national news
ആര്യന്‍ ഖാന് ഇന്നും ജാമ്യമില്ല; വാദം നാളെയും തുടരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 26, 01:16 pm
Tuesday, 26th October 2021, 6:46 pm

മുംബൈ: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് ഇന്നും ജാമ്യമില്ല. ബോംബെ ഹൈക്കോടതിയാണ് ആര്യന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത്.

കേസിലെ വാദം നാളെയും തുടരുമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് നിതിന്‍ സാംബ്രെയയാണ് ഹരജി പരിഗണിക്കുന്നത്. ആര്യന്റെ ജാമ്യഹരജിയില്‍ ബുധനാഴ്ച ഉച്ചക്ക് 2.30നായിരിക്കും ഇനി കോടതിയുടെ വാദം പുനരാരംഭിക്കുക.

മുതിര്‍ന്ന അഭിഭാഷകനും ഇന്ത്യയുടെ മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോത്തഗിയാണ് ആര്യന്‍ ഖാന് വേണ്ടി കോടതിയില്‍ ഹാജരായത്. മജിസ്‌ട്രേറ്റും സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഖാന്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം തേടുന്നത്.

ഒക്ടോബര്‍ രണ്ടിനാണ് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) കസ്റ്റഡിയിലായത്. ഒക്ടോബര്‍ മൂന്നിന് ആര്യന്‍ ഉള്‍പ്പെടെ അറസ്റ്റിലായ പ്രതികളെ മുംബൈ കോടതി എന്‍.സി.ബി കസ്റ്റഡിയില്‍ വിട്ടു.

ആദ്യം ഒക്ടോബര്‍ നാല് വരേയും പിന്നീട് ഏഴാം തീയതിവരേയും ആര്യന്റെ കസ്റ്റഡി നീട്ടി.
ആര്യനൊപ്പം കേസില്‍ പ്രതികളായ ഏഴ് പേരെയും കസ്റ്റഡിയില്‍ വിട്ടിരുന്നു. ഏഴാം തീയതി വീണ്ടും ആര്യനെ എന്‍.സി.ബി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.

തൊട്ടടുത്ത ദിവസം ആര്യന്‍ വീണ്ടും ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. എന്‍.സി.ബി കസ്റ്റഡിയില്‍ നിന്ന് ജുഡീഷ്യല്‍ കസ്റ്റഡിയിലേക്കാണ് ആര്യനേയും ഒപ്പമുള്ള പ്രതികളേയും അയച്ചത്.

ഒക്ടോബര്‍ 20 ന് വീണ്ടും ആര്യന് ജാമ്യം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ ആര്യന്‍ ഖാനെ കാണാന്‍ ഷാരുഖ് ഖാന്‍ ജയിലിലെത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


CONTENT HIGHLIGHTS: Bombay HC adjourns hearing in Aryan Khan’s bail plea for Wednesday