ബി.ജെ.പി പ്രവര്‍ത്തകന്‍ അംഗത്വം രാജിവെച്ച് കര്‍ഷകര്‍ക്കൊപ്പം ചേര്‍ന്നു; 'കേന്ദ്രം കര്‍ഷകരുടെ താത്പര്യങ്ങള്‍ അവഗണിച്ചു'
national news
ബി.ജെ.പി പ്രവര്‍ത്തകന്‍ അംഗത്വം രാജിവെച്ച് കര്‍ഷകര്‍ക്കൊപ്പം ചേര്‍ന്നു; 'കേന്ദ്രം കര്‍ഷകരുടെ താത്പര്യങ്ങള്‍ അവഗണിച്ചു'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th January 2021, 9:17 pm

ന്യൂദല്‍ഹി: അംഗത്വം രാജിവെച്ച് ബി.ജെ.പി പ്രവര്‍ത്തകന്‍ കര്‍ഷകരുടെ സമരപന്തലില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രബാല്‍ പ്രതാപ് ശശിയെന്ന പ്രവര്‍ത്തകനാണ് ഘാസിപൂരില്‍ കര്‍ഷക പ്രതിഷേധത്തിനൊപ്പം അണിചേര്‍ന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഘാസിപൂരിലെ കര്‍ഷക പ്രതിഷേധത്തിനൊപ്പം അണിചേര്‍ന്ന പ്രബാല്‍ കേന്ദ്രം കോര്‍പറേറ്റുകള്‍ക്കൊപ്പം നിന്ന് കര്‍ഷകരെ ഒഴിവാക്കുകയാണെന്നും പറഞ്ഞു.

‘ഇന്ന് സര്‍ക്കാര്‍ സ്വകാര്യ കമ്പനികളെ കൂട്ടുപിടിച്ച് കര്‍ഷകരുടെ താത്പര്യങ്ങള്‍ അവഗണിക്കുകയാണ്. മരം കോച്ചുന്ന തണുപ്പിലും ഒരുമാസത്തിലേറെയായി കര്‍ഷകര്‍ സമരം ചെയ്ത് കൊണ്ടിരിക്കുന്നത് കാണുകയാണ്. അതുകൊണ്ടാണ് ഞാന്‍ പാര്‍ട്ടി അംഗത്വം രാജിവെച്ച് കര്‍ഷകര്‍ക്കൊപ്പം ചേര്‍ന്നത്,’ പ്രബാല്‍ പറഞ്ഞു.

താന്‍ ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനായിരുന്നെന്നും കര്‍ഷക പ്രക്ഷോഭം തന്നെ മനസ് മാറ്റിയെന്നും പ്രബാല്‍ പറഞ്ഞു.

രാജ്യത്തെ കര്‍ഷകരോടുള്ള വിശ്വാസം കാത്തു സൂക്ഷിക്കുന്നതിനായി സര്‍ക്കാര്‍ നിയമം പിന്‍വലിക്കുമെന്നാണ് കരുതുന്നതെന്നും പ്രബാല്‍ പറഞ്ഞു.

എന്നാല്‍ നിയമം പലതവണ ആലോചിച്ച ശേഷമാണ് നടപ്പാക്കിയതെന്നാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് നാലംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ കര്‍ഷകരും പ്രതിപക്ഷവും രംഗത്തെത്തി.

ഒരു കാരണവശാലും നിയമം പിന്‍വലിക്കുന്നതുവരെ പിന്‍മാറില്ലെന്നാണ് കര്‍ഷകരുടെ സംയുക്ത സമിതി അറിയിച്ചിരിക്കുന്നത്.

 ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുകഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP worker from Gorakhpur quits party, joins farmers’ agitation at Ghazipur border