Advertisement
Football
ബ്രസീൽ ഫൈനലിൽ; മെക്സിക്കോയെ അടിച്ചുവീഴ്ത്തി കാനറിപ്പട കിരീടപോരാട്ടത്തിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Mar 07, 02:40 am
Thursday, 7th March 2024, 8:10 am

കോണ്‍കാഫ് വുമണ്‍സ് ഗോള്‍ഡ് കപ്പിൽ ബ്രസീല്‍ ഫൈനലില്‍. മെക്‌സിക്കോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കാനറിപ്പട ഫൈനലില്‍ പ്രവേശിച്ചത്.

സ്നാപ്ഡ്രാഗോണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനിലാണ് മെക്‌സിക്കോ അണിനിരന്നത്. മറുഭാഗത്ത് 3-4-3 എന്ന ശൈലിയും ആയിരുന്നു ബ്രസീല്‍ പിന്തുടര്‍ന്നത്.

മത്സരത്തിന്റെ 21ാം മിനിട്ടില്‍ അഡ്രിയാനയിലൂടെയാണ് ബ്രസീല്‍ ഗോളടി മേളം തുടങ്ങിയത്. എന്നാല്‍ 29ാം മിനിട്ടില്‍ മെക്‌സിക്കോ താരം ഹെര്‍ണാണ്ടസ് ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായി. ബാക്കിയുള്ള നിമിഷങ്ങളില്‍ പത്ത് പേരുമായാണ് മെക്‌സിക്കോ പന്ത് തട്ടിയത്.

32ാം മിനിട്ടില്‍ അന്റോണിയയിലൂടെ ബ്രസീല്‍ രണ്ടാം ഗോള്‍ നേടി. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ കാനറിപ്പട എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുന്നിട്ടുനിന്നു.

രണ്ടാം പകുതി തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ യാസ്മിനിലൂടെ ബ്രസീല്‍ മൂന്നാം ഗോള്‍ നേടി. 48ാം മിനിട്ടില്‍ ആയിരുന്നു ബ്രസീലിന്റെ മൂന്നാം ഗോള്‍ പിറന്നത്.

ഗോള്‍ തിരിച്ചടിക്കാന്‍ മെക്‌സിക്കോ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ബ്രസീലിയന്‍ പ്രതിരോധം മറികടക്കാന്‍ സാധിച്ചില്ല.

മത്സരത്തില്‍ 68 ശതമാനവും ബോള്‍ പൊസഷന്‍ ബ്രസീലിന്റെ കൈവശമായിരുന്നു. മത്സരത്തില്‍ 23 ഷോട്ടുകളാണ് മഞ്ഞപ്പട എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ചു കയറ്റിയത്.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ബ്രസീല്‍ ഏതിരില്ലാത്ത മൂന്ന് ഗോളുകളുടെ ആവേശകരമായ വിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: Brazil beat Mexico in Concacaf w gold cup