national news
4,000 കശ്മീരി പണ്ഡിറ്റുകള്‍ മരിച്ചെന്ന് സിനിമ; 600 എന്ന് ആര്‍.എസ്.എസ്; 219 എന്ന് കേന്ദ്ര സര്‍ക്കാരിന്റെ കണക്ക്; കശ്മീര്‍ ഫയല്‍സ്, നുണകളും യാഥാര്‍ത്ഥ്യവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 19, 05:12 pm
Saturday, 19th March 2022, 10:42 pm

ന്യൂദല്‍ഹി: കശ്മീര്‍ പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കിയുള്ള ബോളിവുഡ് സിനിമ കശ്മീര്‍ ഫയല്‍സിലെ വസ്തുതാവിരുദ്ധത ചര്‍ച്ചയാകുന്നു.

കശ്മീര്‍ പണ്ഡിറ്റുകളുടെ ദുരിത ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന സിനിമയെന്നാണ് അണിയറ പ്രവര്‍ത്തകരും സംഘപരിവാരവും അവകാശപ്പെടുന്നത്. പണ്ഡിറ്റുകളുടെ പാലയനത്തില്‍ 4,000ത്തോളം കശ്മീരി പണ്ഡിറ്റുകള്‍ കൊല്ലപ്പെട്ടു എന്നാണ് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി സിനിമയില്‍ പറയുന്നത്.

എന്നാല്‍ ഈ കണക്കുകള്‍ തെറ്റാണെന്നാണ് ആര്‍.എസ്.എസ് പബ്ലിക്കേഷന്റെ തന്നെ 1991ലെ റിപ്പോര്‍ട്ട് പറയുന്നു. 600 പേര്‍ മരിച്ചു എന്നാണ് ആര്‍.എസ്.എസ് പബ്ലിക്കേഷന്‍ അന്ന് പറയുന്നത്.

കശ്മീരി പണ്ഡിറ്റ് സംഘര്‍ഷ് സമിതിയുടെ കണക്ക് പ്രകാരം പറയുന്നത് 650 പണ്ഡിറ്റുകള്‍ മരിച്ചെന്നാണ്. അതേസമയം തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 219 കശ്മീരി പണ്ഡിറ്റുകള്‍ മരിച്ചെന്നാണ് പറയുന്നത്. ഈ വൈരുദ്ധ്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

അതേസമയം, കശ്മീര്‍ ഫയല്‍സ് മികച്ച ചിത്രമാണെന്നും ഇനിയും ഇത്തരം സിനിമകള്‍ ഉണ്ടാകേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ബി.ജെ.പി പാര്‍ലമെന്ററി യോഗത്തിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

കശ്മീര്‍ ഫയല്‍സ് സിനിമ കാണാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഹാഫ് ഡേ ലീവ് പ്രഖ്യാപിച്ചിരുന്നു.

വിവേക് അഗ്‌നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയില്‍ 1990 ല്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടര്‍ന്ന് കശ്മീരില്‍ നിന്നും പലായനം ചെയ്യുന്ന കശ്മീരി പണ്ഡിറ്റുകളുടെ കഥയാണ് പറയാന്‍ ശ്രമിക്കുന്നത്.

സിനിമയുടെ വര്‍ഗീയ ധ്രുവീകരണത്തിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മത വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുന്ന രീതിയിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നതെന്നാണ് വിമര്‍ശനം.