ന്യൂദല്‍ഹി: കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസിന് ദല്‍ഹി പൊലീസിന്റെ ക്ലീന്‍ചിറ്റ്. ആവശ്യക്കാര്‍ക്ക് മരുന്നും ഓക്‌സിജനും വിതരണം ചെയ്യുകയായിരുന്നു ശ്രീനിവാസ് എന്ന് ഇടക്കാല റിപ്പോര്‍ട്ട് പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഇതുസംബന്ധിച്ച് നേരത്തെ ദല്‍ഹി പൊലീസ് ശ്രീനിവാസിനെ ചോദ്യം ചെയ്തിരുന്നു.
കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉറവിടം ഏതാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബി.വി ശ്രീനിവാസിനെ ചോദ്യം ചെയ്തത്. എന്നാല്‍ പൊലീസ് നടപടിയില്‍ പേടിച്ച് പിന്നോട്ട് പോകാന്‍ താന്‍ ഒരുക്കമല്ലെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സജീവമായി രംഗത്തുണ്ടാകുമെന്നുമാണ് ചോദ്യം ചെയ്യലിന് ശേഷം ശ്രീനിവാസ് പ്രതികരിച്ചത്.
രാഷ്ട്രീയം നോക്കാനുള്ള സമയമല്ല ഇതെന്നും ജനങ്ങളെ സഹായിക്കാന്‍ മാത്രമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ഡ്യൂള്‍ ന്യൂസിനോട്
പറഞ്ഞിരുന്നു.
‘ഞാനടക്കം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിരവധി പേര്‍ക്കെതിരെയായി ദല്‍ഹി ഹൈക്കോടതിയില്‍ ഒരു പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കാന്‍ വന്നത്. നിങ്ങള്‍ എങ്ങനെയാണ് ഈ സഹായ പ്രവര്‍ത്തനങ്ങളെല്ലാം ചെയ്യുന്നതെന്നായിരുന്നു പൊലീസ് ചോദിച്ചത്. സാമ്പത്തിക സ്രോതസിനെ കുറിച്ചൊന്നും കാര്യമായ ചോദ്യങ്ങളുണ്ടായിരുന്നില്ല.
അവര്‍ ചോദിച്ചതിനെല്ലാം മറുപടി നല്‍കി. എഴുതിയും നല്‍കി. അന്വേഷത്തിന് ശേഷം ഇതുവരെ തുടര്‍ അന്വേഷണമോ മറ്റു നടപടികളോ ഒന്നും വന്നിട്ടില്ല. ഇതേ കുറിച്ചൊന്നും ഞങ്ങള്‍ക്ക് ഒരു ആശങ്കയുമില്ല. ജനങ്ങളെ സഹായിക്കുക എന്നതിനെ കുറിച്ച് മാത്രമാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. അത് ചെയ്തിരിക്കും,’ എന്നാണ് ഡ്യൂള്‍ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ശീനിവാസ് പറഞ്ഞിരുന്നത്.