Gender Equity
'കോണ്‍ഗ്രസിന്റേത് നാണം കെട്ട ആണും പെണ്ണും കെട്ട തീരുമാനം' ; ട്രാന്‍സ്ജന്‍ഡറുകളെ ആക്ഷേപിച്ച് ശ്രീധരന്‍ പിള്ള
ജിതിന്‍ ടി പി
2018 Oct 21, 06:04 am
Sunday, 21st October 2018, 11:34 am

പത്തനംതിട്ട: ട്രാന്‍സ്ജന്‍ഡറുകളെ ആക്ഷേപിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള.കോണ്‍ഗ്രസിനെതിരെയുള്ള പ്രസ്താവനയില്‍”നാണം കെട്ട ആണും പെണ്ണും കെട്ട “എന്ന  വാക്കാണ് ശ്രീധരന്‍പിള്ള ഉപയോഗിച്ചത്.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാടിനെ വിമര്‍ശിക്കുന്നതിനിടയിലാണ് അങ്ങേയറ്റം ഹോമോഫോബിക്ക് ആയ ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം ഉണ്ടായത്.

Also Read:  “കിസ് ഓഫ് ലവുകാരും മാവോയിസ്റ്റുകളും പശ്ചാത്തലം മോശമായവരുമാണ് മലകയറാനെത്തുന്നത്”; സ്ത്രീകളെ അധിക്ഷേപിച്ച് കെ. സുരേന്ദ്രന്‍

“എ.ഐ.സി.സി പ്രസിഡന്റ് ശക്തമായ സമരം വേണ്ട കൊടി ഉപയോഗിച്ചുള്ള സമരം വേണ്ട എന്ന് പറഞ്ഞാല്‍ നാണംകെട്ട ആണും പെണ്ണും കെട്ട തീരുമാനം ആണ് സ്വീകരിച്ചിട്ടുള്ളത്. സുപ്രീം കോടതി മൂന്നാം ലിംഗക്കാരെ അംഗീകരിച്ചത് കൊണ്ട് കോണ്‍ഗ്രസിനും അംഗീകാരം നല്‍കാം. എന്നാല്‍ ആ മൂന്നാം ലിംഗക്കാരുടെ പട്ടികയിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ്.” എന്നാണ് ശ്രീധരന്‍പിള്ള പറഞ്ഞു.

കോണ്‍ഗ്രസ് സമരത്തില്‍ നിന്ന് പാതിവഴിയില്‍ പിന്മാറിയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. പ്രത്യക്ഷസമരത്തിനിറങ്ങരുതെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതൃത്വം വിധിയെ സ്വാഗതം ചെയ്ത ട്വീറ്റ് പിന്‍വലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി കാര്യാലയത്തിലേക്ക് ട്രാന്‍സ്ജെന്‍ഡറുകള്‍ പ്രതിഷേധമാര്‍ച്ച് നടത്തി.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാടിനെ വിമര്‍ശിക്കുന്നതിനിടയിലാണ് അങ്ങേയറ്റം അവഹേളനപരമായ പരാമര്‍ശം ശ്രീധരന്‍പിള്ള നടത്തിയത്. ഭിന്നലിംഗക്കാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതും അവരെ നിലപാടില്ലാത്തവരായി ചിത്രീകരിക്കുന്നതുമായിരുന്നു പ്രസ്താവന.

ശക്തമായ പ്രതിഷേധമാണ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ഉയര്‍ന്നുവന്നത്.

ALSO READ: ശബരിമല മാത്രമല്ല, ഐതിഹ്യങ്ങളുടെയും വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കീഴാളപരിപ്രേക്ഷ്യങ്ങളെ ബ്രാഹ്മണ്യം അട്ടിമറിച്ചതിന് വേറെയും നിരവധി ഉദാഹരണങ്ങളുണ്ട്

“എന്റെ പേര് രഞ്ജിനിപിളളയെന്നാണ്. പിള്ള എന്ന ജാതിവാല്‍ ചേര്‍ത്തിരിക്കുന്നത് ജാതിപദവികള്‍ക്കല്ല. പിള്ളമാരിലും ട്രാന്‍സ്ജെന്‍ഡേഴ്സ് ഉണ്ടെന്ന് പിള്ളമാര്‍ കൂടി അറിയാന്‍ വേണ്ടിയാണ്.” ലൈംഗിക ന്യൂനപക്ഷങ്ങളെ പരിഹസിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളക്കെതിരെ ട്രാന്‍സ്ജെന്‍ഡറായ രഞ്ജിനിപിള്ള പ്രതികരിച്ചു തുടങ്ങിയത് ഇങ്ങനെയാണ്.

“സംസ്ഥാന ബി.ജെ.പി പ്രസിഡന്റായ ഒരാള്‍ ഇത്തരത്തിലുള്ള വിവരമില്ലായ്മ പറയുന്നത് വളരെ ഖേദകരമായ വിഷയമാണ്. ഇന്ന് സമൂഹത്തില്‍ നടക്കുന്ന മാറ്റങ്ങളെക്കുറിച്ച് പോലും തിരിച്ചറിവില്ലാത്ത ഒരാള്‍ക്ക് എങ്ങനെയാണ് ബി.ജെ.പിയുടെ നേതൃസ്ഥാനത്തിലിരിക്കാനാകുക. ഞങ്ങളും ഒരു മനുഷ്യസമൂഹമാണ്. കഷ്ടപ്പെട്ടാണ് ഞങ്ങള്‍ ഇവിടെ ജീവിക്കുന്നത്. ഇത്തരത്തിലുള്ള പ്രസ്താവനകളിലൂടെ അവഹേളിക്കുന്നതിനെ എന്തുവിലകൊടുത്തും ഞങ്ങള്‍ എതിര്‍ക്കും. അദ്ദേഹം പരസ്യമായി ഞങ്ങളോട് മാപ്പ് പറയണം.” ട്രാന്ഡസ്ജെന്‍ഡറായ സൂര്യ വിശദീകരിച്ചു.

തുല്യഅവകാശങ്ങളാണ് ഞങ്ങള്‍ക്കും വേണ്ടത്. ശ്രീധരന്‍പിള്ളയുടെ പ്രസ്താവന മനുഷ്യാവകാശ ലംഘനമായി കണ്ട് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കാനാണ് തീരുമാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ: കിന്‍ഫ്ര പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി അപ്രത്യക്ഷമായി; പരാതി കാണാതായത് തുടര്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയ ശേഷം

“ഒന്നാം ലിംഗമെന്നും രണ്ടാം ലിംഗമെന്നും മൂന്നാം ലിംഗമന്നും നിങ്ങള്‍ തന്നെയല്ലേ മനുഷ്യനെ വിഭജിച്ചിരിക്കുന്നത്. മതങ്ങള്‍ കൊണ്ടും ജാതി കൊണ്ടും ലിംഗം കൊണ്ടും വിഭജിക്കപ്പെടുന്ന സമൂഹമാണ് ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ബാക്കിയുള്ളവര്‍ക്ക് അതിനെ മാറ്റി എഴുതാന്‍ കഴിവില്ലെങ്കില്‍ ഞങ്ങള്‍ അതിനെ പൊളിച്ചെഴുതും. അതിനുവേണ്ടി ജീവന്‍ കൊടുക്കാനും ഞങ്ങള്‍ തയാറാണ്-സംസ്ഥാന സെക്ഷ്വല്‍ ആന്റ് ജെന്‍ഡര്‍ മൈനോറിറ്റി ഫെഡറേഷന്‍ ഓഫ് കേരളയുടെ (എസ്.ജി.എം.എഫ്.കെ) സംസ്ഥാന പ്രസിഡന്റ് ശ്രീക്കുട്ടി പറഞ്ഞു.

“വെളിച്ചം കടന്നിട്ടില്ലാത്ത സംഘപരിവാറുകളിലാണ് ഇവര്‍ ഇപ്പോഴും ജീവിക്കുന്നത്. ആണും പെണ്ണും ട്രാന്‍സ്ജെന്‍ഡറും എല്ലാം ഒന്നാണ് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനാണ് ഞങ്ങള്‍ അക്ഷീണം ശ്രമിക്കുന്നത്. അപ്പോഴാണ് ഒന്നാം ലിംഗം അവരാണെന്നും രണ്ടാം ലിംഗം ഇവരാണെന്നും മൂന്നാം ലിംഗം ഞങ്ങളാണെന്നും പറഞ്ഞുകൊണ്ട് വരുന്നത്. ഇങ്ങനെ ലിംഗപദവി നിര്‍ണയിക്കാന്‍ ഇവര്‍ക്ക് ആരാണ് അധികാരം നല്‍കിയത്. ഇതെല്ലാം മനുഷ്യനാണെന്ന് പഠിക്കുമ്പോഴേ ഈ നാട് നന്നാക.” ട്രാന്‍സ്ജെന്‍ഡറായ ശ്യാമ പറയുന്നു.

ശ്രീധരന്‍പിള്ളയുടെ പ്രസ്താവന മറ്റുഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്ത് ദേശീയതലത്തിലും പ്രതിഷേധം ആളിക്കത്തിക്കാനാണ് തീരുമാനം.

അതേസമയം പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ശ്രീധരന്‍പിള്ള മാപ്പു പറഞ്ഞു. ഒരു വിഭാഗത്തെ മോശമായി ചിത്രീകരിക്കാന്‍ തനിക്ക് ഉദ്ദേശമില്ലായിരുന്നുവെന്നും പരാമര്‍ശം പിന്‍വലിക്കുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാടിനെ വിമര്‍ശിക്കുന്നതിനിടയിലാണ് ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം ഉണ്ടായത്.

WATCH THIS VIDEO:

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.