മാതൃഭൂമിയില്‍ നിന്നും പുറത്താക്കപ്പെട്ട സി. നാരായണന് കെ.യു.ഡബ്ല്യു.ജെ തെരഞ്ഞെടുപ്പില്‍ വന്‍വിജയം
Daily News
മാതൃഭൂമിയില്‍ നിന്നും പുറത്താക്കപ്പെട്ട സി. നാരായണന് കെ.യു.ഡബ്ല്യു.ജെ തെരഞ്ഞെടുപ്പില്‍ വന്‍വിജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th August 2015, 7:55 am

narayananതിരുവനന്തപുരം: അകാരണമായി മാതൃഭൂമിയില്‍ നിന്നും പുറത്താക്കപ്പെട്ട സി. നാരായണന്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. വന്‍ ഭൂരിപക്ഷത്തോടെയാണ് സി. നാരായണന്റെ വിജയം. പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റായി മാധ്യമം ദിനപത്രത്തിലെ പി. അബ്ദുല്‍ ഗഫൂറും തെരഞ്ഞെടുക്കപ്പെട്ടു.

നിലവിലുള്ള സെക്രട്ടറി എന്‍ പത്മനാഭനെ 552 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് സി. നാരായണന്‍ സെക്രട്ടറിയായത്. 1977 വോട്ടുകളില്‍ 1267 എണ്ണവും നാരായണനു ലഭിച്ചു. പത്മനാഭന് 715 പേരുടെ പിന്തുണ നേടാനേ കഴിഞ്ഞുള്ളൂ. 32 വോട്ടുകള്‍ അസാധുവായി.

മാതൃഭൂമി മലപ്പുറം യൂണിറ്റിലെ ചീഫ് സബ് എഡിറ്ററായിരുന്നു സി. നാരായണന്‍. മാതൃഭൂമിയില്‍ മജീദിയ വേജ്‌ബോര്‍ഡ് പ്രകാരമുള്ള ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നാരായണനെതിരെ മാതൃഭൂമി പ്രതികാര നടപടികള്‍ ആരംഭിച്ചത്. 18 വര്‍ഷമായി ജോലി ചെയ്തുവന്ന നാരായണനെ അകാരണമായി പുറത്താക്കുകയായിരുന്നു മാതൃഭൂമി മാനേജ്‌മെന്റ്.

നാരായണന്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്തുന്നതില്‍ നിന്നും മാതൃഭൂമി ജീവനക്കാരെ വിലക്കി മാനേജ്‌മെന്റ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. സ്ഥാപനത്തില്‍ നിന്നു പുറത്തുപോയവരും സ്ഥാപനത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന സ്ഥാപിതതാല്‍പര്യക്കാര്‍ക്കുമാണ് കെ.യു.ഡബ്ല്യു.ജെ ചെവിക്കൊടുക്കുന്നതെന്നായിരുന്നു സര്‍ക്കുലര്‍ ആരോപിച്ചിരുന്നു. പത്രപ്രവര്‍ത്തക യൂണിയന്റെ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവരെയല്ല, മാതൃഭൂമിയെയാണ് പിന്തുണയ്‌ക്കേണ്ടതെന്നും ജീവനക്കാര്‍ക്ക് സര്‍ക്കുലര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

എന്നാല്‍ ഈ വിലക്ക് മറികടന്നും മാതൃഭൂമിയിലെ പത്തിലേറെ പേര്‍ വോട്ടുചെയ്തു.

സി. നാരായണനെ പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കെ.യു.ഡബ്ല്യു.ജെയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന എന്‍ പത്മനാഭന്റെ നേതൃത്വത്തില്‍ മാതൃഭൂമിയിലേക്കു മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ ദേശാഭിമാനി, മാധ്യമം എന്നീ പത്രങ്ങള്‍ ചേര്‍ന്നാണ് പാനല്‍ തയ്യാറാക്കി മത്സരിച്ചത്. മീഡിയാ വണ്‍, സിറാജ്, സുപ്രഭാതം, മംഗളം, മെട്രോ വാര്‍ത്ത, തേജസ് തുടങ്ങിയ മാധ്യമങ്ങളുടെ പിന്തുണയും ഈ പാനലിനായിരുന്നു.