ന്യൂദല്‍ഹി: ബ്ലാക്ക് ഫംഗസിനെതിരെ മുന്‍കരുതല്‍ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്ലാക്ക് ഫംഗസ് രാജ്യത്തിന് ഒരു പുതിയ വെല്ലുവിളിയാണെന്നും ജനങ്ങള്‍ കരുതിയിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡിനെതിരായ പോരാട്ടത്തിന് പ്രതിരോധം വാക്സിനേഷനാണെന്നും അതിനെ ഒരു ജനകീയ പോരാട്ടമാക്കി മാറ്റണമെന്നും മോദി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കൊവിഡ് രോഗബാധയെ തുടര്‍ന്ന് നിരവധി മരണങ്ങളാണ് രാജ്യത്ത് ഉണ്ടായതെന്നു പറഞ്ഞ പ്രധാനമന്ത്രി യോഗത്തിനിടെ വികാരഭരിതനായി എന്നാണ് റിപ്പോര്‍ട്ട്.
‘കൊവിഡ് ഒരുപാട് പേരെ നമ്മളില്‍ നിന്ന് അടര്‍ത്തിയെടുത്തു. പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ട ഒരോ കുടുംബത്തിനും അനുശോചനം രേഖപ്പെടുത്തുകയാണ്’, മോദി പറഞ്ഞു.
‘ഈ കൊറോണ വൈറസ് പ്രതിസന്ധിയില്‍ യോഗയും ആയുഷും ആളുകളുടെ ശക്തി വര്‍ദ്ധിപ്പിച്ചു. എന്നാല്‍ ഇത് അലംഭാവം കാണിക്കേണ്ട സമയമല്ല. ഒരു നീണ്ട പോരാട്ടമാണ് നമ്മുക്ക് മുന്നിലുള്ളത്. ഗ്രാമ പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. എവിടെ രോഗമുണ്ടോ അവിടെ ചികിത്സയുണ്ടെന്നതാകണം നമ്മുടെ മുദ്രാവാക്യം, മോദി പറഞ്ഞു.
അതേസമയം, കൊവിഡിനെ പിന്നാലെ രാജ്യത്തെ ഭീതിയിലാഴ്ത്തി ബ്ലാക് ഫംഗസ് പടരുകയാണ്. അതിനിടെ ബ്ലാക് ഫംഗസിനേക്കാള്‍ അപകടകാരിയെന്ന് കരുതുന്ന മറ്റൊരു രോഗം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
ബ്ലാക് ഫംഗസിനെക്കാള്‍ കൂടുതല്‍ അപകടകാരിയായ വൈറ്റ് ഫംഗസ് രോഗമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.
ബീഹാറിലെ പട്നയിലാണ് വൈറ്റ് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. പട്നയിലെ ഒരു ഡോക്ടര്‍ക്കും രോഗം ബാധിച്ചതായി ഡി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു.
വൃക്ക, തലച്ചോറ്, ആമാശയം, സ്വകാര്യ ഭാഗങ്ങള്‍, ചര്‍മം, നഖം, വായ എന്നീ ഭാഗങ്ങളിലാണ് വെറ്റ് ഫംഗസ് ബാധിക്കുന്നത്. ശ്വാസകോശത്തേയും വൈറ്റ് ഫംഗസ് ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ബ്ലാക് ഫംഗസിന് സമാനമായി കുറഞ്ഞ രോഗപ്രതിരോധ ശേഷി ഉള്ളവരെയാണ് രോഗം ബാധിക്കുകയെന്നും വിദഗ്ധര്‍ വ്യക്തമാക്കി.