മോദിയുടേത് പബ്ലിക് സിംപതി കിട്ടാനുള്ള ചീപ്പ് ഷോ; വിമര്‍ശനവുമായി രാകേഷ് ടികായത്
national news
മോദിയുടേത് പബ്ലിക് സിംപതി കിട്ടാനുള്ള ചീപ്പ് ഷോ; വിമര്‍ശനവുമായി രാകേഷ് ടികായത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th January 2022, 5:41 pm

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം പഞ്ചാബില്‍ കണ്ടത് പൊതുജനത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാനും സിംപതി നേടാനും മോദി നടത്തിയ നാടകമാണെന്ന് ഭാരതീയ കിസാന്‍ യൂണിയല്‍ നേതാവ് രാകേഷ് ടികായത്.

വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടായിരുന്നു ടികായത്തിന്റെ പ്രതികരണം.

‘പ്രധാനമന്ത്രി പഞ്ചാബില്‍ വരുമ്പോള്‍ സുരക്ഷയുമായി ബന്ധപ്പെട്ട് എന്ത് ക്രമീകരണങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത്? ഒരു പ്രശ്‌നവും കൂടാതെ അദ്ദേഹം തിരിച്ചെത്തിയെന്ന വാര്‍ത്തകള്‍ ഇത് മുന്‍കൂട്ടി പദ്ധതിയിട്ടതാണെന്ന് വ്യക്തമാക്കുന്നതാണ്. കഴിഞ്ഞ ദിവസം പഞ്ചാബില്‍ കണ്ട്ത് ജനങ്ങളുടെ സിംപതി നേടാനുള്ള കേവലം തരംതാഴ്ന്ന പ്രവര്‍ത്തി മാത്രമാണ്,’ ടികായത് പറയുന്നു.

പ്രധാനമന്ത്രി പഞ്ചാബിലേക്ക് പോകാന്‍ പാടില്ലായിരുന്നെന്നും ടികായത് കൂട്ടിച്ചേര്‍ക്കുന്നു.

‘പഞ്ചാബില്‍ സുരക്ഷാപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. റാലിയില്‍ ആളില്ലാത്തതുകൊണ്ടാണ് നരേന്ദ്ര മോദി പഞ്ചാബില്‍ നിന്നും മടങ്ങിയതെന്ന് പഞ്ചാബ് സര്‍ക്കാരും പറയുന്നു. ഇരുവരും സ്വയം പ്രതിരോധിക്കാനാണ് ശ്രമിക്കുന്നത്. പ്രധാനമന്ത്രി ഒരിക്കലും പഞ്ചാബിലേക്ക് പോകരുതായിരുന്നു,’ ടികായത് പറയുന്നു.

പഞ്ചാബില്‍ സംഭവിച്ചത് സുരക്ഷാവീഴ്ചയാണോ അതോ കര്‍ഷകര്‍ തങ്ങളുടെ രോഷം പ്രകടിപ്പിച്ചതാണോ എന്ന കാര്യം അന്വേഷിക്കണമെന്നും ടികായത് പറഞ്ഞു.

Rakesh Tikait On PM Modi Security Breach In Punjab | PM Modi की सुरक्षा में  हुई चूक पर Rakesh Tikait का बयान, कहा- किसानों का आक्रोश है या...

അതേസമയം, പ്രധാനമന്ത്രിയുടെ സുരക്ഷാവിഴ്ചയുമായി ബന്ധപ്പെട്ട കേസ് വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഈ സംഭവം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തും നിന്നും ഉണ്ടായ സുരക്ഷാവീഴ്ചയാണെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ ആരോപണം. വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയം പഞ്ചാബ് സര്‍ക്കരിനോട് റിപ്പോര്‍ട്ടും തേടിയിരുന്നു.

തനിക്ക് ജീവനോടെ പോകാന്‍ സാധിച്ചതില്‍ പഞ്ചാബ് മുഖ്യമന്ത്രിയോട് നന്ദി പറയുന്നു എന്നായിരുന്നു വിഷയത്തില്‍ മോദിയുടെ പ്രതികരണം. മോദിയെ കൂടാതെ അമിത് ഷാ, പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, പഞ്ചാബ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് സുനില്‍ ജക്കാര്‍ തുടങ്ങിയവരും സുരക്ഷാവീഴ്ചയ്ക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.

എന്നാല്‍, സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു തരത്തിലുള്ള സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി പറയുന്നത്.

‘ഒരു സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ല. പ്രധാനമന്ത്രിയുടെ റോഡ് മാര്‍ഗമുള്ള യാത്ര ഏറ്റവും അവസാന മിനിറ്റിലെടുത്ത തീരുമാനമാണ്. അദ്ദേഹം ഹെലികോപ്റ്ററില്‍ പോകുമെന്നായിരുന്നു അറിയിച്ചിരുന്നത്. അദ്ദേഹത്തിന്റെ റാലിക്കായുള്ള ഒരുക്കത്തിലായിരുന്നു ഇന്നലെ അര്‍ധരാത്രി മുഴുവന്‍ ഞാന്‍. 70000 പേര്‍ റാലിക്കെത്തുമെന്ന് പറഞ്ഞതുകൊണ്ട് അതിനുവേണ്ടിയുള്ള കസേരകളെല്ലാം ഒരുക്കി. എന്നാല്‍ വെറും 700 പേര്‍ മാത്രമാണ് റാലിയില്‍ എത്തിയത്,’ ചന്നി പറഞ്ഞു.

 

അതേസമയം, പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയില്‍ ജനങ്ങളാരും പങ്കെടുക്കാത്തതിന്റെ നാണക്കേട് മറയ്ക്കുന്നതിനായാണ് ബി.ജെ.പി സുരക്ഷാവിഴ്ചയെന്ന വിഷയം ഉയര്‍ത്തിക്കാട്ടുന്നതെന്നായിരുന്നു പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു പറഞ്ഞത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു നരേന്ദ്രമോദിയെ കര്‍ഷകര്‍ റോഡില്‍ തടഞ്ഞ് പ്രതിഷേധിച്ചത്. പടിഞ്ഞാറന്‍ പഞ്ചാബിലെ ഫിറോസ്പൂരിലെ തെരഞ്ഞെടുപ്പ് റാലിക്ക് വേണ്ടി പോകുകയായിരുന്നു മോദി.

ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെയുള്ള ഫ്ളൈ ഓവറില്‍ മോദിയെ കര്‍ഷകര്‍ തടയുകയായിരുന്നു.

20 മിനിറ്റോളം കര്‍ഷകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പ്രധാനമന്ത്രിയും സംഘവും ഫ്ളൈഓവറില്‍ കുടുങ്ങി. തുടര്‍ന്ന് പഞ്ചാബില്‍ നടത്താനിരുന്ന മോദിയുടെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കുകയായിരുന്നു.

ഹെലികോപ്റ്റര്‍ മാര്‍ഗം പോകാനായിരുന്നു ആദ്യം മോദി ശ്രമിച്ചത്. എന്നാല്‍ മഴ കാരണം റോഡ് മാര്‍ഗം പോകാന്‍ തീരുമാനിക്കുകയായിരുന്നു. റോഡ് മാര്‍ഗം പോകാന്‍ കഴിയുമെന്ന പഞ്ചാബ് പൊലീസിന്റെ ഉറപ്പിനെത്തുടര്‍ന്നാണ് യാത്ര തിരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: BKU Leader Rakesh Tikait says PM security lapse was an attempt to gain public sympathy