മുംബൈ: മഹാരാഷ്ട്രയില്‍ 161 സീറ്റുകള്‍ നേടി ബി.ജെ.പി അധികാരത്തിലെത്തിയെങ്കിലും ബി.ജെ.പിയുടെ വോട്ട് വിഹിതത്തില്‍ വലിയ ഇടിവ്.
2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി.ജെ.പിക്ക് മഹാരാഷ്ട്രയില്‍ രണ്ട് ശതമാനമാണ് വോട്ട് വിഹിതത്തിലുണ്ടായ നഷ്ടം.
മാത്രമല്ല ശിവസേനയുടെ മികച്ച മുന്നേറ്റവും ഒരു തരത്തില്‍ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. രണ്ടര വര്‍ഷം മുഖ്യമന്ത്രി പദം തങ്ങള്‍ക്ക് വേണമെന്ന ആവശ്യവുമായി ശിവസേന രംഗത്തെത്തിയിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
2014 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 1.47 കോടി വോട്ടുകള്‍ നേടിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകളുടെ 27.8 ശതമാനമായിരുന്നു വോട്ട് ഷെയര്‍. ഇത്തവണ ബിജെപിക്ക് 1.41 കോടി വോട്ടുകളാണ് ലഭിച്ചത്. 2014 ല്‍ ലഭിച്ചതിനേക്കാള്‍ 6 ലക്ഷം വോട്ടിന്റെ കുറവ്. 25.6 ശതമാനമായിട്ടാണ് ബി.ജെ.പിയുടെ വോട്ട് വിഹിതം കുറഞ്ഞത്.
2014 ല്‍ 260 സീറ്റുകളില്‍ മത്സരിച്ച ബി.ജെ.പി യുടെ വോട്ടിങ് ശതമാനം 31.15 ആയിരുന്നു. ഇത്തവണ ബി.ജെ.പി 164 സീറ്റുകളിലാണ് മത്സരിച്ചത്. ചെറു സഖ്യകക്ഷികള്‍ ഉള്‍പ്പെടെയാണ് ഇത്. ഈ 164 സീറ്റുകളുടെ വോട്ട് ശതമാനം ലഭ്യമായിട്ടില്ല.
2014 ല്‍ 282 സീറ്റുകളില്‍ ശിവസേന മത്സരിക്കുകയും 1.02 കോടി വോട്ടുകള്‍ നേടുകയും ചെയ്തിരുന്നു. 19.3 ശതമാനമായിരുന്നു അവരുടെ വോട്ട്. ഇത്തവണ ബി.ജെ.പിയുമായി യോജിച്ച് 50:50 ഫോര്‍മുലയുമായി എത്തിയ ശിവസേനയ്ക്ക് 90 ലക്ഷം വോട്ടുകള്‍ ലഭിച്ചു. എന്നാല്‍ അഞ്ച് വര്‍ഷം മുമ്പ് പോള്‍ ചെയ്തതിനേക്കാള്‍ 12 ലക്ഷത്തിന്റെ കുറവ് ഇവിടേയും സഭവിച്ചിട്ടുണ്ട്. ശിവസേനയുടെ വോട്ട് വിഹിതം 16.4 ശതമാനമായട്ടാണ് കുറഞ്ഞത്.
2014 നെ അപേക്ഷിച്ച് കൂടുതല്‍ വോട്ടുകള്‍ നേടിയെങ്കിലും ശരദ് പവാറിന്റെ എന്‍.സി.പിയ്ക്ക് ലഭിച്ച വോട്ട് വിഹിതത്തിലും കുറവുണ്ടായിട്ടുണ്ട്.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.സി.പി 92 ലക്ഷം വോട്ടുകളാണ് നേടിയത്. 2014 ല്‍ ഇത് 91.22 ലക്ഷമായിരുന്നു. എന്നാല്‍ 17.2 ശതമാനമായിരുന്ന വോട്ടിങ് ശതമാനം 16.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ 15.52 ശതമാനമായിരുന്ന എന്‍.സി.പിയുടെ വോട്ട് വിഹിതം നിയസഭാ തെരഞ്ഞെടുപ്പില്‍ 16.7 ശതമാനമായി എന്‍.സി.പി ഉയര്‍ത്തിയിട്ടുണ്ട്. അത്തരത്തില്‍ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കിയത് എന്‍.സി.പിയാണെന്ന് പറയേണ്ടി വരും.
കോണ്‍ഗ്രസിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2014ല്‍ കോണ്‍ഗ്രസ് 95 ലക്ഷം വോട്ടുകളായിരുന്നു നേടിയത്. ഇത്തവണ കോണ്‍ഗ്രസിന് ലഭിച്ചത് 87 ലക്ഷം വോട്ടുകളാണ്. 8 ലക്ഷം വോട്ടുകളുടെ കുറവാണ് കോണ്‍ഗ്രസിന് ഉണ്ടായത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 27.59 ശതമാനമായിരുന്നു വോട്ട്. ശിവസേനയ്ക്ക് 23.29 ശതമാനം വോട്ടും ലഭിച്ചു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിനേക്കാള്‍ 6.5 ശതമാനം കൂടുതലാണ് ഇത്. കോണ്‍ഗ്രസിന് 16.27 ശതമാനം വോട്ടാണ് ലഭിച്ചത്.
2014 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ശിവസേനയും കോണ്‍ഗ്രസും എന്‍.എസി.പിയും ഒറ്റയ്ക്കായിരുന്നു മത്സരിച്ചത്. അതുകൊണ്ട് തന്നെ വോട്ടുകളും കൂടുതല്‍ നേടി. എന്നാല്‍ ഇത്തവണ നാല് പാര്‍ട്ടികളും രണ്ട് സഖ്യങ്ങളായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ഓരോരുത്തരും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പരിമിതമായ സീറ്റുകളില്‍ മത്സരിപ്പിച്ചു. ഇത് അവരുടെ വോട്ടുകള്‍ കുറയ്ക്കാനും വോട്ട് വിഹിതം കുറയാനും കാരണമായെന്നാണ് വിലയിരുത്തല്‍.
2014 നെ അപേക്ഷിച്ച് മൂന്ന് ശതമാനത്തിന്റെ കുറവാണ് മഹാരാഷ്ട്രയിലെ പോളിങ്ങില്‍ ഇത്തവണ രേഖപ്പെടുത്തിയത്.