'ചാനല്‍ ചര്‍ച്ചകളില്‍ കൂടുതല്‍ സമയം നല്‍കണമെന്ന സി.പി.ഐ.എമ്മിന്റെ ആവശ്യം ന്യായം': ബി.ആര്‍.പി ഭാസ്‌ക്കര്‍
Kerala
'ചാനല്‍ ചര്‍ച്ചകളില്‍ കൂടുതല്‍ സമയം നല്‍കണമെന്ന സി.പി.ഐ.എമ്മിന്റെ ആവശ്യം ന്യായം': ബി.ആര്‍.പി ഭാസ്‌ക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th July 2020, 3:30 pm

കൊച്ചി: ഏഷ്യാനെറ്റിന്റെ ചാനല്‍ ചര്‍ച്ചകളില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള സി.പി.ഐ.എം തീരുമാനത്തില്‍ നിലപാട് വ്യക്തമാക്കി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌ക്കര്‍.

ചാനല്‍ ചര്‍ച്ചകളില്‍ കൂടുതല്‍ സമയം നല്‍കണമെന്ന സി.പി.ഐ.എമ്മിന്റെ ആവശ്യം ന്യായമാണെന്നാണ് മാധ്യമം പത്രത്തിലെഴുതിയ ‘ചാനല്‍ ചര്‍ച്ചകള്‍ കൊണ്ടെന്ത് പ്രയോജനം’ എന്ന ലേഖനത്തില്‍ ബി.ആര്‍.പി ഭാസക്കര്‍ പറയുന്നത്.

‘ ഭരണകക്ഷി ഗുരുതരമായ പക്ഷപാതിത്വം ആരോപിച്ച സ്ഥിതിക്ക്, അത് എത്രമാത്രം ശരിയാണെന്ന് പരിശോധിക്കേണ്ടതുണ്ട്. പാര്‍ട്ടി പ്രതിനിധികള്‍ക്ക് വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ വേണ്ടത്ര സമയം നല്‍കുന്നില്ലെന്നും അവര്‍ സംസാരിക്കുമ്പോള്‍ ആങ്കര്‍ ഇടപെട്ട് തടയുന്നെന്നുമാണ് പാര്‍ട്ടിയുടെ ആക്ഷേപം. സ്‌കൂള്‍ ഡിബേറ്റുകളിലെപ്പോലെ എല്ലാവര്‍ക്കും തുല്യസമയം നല്‍കാനാകില്ലെന്നാണ് ഇതിന് മറുപടിയായി ചാനലിന്റെ വാര്‍ത്താ വിഭാഗം മേധാവി എം.ജി രാധാകൃഷ്ണന്‍ പറയുന്നത്.

യഥാര്‍ത്ഥത്തില്‍ സി.പി.ഐ.എം ആവശ്യപ്പെടുന്നത് തുല്യസമയമല്ല, കൂടുതല്‍ സമയമാണ്. പാനലിലുള്ള മറ്റുള്ളവരെല്ലാം പാര്‍ട്ടിയെ ആക്രമിക്കുന്നവരാകുമ്പോള്‍ ഓരോരുത്തര്‍ക്കും മറുപടി പറയേണ്ടതുണ്ടെന്നും അതുകൊണ്ട് കൂടുതല്‍ സമയം നല്‍കണമെന്നുമാണ് സി.പി.ഐ.എം പറയുന്നത്. അതു ന്യായമായ ആവശ്യമാണ്. ആങ്കര്‍ ചെയ്തത് ശരിയാണോ എന്ന് തീരുമാനിക്കേണ്ടത് സമയം അളന്നുതിട്ടപ്പെടുത്തിയല്ല. ഒരു ചര്‍ച്ചയില്‍ ആങ്കര്‍ എടുത്ത സമീപനം നീതിപൂര്‍വകമായിരുന്നോ എന്ന് തീരുമാനിക്കേണ്ടത് പ്രഫഷണല്‍ വിലയിരുത്തലിലൂടെയാണ്’, ബി.ആര്‍.പി ഭാസ്‌ക്കര്‍ പറഞ്ഞു.

രാത്രിചര്‍ച്ചകളില്‍നിന്ന് പുതിയ അറിവോ വീക്ഷണമോ ലഭിക്കാനില്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് അവ കാണുന്നത് താന്‍ മതിയാക്കിയതാണെന്നും അതുകൊണ്ട് തന്നെ സി.പി.ഐ.എമ്മിനെ പ്രകോപിപ്പിച്ച ചര്‍ച്ചയിലെ ആങ്കറുടെ പെരുമാറ്റത്തെ കുറിച്ച് തനിക്ക് ഒന്നും പറയാനാകില്ലെന്നും ബി.ആര്‍.പി ഭാസ്‌ക്കര്‍ പറയുന്നു.

ഈ വിഷയം തങ്ങള്‍ പരിശോധിച്ചെന്നും ചര്‍ച്ച കൈകാര്യം ചെയ്തതില്‍ അപാകതയില്ലെന്നുമുള്ള രാധാകൃഷ്ണന്റെ പ്രസ്താവം താന്‍ സ്വീകരിക്കുകയാണെന്നും രാധാകൃഷ്ണനും ആങ്കര്‍ വി.വി ജോണും പ്രഫഷണലുകളെന്ന നിലയില്‍ താന്‍ ബഹുമാനിക്കുന്നവരാണ് എന്നതാണ് അതിന് കാരണമെന്നും ബി.ആര്‍.പി ഭാസ്‌ക്കര്‍ ലേഖനത്തില്‍ കുറിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക