മുംബൈ: പൊതുഖജനാവില്‍ നിന്നുള്ള പണം ഉപയോഗിച്ച് വ്യക്തികള്‍ക്ക് സുരക്ഷ നല്‍കുന്നത് സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ സുപ്രധാന പരാമര്‍ശങ്ങളുമായി മുംബൈ ഹൈക്കോടതി. സംസ്ഥാന സര്‍ക്കാറിന്റെ പണം ഉപയോഗിച്ച് രാജ്യത്തെ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കേണ്ടതുണ്ടോ എന്നാണ് കോടതി ചോദിച്ചത്.
“രാഷ്ട്രീയ പാര്‍ട്ടികളുടെ ബന്ധത്തിന്റെ പേരിലാണ് ചിലര്‍ക്ക് പോലീസ് സംരക്ഷണം നല്‍കുന്നത്. അവരുടെ സംരക്ഷണം രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കുകയാണ് വേണ്ടത്. അല്ലാതെ പൊതുപണം ഉപയോഗിച്ചല്ല അവര്‍ക്ക് സുരക്ഷ നല്‍കേണ്ടത്.” -കോടതി പറഞ്ഞു.
ഇത്തരത്തില്‍ സുരക്ഷനല്‍കുമ്പോള്‍ സര്‍ക്കാറിനുണ്ടാകുന്ന ചെലവില്‍ ആശങ്ക അറിയിച്ച് അശോക് ഉടയവാറും സണ്ണി പൂനമിയും ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
1034 പേര്‍ക്ക് നിലവില്‍ പോലീസ് സുരക്ഷ നല്‍കുന്നുണ്ടെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച കണക്കില്‍ പറയുന്നത്. ഒരാള്‍ക്ക് ശരാശരി നാല് പോലീസുകാര്‍ എന്ന തരത്തിലാണ് സുരക്ഷ. 1034-ല്‍ 242 പേരും മുംബൈ നഗരത്തില്‍ നിന്നാണ്.
സുരക്ഷ നല്‍കുന്നവരുടെ പട്ടിക അടിയന്തിരമായി പുന:പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു. പോലീസിനോടും ആഭ്യന്തര വകുപ്പിനോടുമാണ് കോടതി ഇക്കാര്യം പറഞ്ഞത്.