കോഴിക്കോട് സൂപ്പിക്കടയില്‍ കരിമ്പനി സ്ഥിരീകരിച്ചു
Health
കോഴിക്കോട് സൂപ്പിക്കടയില്‍ കരിമ്പനി സ്ഥിരീകരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th July 2018, 10:05 pm

കോഴിക്കോട്: നിപ ബാധയുണ്ടായിരുന്ന ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ സൂപ്പിക്കടയില്‍ കരിമ്പനി (Visceral leishmaniasis) സ്ഥിരീകരിച്ചു. പ്രദേശത്ത് മധ്യവയസ്‌കനില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും രോഗം പടര്‍ത്തുന്ന മണലീച്ചയെ കണ്ടെത്താനായിരുന്നില്ല.

കോഴിക്കോട് ഡി.എം.ഒ (മാസ്മീഡിയ) ഇസ്മാഈല്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് കുമാരന്‍, പേരാമ്പ്ര താലൂക്ക് ആശുപത്രി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. ആലി, ചങ്ങരോത്ത് മെഡിക്കല്‍ ഓഫിസര്‍ ബിജേഷ് ഭാസ്‌കരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫീല്‍ഡ് സ്റ്റാഫ്, ആശാവര്‍ക്കര്‍മാര്‍ എന്നിവരാണ് പരിശോധന നടത്തിയത്.

രോഗം സ്ഥിരീകരിച്ച് വ്യക്തിയുമായി ബന്ധപ്പെട്ടവരില്‍ ആര്‍ക്കും പനിലക്ഷണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇയാള്‍ മറ്റൊരസുഖത്തിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ചിരുന്നു. രക്തത്തിലൂടെ രോഗാണു ശരീരത്തില്‍ പ്രവേശിച്ചതാകാമെന്നാണ് കരുതുന്നത്.

രോഗബാധയുടെ സാഹചര്യത്തില്‍ സംസ്ഥാന എന്റോമോളജി വകുപ്പിലെ വിദഗ്ധര്‍ സൂപ്പിക്കടയില്‍ സന്ദര്‍ശനം നടത്തും. നേരത്തെ നിപ വൈറസ് ബാധമൂലം നാലു പേരാണ് സൂപ്പിക്കടയില്‍ മരണപ്പെട്ടിരുന്നു.

നേരത്തെ കൊല്ലത്ത് കരിമ്പനി സ്ഥിരീകരിച്ചിരുന്നു. കരിമ്പനി ബ്ലാക്ക് ഫീവര്‍, ഡംഡം ഫീവര്‍ എന്നീ പേരുകളിലും അറിയപ്പെടുന്ന ഒരു തരം രോഗമാണ്.

ഏകദേശം 88 രാജ്യങ്ങളില്‍ ഈ രോഗം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യ ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലും ഈ രോഗം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഓരോ വര്‍ഷവും ഏകദേശം 3,00,000 ലക്ഷം പേരില്‍ ഈ രോഗബാധയുണ്ടാകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

മുപ്പതിനായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ രോഗമാണിതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ഇന്ത്യയില്‍ ബീഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഇതിനു മുമ്പ് ഈ രോഗം കണ്ടെത്തിയത്.

പ്രോട്ടോസോവ വിഭാഗത്തില്‍പ്പെടുന്ന സൂഷ്മജീവികളാണ് കരിമ്പനി പരത്തുന്നത്. പെണ്‍ മണല്‍ ഈച്ചകളിലൂടെ രോഗം മനുഷ്യരിലേക്ക് പകരുന്നു. രാത്രികാലങ്ങളില്‍ കൂടുതലായി കാണപ്പെടുന്ന മണലീച്ചകളുടെ കടിയേല്‍ക്കുന്നതാണ് രോഗം പകരാന്‍ കാരണമാകുന്നത്.

രോഗാണു ശരീരത്തിലെത്തിയാല്‍ പത്ത് ദിവസം മുതല്‍ 6 മാസത്തിനുള്ളില്‍ മാത്രമേ രോഗലക്ഷണങ്ങള്‍ കാണപ്പെടുകയുള്ളു. കരളിനെയും ആന്തരികാവയവങ്ങളെയും ബാധിക്കുന്ന രോഗാണു ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നു. കൃത്യമായ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കും.

കരിമ്പനി മരണങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഉത്തരേന്ത്യയിലാണ്. ഇതിനു മുമ്പ് കേരളത്തില്‍ പാലക്കാടാണ് കരിമ്പനി ബാധിച്ച് മരണം രേഖപ്പെടുത്തിയിട്ടുള്ളത്.

കരിമ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍

വിട്ടുവിട്ടുള്ള പനി. ശരീരത്തില്‍ വ്രണങ്ങള്‍ രൂപപ്പെടുക, കരളിന് അസാധാരണമായുണ്ടാകുന്ന വികാസം, വിളര്‍ച്ച എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ശരീരത്തില്‍ കറുത്ത നിറത്തില്‍ പാടുകള്‍ പ്രത്യക്ഷപ്പെടുക തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ തന്നെ വിദഗ്ധ ചികിത്സ തേടേണ്ടതാണ്.

കരിമ്പനിയ്ക്ക് സാധാരണയായി ഉപയോഗിക്കുന്നത് ലൈപ്പോസോമല്‍ ആംഫോട്ടെറിസിന്‍ ബി എന്ന മരുന്നാണ്. കരിമ്പനിയെ പ്രതിരോധിക്കാന്‍ ഈ മരുന്ന് ഒരു ഡോസ് നല്‍കിയാല്‍ മതിയെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.