പത്തു കോടി വാഗ്ദാനം ചെയ്ത് എ.എ.പിയുടെ ഏഴ് എം.എല്‍.എമാരെ ബി.ജെ.പി കൂറുമാറാന്‍ പ്രേരിപ്പിച്ചു; ആരോപണവുമായി അരവിന്ദ് കെജ്‌രിവാള്‍
ന്യൂദല്‍ഹി: ദല്‍ഹിയിലും ബി.ജെ.പി രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നതായി ആരോപണം. എ.എ.പിയുടെ ഏഴ് എം.എല്‍.എമാര്‍ക്ക് ഒരാള്‍ക്ക് വീതം പത്തു കോടി വാഗ്ദാനം ചെയ്ത് കൂറുമാറാന്‍ ബി.ജെ.പി പ്രേരിപ്പിച്ചതായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആരോപിക്കുന്നു. സമയം വരുമ്പോള്‍ ഇതിന്റെ തെളിവുകള്‍ തങ്ങള്‍ ഹാജരാക്കുമെന്നും എ.എ.പി പറയുന്നു.
‘കൂറുമാറാന്‍ പത്തു കോടി നല്‍കാമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് ദിവസമായി ബി.ജെ.പി തങ്ങളെ ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ഞങ്ങളുടെ ഏഴ് എം.എല്‍.എമാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്’- കെജ്‌രിവാള്‍ പറയുന്നു.
എന്നാല്‍ ബി.ജെ.പി ആം ആദ്മിയുടെ കൂടുതല്‍ എം.എല്‍.എമാരോട് കൂറുമാറ്റത്തെ പറ്റി സംസാരിക്കുന്നുണ്ടെന്നും, ഏഴ് പേര്‍ മാത്രമാണ് അത് പുറത്തു പറഞ്ഞതെന്നും ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. എന്നാല്‍ ബി.ജെ.പി തങ്ങളുടെ ഉദ്യമത്തില്‍ പരാജയപ്പെടുന്നും സിസോദിയ പറഞ്ഞു.
‘എനിക്ക് ബി.ജെ.പിയോട് പറയാനുള്ളത് ഇതാണ്. അമിത് ഷാ, പ്രധാനമന്ത്രി മോദിജീ, ഞങ്ങളുടെ എം.എല്‍.എമാരെ വിലയ്ക്കു വാങ്ങി തെരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന് കരുതണ്ട്. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് തെരഞ്ഞെടുപ്പിനെ നേരിടൂ. നിങ്ങള്‍ അവരെ വാങ്ങാന്‍ ശ്രമിക്കുന്നത് അവര്‍ ഞങ്ങളോട് പറയും. നിങ്ങള്‍ക്ക് എ.എ.പിയുടെ എം.എല്‍.എമാരെ വിലക്കു വാങ്ങാന്‍ കഴിയില്ല’- സിസോദിയ പറയുന്നു.
തൃണമൂലിന്റെ 40 എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും, മെയ് 23ന് ശേഷം ഇവര്‍ കൂറു മാറുമെന്നും മോദി പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് പുതിയ ആരോപണം. ബി.ജെ.പി കുതിരക്കച്ചവടം നടത്തുകയാണെന്നായിരുന്നു ഇതിന് ത്രിണമൂല്‍ നല്‍കിയ മറുപടി.
ഇത്തരം ഒരു പ്രസ്താവന പ്രധാനമന്ത്രി നടത്തരുതെന്നും സിസോദിയ പറഞ്ഞു. ‘ജനാധിപത്യത്തെ ശോഷിപ്പിക്കാനായി താന്‍ 40 എം.എല്‍.എമാരെ വിലകൊടുത്തു വാങ്ങുമെന്നാണ് മോദി പരസ്യമായി പറഞ്ഞത്. മോദിക്ക് നാണം തോന്നുന്നില്ലേ’- സിസോദിയ ചോദിക്കുന്നു.
എന്നാല്‍ വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് എ.എ.പി ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. ഇതൊരു തമാശയായിട്ടാണ് താന്‍ കാണുന്നതെന്ന് ബി.ജെ.പിയുടെ ദല്‍ഹി പ്രസിഡന്റ് മനോജ് തിവാരി പറഞ്ഞു.