കാസര്‍ഗോഡ്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പേഴ്സണല്‍ സെക്രട്ടറിയേയും യുവമോര്‍ച്ച മുന്‍ സംസ്ഥാന സെക്രട്ടറിയേയും കായികമായി നേരിടണമെന്ന് ബി.ജെ.പി ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഓഡിയോ സന്ദേശം പുറത്ത്.
‘സുരേന്ദ്രേട്ടന്റെ പി.എ ഉണ്ട് ദിപിന്‍. അവന്‍ ഫോണ്‍ എടുക്കാറില്ല. ഓനിക്ക് ഒരടി കിട്ടണം.’ എന്ന് ഗ്രൂപ്പില്‍ പറയുന്നതിന്റെ ഓഡിയോ സന്ദേശം ഉള്‍പ്പെടെയാണ് ചോര്‍ന്നത്. റിപ്പോര്‍ട്ടര്‍ ടി.വിയാണ് ഇതുസംബന്ധിച്ച വിവരങ്ങളടങ്ങിയ വാര്‍ത്ത പുറത്തുവിടുന്നത്.
ബി.ജെ.പി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ അടക്കം അംഗമായിട്ടുള്ള ഗ്രൂപ്പിലാണ് ഇത്തരത്തിലുള്ള ചര്‍ച്ച നടന്നത്. ഇതിന് പിന്നാലെ ജില്ലാ പ്രസിഡന്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്ത് പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബി.ജെ.പിയുടെ ജില്ലാ, സംസ്ഥാന ചുമതലകളിലുള്ള നേതാക്കളെ മാറ്റണമെന്നാണ് ഗ്രൂപ്പിലെ പലരും ആവശ്യപ്പെടുന്നത്. കാസര്‍ഗോഡ് കുമ്പളയില്‍ കൊലചെയ്യപ്പെട്ട മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരുടെ പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ശബ്ദ സന്ദേശം പ്രചരിച്ചത്.