മുസ്‌ലിം ലീഗും അവരുടെ നേതാക്കളും ഈ നൂറ്റാണ്ടില്‍ ജീവിക്കേണ്ടവരല്ല: കെ.സുരേന്ദ്രന്‍
പാലക്കാട്: മുസ്‌ലിം ലീഗും അവരുടെ നേതാക്കളും ഈ നൂറ്റാണ്ടില്‍ ജീവിക്കേണ്ടവരല്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തിലെ രണ്ട് മുന്നണികളും താലിബാന്‍ മാതൃകയെ പിന്തുണയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്ന അദ്ദേഹത്തിന്റെ പ്രതികരണം.
സംസ്ഥാനത്ത് മുസ്‌ലിം മതമൗലികവാദ സംഘടനകള്‍ സര്‍ക്കാരിന്റെ സഹായത്തോടെ താലിബാനിസം നടപ്പിലാക്കികൊണ്ടിരിക്കുകയാണ്. താലിബാന്‍ മാതൃകയാണ് ലീഗ് പിന്തുടരുന്നത്. പെണ്‍കുട്ടികളുടെ വിവാഹം പ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ക്കുന്നത് അതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
മുത്തലാഖ്, പെണ്‍കുട്ടികളുടെ വിവാഹപ്രായം, ഹലാല്‍, ജെന്‍ഡര്‍ യൂണിഫോം തുടങ്ങിയ വിഷയങ്ങളിലെല്ലാം താലിബാന്റെ നിലപാടാണ് മുസ്‌ലിം മതമൗലികവാദികള്‍ പിന്തുടരുന്നത്.
യു.ഡി.എഫില്‍ നിന്ന് ലീഗും അവര്‍ക്ക് പിന്തുണയായി ജമാഅത്തെ ഇസ്‌ലാമിയും ഇത്തരം നീക്കം നടത്തുമ്പോള്‍ മറുവശത്ത് സി.പി.ഐ.എമ്മിനെ സഹായിക്കുന്ന പോപ്പുലര്‍ ഫ്രണ്ടും അതേമാര്‍ഗം സ്വീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാലക്കാട്ടെ സജിത്ത് കൊലപാതക കേസില്‍ പോപ്പുലര്‍ ഫ്രണ്ട്- എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലീസ് വഴിവിട്ട് സഹായിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു.
പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലെ റെയ്ഡുകള്‍ പോലും പ്രഹസനമാണ്. പൊലീസ് എത്തുന്നതിന് മുന്‍പ് തന്നെ വിവരം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറിയിക്കുന്നുണ്ട്. സി.പി.ഐ.എമ്മും പോപ്പുലര്‍ ഫ്രണ്ടും തമ്മിലുള്ള രഹസ്യ ധാരണയാണ് കേസന്വേഷണത്തില്‍ പൊലീസിനെ പിറകോട്ടു വലിക്കുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
മുസ്‌ലിം വ്യക്തിനിയമത്തിനെതിരായ കടന്നുകയറ്റമാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നതിലൂടെ നടക്കുന്നതെന്ന് ലീഗ് എം.പി ഇ.ടി. മുഹമ്മദ് ബഷീര്‍ നേരത്തെ പറഞ്ഞിരുന്നു.
വിവാഹം കഴിക്കാതെ തന്നെ കൂടെ ജീവിക്കുന്നതിന് സാധൂകരണം നല്‍കുന്ന രാജ്യമാണ് ഇത്. അങ്ങനെയൊരു സമയത്ത് ഇത്തരത്തിലൊരു അജണ്ടയുമായി വരുന്നതിന് എന്തെങ്കിലും ലോജിക് ഉണ്ടോയെന്ന് ഇ.ടി. ചോദിച്ചിരുന്നു.
വിവാഹപ്രായം കൂട്ടിയാല്‍ പഠനം കൂടുമെന്നൊക്കെ പറയുന്നുണ്ടെന്നും അതൊന്നും യുക്തിഭദ്രമായിട്ടുള്ള കാര്യമല്ല, നമ്മുടെ നാട്ടില്‍ വിവാഹം കഴിഞ്ഞിട്ട് എത്രയോ കുട്ടികള്‍ പഠിക്കുന്നുണ്ടെന്നുമാണ് ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞിരുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIGHTS: BJP state president K Surendran said that the Muslim League and their leaders should not live in this century