'നക്ഷത്രസമൂഹത്തില്‍ ഉള്ളത് പൂജ്യം നക്ഷത്രമോ?'; ശാസ്ത്രവാര്‍ത്തയില്‍ മണ്ടത്തരമെഴുതി മനോരമ
Malayala Manorama
'നക്ഷത്രസമൂഹത്തില്‍ ഉള്ളത് പൂജ്യം നക്ഷത്രമോ?'; ശാസ്ത്രവാര്‍ത്തയില്‍ മണ്ടത്തരമെഴുതി മനോരമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th March 2018, 6:46 pm

കോഴിക്കോട്: ഏറ്റവും സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട വാര്‍ത്താ വിഭാഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ശാസ്ത്രവാര്‍ത്തകള്‍. വാര്‍ത്തയിലെ ചെറിയ രീതിയിലുള്ള തെറ്റു പോലും യഥാര്‍ത്ഥ വസ്തുതയെ വളച്ചൊടിക്കുന്നതിനു തുല്യമാകാന്‍ സാധ്യതയുണ്ട് എന്നതിനാലാണ് ഇത്.

മലയാള മനോരമ ദിനപത്രം ഇന്ന് പ്രസിദ്ധീകരിച്ച പ്രാപഞ്ചിക ഗവേഷണവുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ ഗുരുതരമായ തെറ്റാണ് കടന്നു കൂടിയത്. പ്രപഞ്ചത്തെ കുറിച്ച് അടിസ്ഥാന അറിവുകള്‍ മാത്രമുള്ള കൊച്ചു കുട്ടിയ്ക്കു പോലും മനസിലാക്കാന്‍ കഴിയുന്ന തെറ്റ് പക്ഷേ മനോരമ എഡിറ്ററുടെ കണ്ണില്‍ പെട്ടില്ല.


Also Read: കര്‍ണാടകയില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം: സിതാറാം യെച്ചൂരി


“അകലെയകലെ, പ്രേതഭവനം പോലെ… തമോദ്രവ്യമില്ലാത്ത നക്ഷത്രക്കൂട്ടം” എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് മണ്ടത്തരം കടന്നു കൂടിയത്. തമോദ്രവ്യമില്ലാത്ത നക്ഷത്രസമൂഹം (ഗ്യാലക്‌സി) ഭൂമിയില്‍ നിന്ന് ആറര കോടി പ്രകാശ വര്‍ഷം അകലെയാണെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡി.എഫ് 2 എന്നാണ് ഈ നക്ഷത്രസമൂഹത്തിന് നല്‍കിയിരിക്കുന്ന പേര്.

“മലയാള മനോരമ” പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്

വാര്‍ത്തയുടെ രണ്ടാം ഖണ്ഡികയിലാണ് തെറ്റ് കടന്നു കൂടിയത്. സൗരയൂഥത്തിന്റെ അതേവലുപ്പമാണ് ഡി.എഫ് 2-ന് എന്നാണ് മനോരമ ലേഖകന്‍ പറയുന്നത്. മാത്രമല്ല, ഒരു പടി കൂടി കടന്ന് സൗരയൂഥത്തിലുള്ള അത്രയും നക്ഷത്രങ്ങള്‍ ഡി.എഫ് 2-ല്‍ ഇല്ല എന്നും മനോരമ പറയുന്നു.

സൂര്യനും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളുമടങ്ങുന്ന വ്യവസ്ഥയേയാണ് സൗരയൂഥം എന്നു പറയുന്നത്. ഒരു നക്ഷത്ര സമൂഹത്തെ സൗരയൂഥവുമായാണ് ലേഖകന്‍ താരതമ്യം ചെയ്തിരിക്കുന്നത്. വാദത്തിനു വേണ്ടി ഇക്കാര്യം സമ്മതിച്ചാല്‍ പോലും അതിനേക്കാള്‍ വലിയ മണ്ടത്തരമാണ് ഇനിയുള്ളത്. സൗരയൂഥത്തില്‍ ഉള്ള നക്ഷത്രങ്ങളേക്കാള്‍ കുറവ് എണ്ണം നക്ഷത്രങ്ങളാണ് ഡി.എഫ് 2-ല്‍ ഉള്ളത് എന്നു പറഞ്ഞാല്‍ ഡി.എഫ് 2-ല്‍ നക്ഷത്രങ്ങള്‍ ഇല്ല എന്നാണ് അര്‍ത്ഥം.


Don”t Miss: വില്‍പ്പന 50,000 യൂണിറ്റുകള്‍ കടന്നു; പുതിയ നേട്ടവുമായി ഹോണ്ടയുടെ കോംപാക്റ്റ് എസ്.യു.വി ഡബ്ല്യു.ആര്‍-വി (Watch Video)


സൗരയൂഥത്തില്‍ ആകെ ഒരു നക്ഷത്രം മാത്രമേയുള്ളു – സൂര്യന്‍. ഇതിനേക്കാള്‍ കുറവ് എന്നു പറഞ്ഞാല്‍ ഡി.എഫ് 2-ല്‍ നക്ഷത്രങ്ങള്‍ ഇല്ല എന്നാണ് അര്‍ത്ഥം. പിന്നെങ്ങിനെയാണ് ഡി.എഫ് 2 നക്ഷത്രസമൂഹമാകുക എന്ന ചോദ്യവും അവിടെ ഉയരും.

വാര്‍ത്തയുടെ യഥാര്‍ത്ഥ വസ്തുത ഇങ്ങനെ:

ഗവേഷകരുടെ നിഗമന പ്രകാരം ഡി.എഫ് 2 എന്ന നക്ഷത്രസമൂഹം സൂര്യനും സൗരയൂഥവും ഉള്‍പ്പെടുന്ന ആകാശഗംഗ (മില്‍ക്കി വേ) എന്ന നമ്മുടെ നക്ഷത്ര സമൂഹത്തിനു സമാനമായ അത്രയും വലുപ്പമുള്ളതാണ്. പക്ഷേ ആകാശഗംഗയില്‍ ഉള്ളത്രയും നക്ഷത്രങ്ങള്‍ ഡി.എഫ് 2-ല്‍ ഇല്ല. ആകാശഗംഗയിലുള്ളതിനേക്കാള്‍ 200 മടങ്ങ് നക്ഷത്രങ്ങള്‍ കുറവാണ് ഡി.എഫ് 2-ല്‍ ഉള്ളത്. ഇക്കാര്യമാണ് അശ്രദ്ധ കാരണം മനോരമ തെറ്റായി പ്രസിദ്ധീകരിച്ചത്.


Also Watch DoolNews Video Reoprt: ഇൻഫോ ക്ലിനിക് : വ്യാജ ചികിത്സക്കെതിരായ ശാസ്ത്രീയ പ്രതിരോധം