നിലമ്പൂരും പാലക്കാടുമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ട് ബി.എസ്.എന്‍.എല്‍ താല്‍ക്കാലിക ജീവനക്കാരാണ് ആത്മഹത്യ ചെയ്തത്. ഇതോടെ ജോലി നഷ്ടപ്പെട്ടതിനാല്‍ ആത്മഹത്യ ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരുടെ എണ്ണം കേരളത്തില്‍ നാലാവുകയാണ്. മറ്റ് സംസ്ഥാനങ്ങളിലാകട്ടെ അനേകം ആത്മഹത്യകള്‍ ഇതിനോടകം സംഭവിക്കുകയും ചെയ്തു.
പതിനായിരക്കണക്കിന് തൊഴിലാളികളെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ഈ നടപടിയ്‌ക്കെതിരെ രാജ്യത്താകമാനം തൊഴിലാളി സമരങ്ങള്‍ വ്യാപകമാവുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലയില്‍ ബി.എസ്.എന്‍.എല്‍ സമരത്തിന് നേതൃത്വം നല്‍കുന്ന പ്രദീപ് കുമാര്‍ ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.
വളരെ നാമമാത്രമായ വേതനം കൊണ്ട് ജീവിതം നയിച്ചുകൊണ്ടുപോകുന്നവരാണ് ഞങ്ങള്‍. വീട്ടില്‍ പ്രായമായ അച്ഛനും അമ്മയും മക്കളും ഒക്കെയുള്ള കുടുംബമാണ്. ഇന്നത്തെ സാഹചര്യത്തില്‍ 5000 രൂപയ്ക്കും മൂവായിരം രൂപയ്ക്കും തൊഴിലെടുക്കുക എന്ന് പറഞ്ഞാല്‍ ജീവിക്കാന്‍ സാധിക്കില്ല. ആ ഒരു സാഹചര്യത്തില്‍ കഴിഞ്ഞ ഒരു എട്ട് മാസമായിട്ട് ഇവിടത്തെ കരാര്‍ തൊഴിലാളികള്‍ക്ക് അധ്വാനിച്ചതിന്റെ പ്രതിഫലം കൊടുക്കുന്നില്ല. വലിയ സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞിട്ട് ക്രൂരമായിട്ട് തൊഴിലാളികളെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ പീഡനം ഏറ്റുവാങ്ങുന്ന തൊഴിലാളികള്‍ ആത്മഹത്യ ചെയ്യുകയാണ്.
പക്ഷെ കേരളത്തില്‍ ആ സാഹചര്യമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരളം ആ അവസ്ഥയിലെത്തിയിരിക്കുകയാണ്. രാജ്യം ഭരിക്കുന്ന സര്‍ക്കാരിന്റെ നയങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നമാണിത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട ഒരു സര്‍ക്കാര്‍, കഴിഞ്ഞ അഞ്ച് വര്‍ഷം ഭരിച്ചു, ഇപ്പോള്‍ തുടര്‍ഭരണവും കിട്ടിയിട്ട് പോലും പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്ലിന്റെ അഭിവൃദ്ധിക്ക് വേണ്ടിയോ അവിടത്തെ തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടിയോ ജീവിതം പരിപോഷിപ്പിക്കാനുള്ള ഒരു നിലപാടല്ല സ്വീകരിക്കുന്നത്.
ഈ രാജ്യത്തിന്റെ വാര്‍ത്താവിനിമയമേഖലയാകെ സ്വകാര്യമേഖലയ്ക്ക് തീറെഴുതികൊടുക്കുകയാണ്. റിലയന്‍സിന്റെ ജിയോയെ പുഷ്ടിപ്പെടുത്താന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഏറ്റവും വലിയ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇവിടത്തെ തൊഴിലാളികളും കരാര്‍ ജീവനക്കാരുമാണ്. ജീവനക്കാരെ തന്നെ വി.ആര്‍.എസ് കൊടുത്ത് പിരിച്ചുവിട്ട് തൊഴില്‍രഹിതരാക്കുകയാണ്.
അതുപോലെ തന്നെ കരാര്‍ തൊഴിലാളിക്കാരുടെ ജീവിതം എന്നന്നേക്കുമായി ഇല്ലാതാക്കുന്ന തരത്തില്‍ കരാര്‍ തൊഴിലാളി സംവിധാനം തന്നെ ഇല്ലാതാക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകുകയാണ്. ആത്മഹത്യ ചെയ്ത തൊഴിലാളികളെപ്പോലെയോ അതിലേക്കാളേറേയോ ബുദ്ധിമുട്ടില്‍ ജീവിക്കുന്നവരാണ് ഈ തൊഴിലാളികളെല്ലാം. ഞാന്‍ ഈ സംഘടനയുടെ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറിയാണ്. എന്റെ കാര്യം വ്യക്തിപരമായി പരിശോധിച്ചാല്‍ എന്റെ ഭാര്യ ഒരു വര്‍ഷമായി ക്യാന്‍സറിന് അടിമപ്പെട്ട് ചികിത്സയിലാണ്.
ഒരു കുടിവെള്ളം കുടിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. എന്നിട്ടുപോലും കഴിഞ്ഞ എട്ട് മാസമായിട്ട് എന്നെപ്പോലുള്ള തൊഴിലാളികള്‍ക്ക് ശമ്പളം കിട്ടാതെ ഞാന്‍ ഈ സ്ഥാപനത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളി എന്ന നിലയ്ക്ക് എനിക്കേത് മേഖലയ്ക്കകത്തേക്ക് പോകാന്‍ കഴിയും.
എന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം ഞാന്‍ ഈ സ്ഥാപനത്തിന് വേണ്ടി ചിലവഴിച്ചു കഴിഞ്ഞു. ഇപ്പോള്‍ 47 വയസായി. ഇനി എത്രത്തോളം ജീവിതം ഉണ്ടെന്നൊന്നും പറയാന്‍ കഴിയില്ല. പക്ഷെ ഈ കാലത്തിനിടയ്ക്ക് ഒരു സന്തോഷപൂര്‍വ്വമായി ജീവിതം നയിച്ച സന്ദര്‍ഭമുണ്ടായിട്ടില്ല. ഞാനൊരു ലക്ഷംവീട് കോളനിയില്‍ താമസിക്കുന്നയാളാണ്. അങ്ങനെ എത്രയെത്ര ആളുകളാണെന്നറിയോ ഈ മേഖലയ്ക്കകത്തുള്ളത്.
ഒന്നും ആകാതെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട് പോയ തൊഴിലാളികളുടെ മുഖത്ത് നോക്കി ബി.എസ്.എന്‍.എല്ലിന്റെ ഉത്തരവാദിത്വപ്പെട്ട മാനേജ്‌മെന്റും ഇന്ത്യാ സര്‍ക്കാരും പെരുമാറുമ്പോള്‍ ആരാണ് ഈ രാജ്യത്തെ തൊഴിലാളികളെ സംരക്ഷിക്കാനുള്ളത്. ഇതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. 130 കോടി ജനങ്ങളെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ രാജ്യത്തെ ശതകോടീശ്വരന്‍മാരെക്കുറിച്ച് മാത്രം ആലോചിക്കുന്നത് നീതിയാണോ.
രാജ്യം വളരുകയാണ്, ഡിജിറ്റല്‍ ഇന്ത്യയാണ്, മേയ്ക്ക് ഇന്‍ ഇന്ത്യയാണ് എന്നൊക്കെ പറയുന്നതിന് പകരം സാധാരണക്കാരന്റെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരേണ്ടത് എന്നല്ലേ ചിന്തിക്കേണ്ടത്. ഈ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. കേന്ദ്രസര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന ബി.ജെ.പിയുടെ രാഷ്ട്രീയവിശ്വാസികളായ ഒട്ടനവധി പേര്‍ ഇന്ന് സമരത്തിലാണെന്ന കാര്യം ആരെങ്കിലും അറിഞ്ഞിട്ടുണ്ടോ. അവന്റെ വീട്ടിലെ അടുപ്പ് പുകഞ്ഞിട്ട് എത്ര ദിവസമായി. സങ്കുചിതമായ രാഷ്ട്രീയം വെച്ചിട്ടല്ല ഞങ്ങള്‍ ഇതൊന്നും സംസാരിക്കുന്നത്. ഈ മേഖലയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും മാന്യമായി ജീവിക്കാന്‍ കഴിയണം. അതൊന്നുമില്ലാതെ ഏത് രാമരാജ്യമാണ് ഈ സര്‍ക്കാര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.
രാമരാജ്യത്തിന്റെ സ്ഥിതി ഇതാണോ. എല്ലാവരേയും സമന്‍മാരായി കാണേണ്ട ഒരു സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യം മാത്രം സംരക്ഷിച്ചിട്ട് എത്ര നാള്‍ മുന്നോട്ടുപോകും. ഈ രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ ശക്തി വലിയ രീതിയില്‍ ഈ സര്‍ക്കാരിനെതിരായി തിരിയുന്നുണ്ട്. അതാണ് ഞങ്ങള്‍ മനസിലാക്കുന്നത്. അത് ഈ ബി.എസ്.എന്‍.എല്‍ മേഖലയില്‍ നിന്ന് തന്നെ തുടങ്ങട്ടെ എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. കാരണം ഈ രാജ്യത്തിന്റെ എല്ലാ പൊതുമേഖലാ സ്ഥാപനവും റെയില്‍വേയായാലും എല്‍.ഐ.സിയായാലും മറ്റേത് മേഖലയായാലും ഓഹരി വിറ്റ് ഒന്നരലക്ഷം കോടി രൂപ ഇന്ത്യയുടെ പൊതുഖജനാവിലേക്ക് കൊണ്ടുവരണമെന്ന് പറയുന്ന ഒരു സര്‍ക്കാര്‍ ഒരുഭാഗത്ത്.
ഇന്ത്യയുടെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് പണമെടുത്ത് കോര്‍പ്പറേറ്റുകള്‍ക്ക് ദാനം ചെയ്യുന്ന ഒരു സര്‍ക്കാരാണ്. ഈ സര്‍ക്കാരിന് ആരോടാണ് ഉത്തരവാദിത്വം. ഈ മേഖല ഇത്തരത്തില്‍ നിലനില്‍ക്കുന്നു ബി.എസ്.എന്‍.എല്‍ സ്ഥിരം ജീവനക്കാരും താല്‍ക്കാലിക ജീവനക്കാരും ഒത്തൊരുമയോടെ പണിയെടുത്തിട്ടാണെന്ന തിരിച്ചറിവ് ഇതിന്റെ മാനേജ്‌മെന്റിന് വേണ്ടതല്ലേ. അത്തരമൊരു റിപ്പോര്‍ട്ട് കൊടുക്കാന്‍ ഇവര്‍ ബാധ്യസ്ഥരല്ലേ.
അത്തരമൊരു റിപ്പോര്‍ട്ട് കൊടുത്താല്‍ അവരുടെ ജോലി ചോദ്യചിഹ്നത്തിലാകുമോ എന്ന ഭയം അവര്‍ക്കുണ്ടോ എന്ന് പോലും ഞങ്ങള്‍ സംശയിക്കുകയാണ്. അതിന്റെയൊക്കെ പ്രതിഫലനമായിരിക്കാം. കാരണം ഇത്രയും ക്രൂരമായ വിനോദത്തിന് വിട്ടുകൊടുക്കുന്ന രൂപത്തില്‍ ഈ മേഖലയിലെ കരാര്‍ തൊഴിലാളികള്‍ ആത്മഹത്യയാണെങ്കില്‍ ആത്മഹത്യ ചെയ്ത് പോകട്ടെ അതല്ലെങ്കില്‍ അവര്‍ എന്നന്നേക്കുമായി ഇറങ്ങിപ്പോകട്ടെ എന്ന് ധരിച്ചുവെക്കുന്ന നിലപാടിന്റ ഭാഗമായിട്ടുള്ള ഉദ്യോഗസ്ഥര്‍ വരെ ഈ മേഖലയ്ക്കകത്തുണ്ട്. എല്ലാവരേയും കുറിച്ചല്ല ഞാന്‍ പറയുന്നത്.
കഴിഞ്ഞ 125-130 ദിവസക്കാലത്ത് ഈ മേഖലയിലെ കരാര്‍ തൊഴിലാളികളുടെ സമരത്തിന്റെ ഉഭാഗമായി ബി.എസ്.എന്‍.എല്ലിന്റെ ആഭ്യന്തര നിലനില്‍പ്പ് വലിയ ചോദ്യചിഹ്നമായിട്ട് മാറിക്കൊണ്ടിരിക്കുകയാണ്. കാരണം വലിയ പ്രതിസന്ധിയാണ് ബി.എസ്.എന്‍.എല്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇവിടത്തെ പ്രാദേശിക ഭരണസമിതിയുടെ ഉദ്യോഗസ്ഥര്‍ എന്തുചെയ്യണമെന്നറിയാതെ മുകളിലേക്ക് നോക്കിനില്‍ക്കുകയാണ്. കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയിരിക്കുകയാണ് ബി.എസ്.എന്‍.എല്ലിന്റെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം.
കഴിഞ്ഞ മാസം അഞ്ചാം തിയതി ഈ സമരവുമായി ബന്ധപ്പെട്ടൊരു ചര്‍ച്ച പ്രഹസനമായി അവര്‍ നടത്തി. അവര്‍ ഒരു പ്ലാന്‍ ഉണ്ടാക്കിവെച്ചിട്ടുണ്ട്. ഇവിടെ ബി.എസ്എന്‍.എല്ലിന്റെ കരാര്‍ തൊഴിലാളികള്‍ വേണ്ട എന്ന തരത്തില്‍. ഇവിടത്തെ കരാര്‍ തൊഴിലാളി ഇവരുടെ എച്ചില്‍ തിന്നുന്ന ഒരു വിഭാഗമാണെന്നാണോ ഇവര്‍ കരുതിയിരിക്കുന്നത്.
ഞങ്ങള്‍ എട്ട് മാസമായിട്ട് സമരം കിടന്നപ്പോള്‍ പട്ടിണി ഇല്ലാതിരുന്നത് ഈ പൊതുസമൂഹത്തിന്റെ പിന്തുണ കൊണ്ടാണ്. സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ ഒരു സമരസഹായസമിതി രൂപീകരിച്ച് രാജ്യത്തെമ്പാടും തൊഴിലാളികള്‍ സമരം ചെയ്യുകയാണ്. കോഴിക്കോട് ജില്ലയില്‍ മാത്രം 15 സമരസഹായസമിതി ഉണ്ട്. ജനാധിപത്യത്തിന്റെ അങ്ങേയറ്റത്തെ നിലവാരം പുലര്‍ത്തിയാണ് ഞങ്ങള്‍ ഈ സമരം നടത്തുന്നത്. ഞങ്ങളുടെ സമരം കൊണ്ട് ഇതുവരെ ഒരു എക്‌സ്‌ചേഞ്ചിനും സ്തംഭനാവസ്ഥ ഉണ്ടായിട്ടില്ല.