അവന്‍ പിന്നില്‍ നിന്ന് കുത്തിയെന്ന് വിചാരിക്കേണ്ട, 2024 ഐ.പി.എല്ലിലും ഗുജറാത്ത് ഫൈനലിലും എത്തും: ബ്രാഡ് ഹോഗ്
2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുന്നോടിയായി താര കൈമാറ്റത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍ റൗണ്ടറുമായ ഹര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് 15 കോടിക്ക് സ്വന്തമാക്കിയിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ സ്റ്റാര്‍ ഓള്‍ റൗണ്ടറായ കാമറൂണ്‍ ഗ്രീനിനെ 17.5 കോടിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് കൈമാറിയാണ് ഹര്‍ദിക്കിനെ സ്വന്തമാക്കിയത്.
മുംബൈ ഇന്ത്യന്‍സിലൂടെയാണ് ഹര്‍ദിക് ഐ.പി.എല്ലില്‍ എത്തുന്നത്. എന്നാല്‍ തന്റെ ഇഷ്ട ടീമിലേക്ക് തിരിച്ചുപോകാന്‍ താരം ഏറെ ആഗ്രഹിച്ചിരുന്നു. ഹര്‍ദിക് മുംബൈയില്‍ എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഇടം കയ്യന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ഗുജറാത്തിന് ഇനിയും ഫൈനലില്‍ എത്താനുള്ള കളിക്കാരുണ്ടെന്നാണ് ഹോഗ് പറയുന്നത്.
‘2024ല്‍ നടക്കാനിരിക്കുന്ന ഐ.പി.എല്ലില്‍ ഹര്‍ദിക് പാണ്ഡ്യ മുംബൈയിലേക്ക് പോയതില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ആരാധകര്‍ ഏറെ സങ്കടത്തില്‍ ആയിരിക്കുമെന്ന് തോന്നുന്നു. എന്നാല്‍ അവന്‍ പിന്നില്‍ നിന്ന് കുത്തിയെന്ന് ചിന്തിക്കേണ്ട. അവന്‍ ഗുജറാത്തിലെ രണ്ടുതവണ ഫൈനലില്‍ എത്തിച്ചവനാണ്. 2022 സീസണില്‍ ഗുജറാത്ത് ടൈറ്റില്‍ വിന്നറുമായിരുന്നു. അവന്റെ കൈമാറ്റത്തില്‍ ഒരുപാട് പണത്തിന്റെ ഇടപെടല്‍ ഉണ്ടായിരുന്നു. എനിക്ക് തോന്നുന്നത് നിങ്ങള്‍ ഇനിയും ഫൈനലില്‍ എത്തും എന്നാണ്,’അദ്ദേഹം പറഞ്ഞു.
ഹര്‍ദിക് തന്റെ ഇഷ്ട ടീമില്‍ നിന്നും ജി.ടിയില്‍ എത്തിയിട്ടും അവന്‍ ടീമിനെ മുന്നില്‍ നിന്നും നയിച്ചിട്ടുണ്ട്.
‘മുംബൈയില്‍ തന്നെ കളിക്കണം എന്ന് ആഗ്രഹത്തോടെയാണ് അവന്‍ ജി.ടിയില്‍ കളിച്ചത്, അവന്റെ കരിയര്‍ തുടങ്ങുന്നത് മുംബൈ ഇന്ത്യന്‍സിലാണ്. ആദ്യ സീസണില്‍ തന്നെ ഹര്‍ദിക് ഗുജറാത്തിനെ വിജയത്തിലേക്ക് എത്തിച്ചിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഹര്‍ദിക്കിന്റെ തിരിച്ചുവരവ് ടീമിന്റെ ബാറ്റിങ് ലൈന്‍ അപ്പില്‍ കൂടുതല്‍ ശക്തി പകരും. ഡെത്ത് ഓവറുകളില്‍ ടിം ഡേവിഡിനെ സഹായിക്കുവാനും സൂര്യയെയും തിലക് വര്‍മയെയും ടോപ്പ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യിപ്പിക്കാനും സാധിക്കും,’അദ്ദേഹം അവസാനിപ്പിച്ചു.
2022ലാണ് ഗുജറാത്ത് ടീം ഐ.പി.എല്ലില്‍ ഇടം കണ്ടെത്തുന്നത്. ആദ്യ സീസണില്‍ തന്നെ ഹര്‍ദിക്കിന്റെ മികച്ച ക്യാപ്റ്റന്‍സിയില്‍ ജി.ടി ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയിരുന്നു. ഗുജറാത്ത് അവിടം കൊണ്ടും നിര്‍ത്തിയില്ലായിരുന്നു. 2023 ഐ.പി.എല്ലിലും മികച്ച പ്രകടനം നടത്തി അവര്‍ ഫൈനല്‍ വരെ എത്തിയിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനോടായിരുന്നു ജി.ടിയുടെ തോല്‍വി.
Content Highlight: Brad Hogg’s Tolks About Gujarat Titans And Hardik pandya