ആഴ്സണല്‍ വീണ്ടും തലപ്പത്ത്; സലയുടെ നേട്ടത്തിനൊപ്പമെത്തി ഗണ്ണേഴ്‌സ്‌ യുവതാരം
Football
ആഴ്സണല്‍ വീണ്ടും തലപ്പത്ത്; സലയുടെ നേട്ടത്തിനൊപ്പമെത്തി ഗണ്ണേഴ്‌സ്‌ യുവതാരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 3rd December 2023, 9:14 am

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വോള്‍വസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് തകര്‍പ്പന്‍ ജയം സ്വന്തമാക്കി ആഴ്സണല്‍.

മത്സരത്തില്‍ ഒരു ഗോളടക്കം മികച്ച പ്രകടനമാണ് ഇംഗ്ലണ്ട് യുവതാരം ബുക്കായോ സാക്ക നടത്തിയത്. ഈ മിന്നും പ്രകടനത്തിന് പിന്നാലെ ഒരുപിടി അവിസ്മരണീയ നേട്ടവും സാക്കയെ തേടിയെത്തിയിരുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ 10+ ഗോളുകളും അസിസ്റ്റുകളും നേടുന്ന മൂന്നാമത്തെ തരാമെന്ന നേട്ടമാണ് സാക്ക സ്വന്തം പേരില്‍ കുറിച്ചത്. ലിവര്‍പൂളിന്റെ സ്റ്റാര്‍ പ്ലയെര്‍ മുഹമ്മദ് സലയും ബ്രെന്റ്‌ഫോര്‍ട്ട് താരം ബ്രെയാന്‍ എംബുയുമോയുമാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയ താരങ്ങള്‍.

ആഴ്സനലിന്റെ തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറാം മിനിട്ടില്‍ സാക്കയിലൂടെയാണ് ആഴ്സണല്‍ ആദ്യം മുന്നിലെത്തിയത്. 13ാം മിനിട്ടില്‍ മാര്‍ട്ടിന്‍ ഒഡ്ഗാര്‍ഡിലൂടെ ഗണ്ണേഴ്സ് രണ്ടാം ഗോളും നേടി. ഒടുവില്‍ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ആഴ്സണല്‍ 2-0ത്തിന് മുന്നിട്ടു നിന്നു.

രണ്ടാം പകുതിയില്‍ മറുപടി ഗോളിനായി മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും മത്സരത്തിന്റെ 86ാം മിനിട്ടില്‍ മത്തിയൂസ് കുന്‍ഹയിലൂടെ വോള്‍വസ് ഗോള്‍ തിരിച്ചടിക്കുകയായിരുന്നു.

സമനിലക്കായി അവസാന നിമിഷം വരെ പോരാടി എങ്കിലും ആഴ്സണല്‍ പ്രതിരോധം മറികടക്കാന്‍ സന്ദര്‍ശകര്‍ക്ക് സാധിച്ചില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 2-0ത്തിന്റെ മിന്നും ജയം സ്വന്തം ആരാധകരുടെ മുന്നില്‍ പീരങ്കി പട സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ 14 മത്സരങ്ങളില്‍ നിന്നും പത്ത് വിജയവും മൂന്ന് സമനിലയും ഒരു തോല്‍വിയും അടക്കം 33 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ആഴ്സണല്‍.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഡിസംബര്‍ ആറിന് ലുട്ടോണ്‍ ടൗണിനെതിരെയാണ് ആഴ്‌സണലിന്റെ അടുത്ത മത്സരം.

Content Highlight: Bukayo Saka joined Muhammed Salah record in English premiere league.