'നിരാഹാരസമരത്തിനിടെ ക്യാമറയ്ക്കു മുന്നില്‍ ഭക്ഷണം കഴിച്ച് പാര്‍ട്ടിയെ നാണംകെടുത്തരുത്'; പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ബി.ജെ.പി നേതൃത്വം
National
'നിരാഹാരസമരത്തിനിടെ ക്യാമറയ്ക്കു മുന്നില്‍ ഭക്ഷണം കഴിച്ച് പാര്‍ട്ടിയെ നാണംകെടുത്തരുത്'; പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ബി.ജെ.പി നേതൃത്വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th April 2018, 11:41 am

ന്യൂദല്‍ഹി: പാര്‍ലമെന്റ് സ്തംഭിപ്പിച്ചതില്‍ പ്രതിഷേധിച്ച് സംഘടിപ്പിക്കുന്ന ഉപവാസ സമരത്തിന് പ്രവര്‍ത്തകര്‍ക്ക് കര്‍ശനനിര്‍ദ്ദേശവുമായി ബി.ജെ.പി. ഉപവാസസമരത്തിനിടെ പരസ്യമായി ഭക്ഷണം കഴിക്കരുതെന്നും ക്യാമറയ്ക്കുമുന്നില്‍ ഇത്തരം പ്രവര്‍ത്തികളുമായി “ചാടിക്കൊടുക്കരുതെന്നു”മാണ് നിര്‍ദ്ദേശം.

ദളിത് പീഡനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നടത്തിയ ഉപവാസത്തിന് തൊട്ടു മുമ്പ് നേതാക്കള്‍ ഭക്ഷണം കഴിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് കോണ്‍ഗ്രസ് സമരത്തെ നാണക്കേടിലാക്കുകയും നേതാക്കളെ വേദിയില്‍ നിന്ന് ഇറക്കി വിടേണ്ട അവസ്ഥയുമുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ബി.ജെ.പി നേതൃത്വം രംഗത്തെത്തിയത്.


Also Read:  കര്‍ണ്ണാടക ഇലക്ഷന്‍: ‘നിങ്ങള്‍ക്ക് ലഭിച്ച സ്ഥാനാര്‍ഥിപ്പട്ടിക വ്യാജമാണ്’; വ്യാജസ്ഥാനാര്‍ഥിപ്പട്ടിക വിഷയത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ്സ്


“പൊതുസ്ഥലങ്ങളില്‍ വെച്ചോ ക്യാമറകണ്ണുകള്‍ ഉള്ളയിടങ്ങളില്‍ വെച്ചോ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. സമരവേദികള്‍ക്ക് സമീപം കടകള്‍ സ്ഥാപിക്കാന്‍ തെരുവ് കച്ചവടക്കാരെ അനുവദിക്കരുത്. പാര്‍ട്ടിക്ക് ഒരു തരത്തിലുള്ള ചീത്തപേരും സൃഷ്ടിക്കരുത്.”- ബി.ജെ.പി എം.പി മീനാക്ഷി ലേഖി പറഞ്ഞു.

പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്.


Also Read:  ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സുരക്ഷിതമായി നടക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്: യു.എസ് സെനറ്റില്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പിനെ പരാമര്‍ശിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ്


 

പാര്‍ലമെന്റില്‍ തുടര്‍ച്ചയായ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരു പകല്‍ നീളുന്ന നിരാഹാരത്തിനൊരുങ്ങുന്നുണ്ട്. നാളെയാണ് പ്രധാനമന്ത്രിയുടെയും ബി.ജെ.പി അധ്യക്ഷന്റെയും നേതൃത്വത്തില്‍ ഭരണ പക്ഷത്തിന്റെ ഉപവാസം.

മീനാക്ഷി ലേഖി

പ്രധാനമന്ത്രിയുടെ ഓഫീസില്‍ത്തന്നെയാണ് ജോലി മുടക്കാതെ അദ്ദേഹം ഉപവസിക്കുക. ഫയലുകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനും പരാതിയുമായെത്തുന്ന ജനങ്ങളെയും ഉദ്യോഗസ്ഥരെയും കാണുന്നതിനും മുടക്കമുണ്ടാകില്ലെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

അമിത് ഷാ കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ഉപവസിക്കും. രാജ്യവ്യാപകമായി നടക്കുന്ന ഉപവാസത്തില്‍ ബി.ജെ.പി.യുടെ എല്ലാ എം.പി.മാരും നേതാക്കളും പങ്കെടുക്കും. എം.പിമാര്‍ അവരവരുടെ മണ്ഡലത്തിലാകും നിരാഹാരമിരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Watch This Video: