ന്യൂദല്‍ഹി: മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ ഇന്ന് ഏറ്റവുമധികം നേരിടുന്ന പ്രശ്‌നമാണ് ഫോണ്‍ പരിധിക്ക് പുറത്താകുന്നത്. ഇപ്പോഴും റേഞ്ചില്ലാത്ത പല സ്ഥലങ്ങളും ഒട്ടുമിക്ക സംസ്ഥാനങ്ങളിലുമുണ്ട്. ഇതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ബി.എസ്.എന്‍.എല്‍.
Also read വിവാഹ നിശ്ചയം സഹീറിന്റെയും സാഗരികയുടേതും; താരമായത് കോഹ്‌ലിയും അനുഷ്‌കയും ചിത്രങ്ങള്‍ കാണാം
സാറ്റലൈറ്റ് ഫോണുകളുടെ സേവനത്തിലൂടെയാണ് ബി.എസ്.എന്‍.എല്‍ റേഞ്ച് പ്രശ്‌നം പരിഹരിക്കാനൊരുങ്ങുന്നത്. സാറ്റലൈറ്റ് ഫോണുകളുടെ സേവനം ബി.എസ്.എന്‍.എല്‍ ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കാകും ഈ ഫോണിന്റെ സേവനം ലഭ്യമാവുക. പിന്നീട് പൊതുജനങ്ങള്‍ക്കും സേവനം ലഭ്യമാവുമെന്നാണ് ബി.എസ്.എന്‍.എല്‍ അറിയിക്കുന്നത്.
സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ കമ്പനിയായ ഇന്‍മാര്‍സാറ്റിന്റെ സഹായത്തോടെയാണ് ബി.എസ്.എന്‍.എല്‍ പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. നിലവില്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ മാത്രമാകും സാറ്റലൈറ്റ് സേവനം ലഭിക്കുക. ഇതിനായി ഇന്‍മാര്‍സാറ്റിന്റെ പതിനാല് സാറ്റലൈറ്റുകളാണ് കമ്പനി ഉപയോഗിക്കുന്നത്.
സാറ്റലൈറ്റ് ഫോണുകളില്‍ വോയിസ് കോളുകള്‍ക്ക് പുറമേ എസ്.എം.എസ് സൗകര്യവും ലഭ്യമാകുമെന്ന് ബി.എസ്.എന്‍.എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ വ്യക്തമാക്കി. സര്‍ക്കാര്‍ സര്‍വ്വീസുകളായ സംസ്ഥാന പൊലീസ് സേനകള്‍, ബി.എസ്.എഫ്, റെയില്‍വേ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാണ് സാറ്റലൈറ്റ് ഫോണ്‍ ലഭിക്കുക.
വിമാന കപ്പല്‍ യാത്രകള്‍ക്കും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴും സാറ്റലൈറ്റ് ഫോണുകളുടെ സേവനം എമര്‍ജന്‍സി സേവനങ്ങള്‍ക്ക് ഉപകാരപ്രദമാകുമെന്നാണ് ബി.എസ്.എന്‍.എല്‍ കണക്ക് കൂട്ടുന്നത്.