ഹൈദരാബാദ്: തെലങ്കാനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യാപക പ്രതിഷേധം. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ മോദി വിരുദ്ധ പോസ്റ്ററുകള്‍ സ്ഥാപിച്ചാണ് ബി.ആര്‍.എസ് പ്രവര്‍ത്തകര്‍ മോദിയെ വരവേറ്റത്.
അതിനിടെ എയര്‍പോര്‍ട്ടിലെത്തിയ മോദിയെ സ്വീകരിക്കാന്‍ തെലങ്കാന മുഖ്യമന്ത്രി കെ.സി.ആര്‍ എത്താത്തതും ശ്രദ്ധേയമായി. കൂടാതെ സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലില്‍ വെച്ച നടപടിയും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
മോദീ, പരിവാര്‍ നിങ്ങളെ സ്വീകരിക്കുന്നു- എന്ന തരത്തില്‍ അഴിമതി ആരോപിക്കപ്പെട്ട ബി.ജെ.പി നേതാക്കളുടെയും കുടുംബാഗങ്ങളുടെയും ഫോട്ടോ വെച്ചാണ് ബി.ആര്‍.എസ് പ്രവര്‍ത്തകര്‍ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഹൈദരാബാദിലും സെക്കന്തരാബാദിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മോദിയുടെ സന്ദര്‍ശനത്തിനിടെ പ്രതിഷേധമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മോദി വിരുദ്ധ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതും തമിഴ്‌നാട്ടിലടക്കം നടക്കുന്ന ഗോ ബാക്ക് മോദി ക്യാമ്പയിനിനെയും മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന.
ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയ നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്ര ശേഖര റാവു എത്തിയിരുന്നില്ല. പകരം ഗവര്‍ണര്‍ ഡോ. തമിഴിസൈ സൗന്ദരരാജനാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. മോദി പങ്കെടുത്ത സെക്കന്തരാബാദ്- തിരുപ്പതി വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങിലും കെ.സി.ആര്‍ പങ്കെടുത്തിരുന്നില്ല.
തെലങ്കാനക്ക് പുറമെ തമിഴ്‌നാട്ടിലും മോദിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ചെന്നൈ എയര്‍പോര്‍ട്ടിലെ പുതിയ ടെര്‍മിനലിന്റെ ഉദ്ഘാടനമടക്കം വിവിധ പരിപാടികള്‍ക്കായാണ് മോദി തമിഴ്‌നാട്ടിലെത്തുന്നത്. അതിനിടെ തെലങ്കാനയിലും തമിഴ്‌നാട്ടിലും ഗോ ബാക്ക് ഫാസിസ്റ്റ് മോദി ക്യാമ്പയിന്‍ തരംഗമായിരിക്കുകയാണ്.
Content Highlight: brs protest against modi in telangana