ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തിയ്യതി കുമ്മനമാണോ  പ്രഖ്യാപിക്കുക; കോടിയേരി ബാലകൃഷ്ണന്‍
Karnataka Election
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തിയ്യതി കുമ്മനമാണോ  പ്രഖ്യാപിക്കുക; കോടിയേരി ബാലകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th March 2018, 5:25 pm

കോഴിക്കോട്: കര്‍ണാടക തെരഞ്ഞെടുപ്പ് തിയതി ഒദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ പുറത്ത് വിട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍.


ALSO READ : ‘രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടിയാണ് ബി.ജെ.പി’; ബി.ജെ.പി വിരുദ്ധ സഖ്യത്തിനായി മമത ദല്‍ഹിയില്‍


തെരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കുന്നത് ആര്‍.എസ.എസ് ആണെന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമുണ്ടോ എന്ന് കോടിയേരി ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത് തിയ്യതി പ്രഖ്യാപിക്കുന്നതിന് മുന്നെ എങ്ങിനെയാണ് ആര്‍.എസ്.എസിന്റെ ഐ.ടി സെല്‍ തലവനായ അമിത് മാളവ്യക്ക് തീയ്യതി ട്വീറ്റ് ചെയ്യാന്‍ സാധിച്ചത് കോടിയേരി ഫേസ്ബുക്കില്‍ കുറിപ്പില്‍ ചോദിക്കുന്നു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തിയ്യതി കുമ്മനം രാജശേഖരനാണോ പ്രഖ്യാപിക്കുക എന്നും കോടിയേരി ചോദിച്ചു. ഇതൊക്കെ സാധിക്കുമെങ്കില്‍ വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി കാണിക്കാനും ബി ജെ പിക്ക് സാധിക്കും. രാജ്യത്തെ ജനങ്ങളെ നിരന്തരം വെല്ലുവിളിക്കുകയാണ് ആര്‍.എസ്.എസ് ബി.ജെ.പി സംഘപരിവാരമെന്നും കോടിയേരി പറഞ്ഞു.


READ ALSO : ഇത് ബി.ജെ.പി തന്ന സമ്മാനം, ഇതുകൊണ്ട് തുടങ്ങും കോണ്‍ഗ്രസിന്റെ പ്രചാരണം: അമിത് ഷായെ ട്രോളി രാഹുലിന്റെ ട്വീറ്റ്


പത്രസമ്മേളനം നടത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിയതി പ്രഖ്യാപിക്കുന്നതിന് മണിക്കുറുകള്‍ക്ക് മുന്‍പ് തന്നെ അമിത് മാളവ്യ തിയതി ട്വീറ്റ് ചെയ്യുകയായിരുന്നു. 11.08 നായിരുന്നു ട്വീറ്റ്. 2018 മെയ് 12 ന് കര്‍ണാടകയില്‍ വോട്ടെടുപ്പ് നടക്കുമെന്നും മെയ് 18 ന് വോട്ടെണ്ണല്‍ നടക്കുമെന്നുമായിരുന്നു ട്വീറ്റ്.

എന്നാല്‍ ഇലക്ഷന്‍ കമ്മീഷന്‍ തിയതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് എങ്ങനെ ബി.ജെ.പി ഐ.ടി സെല്‍ തലവന് തിയതി ലഭിച്ചുവെന്ന ചോദ്യം മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ഉയര്‍ന്നതിന് പിന്നാലെ ഇദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും നിയമവിരുദ്ധമായി എന്ത് പ്രവര്‍ത്തനം നടക്കുകയാണെങ്കിലും അതിനെതിരെ നടപടിയെടുക്കുമെന്നുമായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് പറഞ്ഞത്. അമിത് മാളവ്യയുടെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.