണ്ടിരുന്നോ എന്ന ചോദ്യത്തിനായിരുന്നു വേണുവിന്റെ മറുപടി. മനുഷ്യരുടെ അസ്ഥിക്കൂടമൊന്നും അവിടെ കാണാന്‍ ഒരു സാധ്യതയുമില്ലെന്നും അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ചുമ്മാ പറയുന്നതാണെന്നുമായിരുന്നു വേണു പറഞ്ഞത്.
‘മനുഷ്യന്റെ അസ്ഥിക്കൂടമൊന്നും അവിടെ കാണാന്‍ സാധ്യതയില്ല. അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ ചുമ്മാ പറയുന്നതാണ്. പിന്നെ അങ്ങനെയുള്ള സ്ഥലങ്ങളിലൊന്നും ശിക്കാര്‍ ഷൂട്ട് ചെയ്തിട്ടുമില്ല. ശിക്കാറൊക്കെ അതിന്റെ ഏറ്റവും പുറത്തുള്ള ഏരിയയിലാണ് ചെയ്തത്. താഴോട്ടൊന്നും പോയിട്ടില്ല. പിന്നെ അത് അങ്ങനെയൊരു പ്രേതാലയമൊന്നുമല്ല. ഫിസിക്കല്‍ ഡേഞ്ചറാണ് പ്രശ്‌നം. കാല് തെന്നി വീണാല്‍ ആയിരം അടി താഴോട്ടായിരിക്കും വീഴുന്നത്. അങ്ങെയൊരു സ്ഥലമാണ്. വേറെ പ്രശ്‌നമൊന്നും അവിടെയില്ല.
പല തരത്തിലുള്ള ടെറെയ്ന്‍ ആണ് അവിടെ. എല്ലാം കുഴികള്‍ അല്ല. പോകാനുള്ള വഴികളൊക്കെയാണ് കൂടുതല്‍ നമുക്ക് ദുഷ്‌ക്കരമാകുക. ചെറിയ വീതിയുള്ള വഴിയാണ്. 1000 അടി ഉയരമുള്ള പാറയുടെ സൈഡിലൂടെ ചെറിയ വീതിയിലുള്ള നടപ്പാതയാണ്. അത് നടന്നിട്ട് വേണം പോകാന്‍.
കൈയില്‍ ഒന്നും ഇല്ലാതെ നടക്കാന്‍ തന്നെ പാടാണ്. അപ്പോള്‍ പിന്നെ ഷൂട്ടിന് വേണ്ടിയുള്ള സാധനങ്ങള്‍ കൊണ്ടുവരുന്നവരുടെ അവസ്ഥ പറയേണ്ടതില്ലല്ലോ. ഗുണ ഷൂട്ട് ചെയ്യുന്ന സമയത്ത് കോയമ്പത്തൂരുള്ള ഒരു എഞ്ചിനിയറിങ് ഗ്രൂപ്പിനെ വിളിച്ച് റോപ്പ് സിസ്റ്റം ഉണ്ടാക്കി. ലൈറ്റൊക്കെ അതിലൂടെ ഇറക്കാന്‍ നോക്കി.
കമല്‍ഹാസന്റെ ഒരു സാഹസിക ബുദ്ധിയുടെ ഫലം കൊണ്ടാണ് അതൊക്കെ നടന്നത്. ഞാന്‍ പുള്ളിയെ സപ്പോര്‍ട്ട് ചെയ്തു എന്ന് മാത്രമേയുള്ളൂ. വേറെ ആരും സപ്പോര്‍ട്ട് ചെയ്യാന്‍ ഇല്ലായിരുന്നു. പിന്നെ എനിക്കും അന്ന് അത്ര പ്രായമില്ല. ഒരു ചലഞ്ച് ഏറ്റെടുക്കുക എന്നത് പലര്‍ക്കും ത്രില്ലാണ്. കമല്‍ഹാസനൊക്കെ ആ വകുപ്പില്‍ പെടുന്ന ആളാണ്,’ വേണു പറഞ്ഞു.
Content highlight: Cameraman venu about Mohanlal Statement on Guna Cave and Dead bodies