തിരുവനന്തപുരം: ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങുന്നതില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഗുരുതര ക്രമക്കേട് നടത്തിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്. 33 ലക്ഷം രൂപ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ബെഹ്‌റ മിസ്തുബുഷി എന്ന കമ്പനിയ്ക്ക് നല്‍കിയെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓപ്പണ്‍ ടെണ്ടര്‍ വ്യവസ്ഥയും സ്റ്റോര്‍ പര്‍ച്ചേസ് മാനുവലിലെ വ്യവസ്ഥയും വാഹനങ്ങള്‍ വാങ്ങുന്നതിന് പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഓപ്പണ്‍ ടെണ്ടര്‍ വ്യവസ്ഥ പാലിക്കാതെയാണ് ബെഹ്‌റ വാഹനങ്ങള്‍ വാങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മിസ്തുബുഷി എന്ന കമ്പനിയ്ക്ക് ടെക്‌നിക്കല്‍ കമ്മിറ്റിയുടെ തീരുമാനം എന്ന് കാണിച്ചാണ് ബെഹ്‌റ വാഹനത്തിന് ഓര്‍ഡര്‍ നല്‍കിയത്.
55.02 ലക്ഷം വിലയുള്ള രണ്ട് വാഹനങ്ങള്‍ക്കായിരുന്നു ഓര്‍ഡര്‍. സപ്ലൈ ഓര്‍ഡര്‍ കൊടുത്ത അന്നു തന്നെ വാഹനം വാങ്ങുന്നതിന് നിയമ സാധുത ലഭിക്കുന്നതിന് വേണ്ടി ബെഹ്‌റ സര്‍ക്കാരിനു കത്തുമയച്ചു. ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിച്ച അതേ ദിവസം തന്നെയാണ് ഇക്കാര്യങ്ങളെല്ലാം നടക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
2016-2017 കാലത്താണ് വി.വി.ഐ.പി സുരക്ഷയ്ക്കായി രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ 1.26 കോടി രൂപ അനുവദിച്ചത്. ഇതിലാണ് വ്യവസ്ഥകള്‍ പാലിക്കാതെ ഡി.ജി.പി ക്രമക്കേട് കാണിച്ചുവെന്ന് സി.എ.ജി ആരോപിക്കുന്നത്. ജനറല്‍ സോഷ്യല്‍ വിഭാഗങ്ങളെ സംബന്ധിച്ച 2019ലെ സി.എ.ജി റിപ്പോര്‍ട്ടിലാണ് സംസ്ഥാന പൊലീസ് മേധാവിക്കെതിരെ പരാമര്‍ശമുള്ളത്.