തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്റെ സഞ്ചാര പാതയിയില്‍പെടുന്ന അഞ്ച് ജില്ലകളില്‍ വെള്ളിയാഴ്ച പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍. പൊതു മേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകള്‍ക്കാണ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. ദുരന്ത നിവാരണം, അവശ്യ സര്‍വീസുകള്‍, തെരഞ്ഞെടുപ്പ് ചുമതലകള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.
തൂത്തുക്കുടി തീരത്തേക്ക് നീങ്ങുന്ന ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. ശക്തി കുറഞ്ഞത് തെക്കന്‍ കേരളത്തിന് ആശ്വാസം നല്‍കും. നാളെ ഉച്ചയോടെ കേരള തീരത്തെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.
ചുഴലിക്കാറ്റ് കടന്നു പോകുന്ന തെക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നു. മണിക്കൂറില്‍ പരമാവധി 60 കിലോമീറ്ററില്‍ താഴെയായരിക്കും കേരളത്തിലൂടെ കാറ്റ് കടന്നു പോകുമ്പോഴുള്ള വേഗത. കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
കൊല്ലം, തിരുവനന്തപുരം അതിര്‍ത്തിപ്രദേശങ്ങളിലൂടെയാകും കാറ്റ് കടന്ന് പോവുകയെന്നും ചുഴലിക്കാറ്റിനെ നേരിടാന്‍ കേരളം സജ്ജമാണെന്നും കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
ബുറെവി ചുഴലിക്കാറ്റ് വീശാനുള്ള സാഹചര്യത്തില്‍ ദുരന്ത നിവാരണ സേനയുടെ എട്ട് സംഘങ്ങളെ സജ്ജമാക്കി. 2891 ദുരിതാശ്വാസ ക്യാംപുകളും സജ്ജമാക്കിയിട്ടുണ്ട്.
കൊവിഡ് സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ സാമൂഹ്യ അകലം പാലിക്കുമെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സുരക്ഷിതരല്ലാത്ത സ്ഥലങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദേശ പ്രകാരം ഇന്ന് അര്‍ധ രാത്രിയോടെയോ നാളെ പുലര്‍ച്ചയോടെയോ തൂത്തുക്കുടി വഴി തീരം തൊടും.
ആശുപത്രികളില്‍ ആവശ്യമായ മരുന്നും സൗകര്യങ്ങളും ഒരുക്കും. ഏഴ് ജില്ലകളിലാണ് നിലവില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തിരുവനന്തപുരം, കോട്ടയം എന്നീ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം.
ഈ ജില്ലകളിലെ മുന്‍ കരുതല്‍ ചുമതല അതത് മന്ത്രിമാര്‍ക്ക് നല്‍കി. തിരുവനന്തപുരം- കടകംപള്ളി സുരേന്ദ്രന്‍ , ആലപ്പുഴ- ജി സുധാകരന്‍ , ഇടുക്കി-എം.എം മണി, കൊല്ലം-ജെ. മേഴ്സിക്കുട്ടിയമ്മ, എറണാകുളം-വി. എസ് സുനില്‍കുമാര്‍, പത്തനംതിട്ട-കെ രാജു, കോട്ടയം-പി. തിലോത്തമന്‍ എന്നിങ്ങനെയാണ് മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക