താജ്മഹല്‍ അവകാശത്തര്‍ക്കം; ഷാജഹാന്റെ ഒപ്പ് ഹാജരാക്കണമെന്ന് വഖഫ് ബോര്‍ഡിനോട് സുപ്രീംകോടതി
National
താജ്മഹല്‍ അവകാശത്തര്‍ക്കം; ഷാജഹാന്റെ ഒപ്പ് ഹാജരാക്കണമെന്ന് വഖഫ് ബോര്‍ഡിനോട് സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th April 2018, 2:35 pm

ന്യൂദല്‍ഹി: താജ്മഹല്‍ അവകാശതര്‍ക്കത്തിനിടെ ഷാജഹാന്റെ ഒപ്പ് ഹാജരാക്കണമെന്ന് ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡിനോട് സുപ്രീംകോടതി. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ താജ്മഹലിന്റെ അവകാശം തങ്ങള്‍ക്കു നല്‍കിയിട്ടുണ്ടെന്ന വഖഫ് ബോര്‍ഡിന്റെ വാദത്തിലാണ് സുപ്രീംകോടതി ഇത് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.

ഷാജഹാന്‍ ചക്രവര്‍ത്തിയുടെ ഒപ്പ് സഹിതമുള്ള രേഖകള്‍ ഒരാഴ്ചക്കകം ഹാജരാക്കാനാണ് ബോര്‍ഡിനോട് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. 2010-ലാണ് താജ്മഹല്‍ വഖഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്യാനുള്ള ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.


Also Read:  ഡോക്ടറായ എനിക്ക് ഈ അവസ്ഥ ഉണ്ടായെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും; തിരുവനന്തപുരം ആര്‍.സി.സിക്കെതിരെ ഗുരുതര ആരോപണവുമായി ഡോക്ടര്‍ രംഗത്ത്


“താജ്മഹല്‍ വഖഫ് ബോര്‍ഡിന്റേതാണെന്ന് പറഞ്ഞാല്‍ ഇന്ത്യയില്‍ ആരാണ് വിശ്വസിക്കുക? ഇത്തരം പ്രശ്നങ്ങളുയര്‍ത്തി കോടതിയുടെ സമയം കളയരുത്.”

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. വഖഫ് ബോര്‍ഡിനായി മുതിര്‍ന്ന അഭിഭാഷകന്‍ വി.വി.ഗിരിയാണ് ഹാജരായത്. ഷാജഹാന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ താജ്മഹല്‍ വഖഫ് ബോര്‍ഡിന്റെ കീഴിലാണെന്ന് ഗിരി വാദിച്ചു.

എന്നാല്‍ ഷാജഹാന്റെ കാലത്ത് വഖഫ് ബോര്‍ഡ് രൂപീകരിച്ചിട്ടില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് വേണ്ടി ഹാജരായ എ.ഡി.എന്‍ റാവു പറഞ്ഞു. 1858 ല്‍ മുഗള്‍ സാമ്രാജ്യത്തിലെ അവസാന ഭരണാധികാരിയായ ബഹദൂര്‍ ഷാ സഫര്‍ ബ്രിട്ടീഷ് രാജ്ഞിയ്ക്ക് താജ്മഹല്‍ കൈമാറിയിരുന്നുവെന്നും 1948 ലെ ആക്ട് പ്രകാരം ഇന്ത്യാ ഗവണ്‍മെന്റ് താജ്മഹല്‍ ഏറ്റെടുക്കുകയായിരുന്നുവെന്നും റാവു വാദിച്ചു.


Also Read:  ‘മ്..നോ’; സ്വന്തം സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പറ്റില്ലെന്ന് സക്കര്‍ബര്‍ഗ്; അത് തന്നെയാണ് ഇവിടെ വിളിച്ചു വരുത്താന്‍ കാരണമെന്ന് സെനറ്റ്


ആഗ്ര കോട്ടയില്‍ തന്റെ മകനാല്‍ തടവറയിലാക്കപ്പെട്ട ഷാജഹാന്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് താജ്മഹലിന്റെ അവകാശം തരുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു.

2005 ലാണ് വഖഫ് ബോര്‍ഡ് താജ്മഹലിനെ തങ്ങളുടെ സ്വത്തായി രേഖപ്പെടുത്തുന്നത്.

WATCH THIS VIDEO: