തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിശകലനം, പാര്‍ട്ടി പ്രവര്‍ത്തനം എന്നിവ സംബന്ധിച്ച് മണ്ഡലം കമ്മിറ്റികള്‍ നല്‍കുന്നത് കള്ള റിപ്പോര്‍ട്ടെന്ന് ബി.ജെ.പി. സംസ്ഥാന നേതാക്കളുടെ വിമര്‍ശനം. കഴിഞ്ഞ ദിവസം ചേര്‍ന്ന ഭാരവാഹി യോഗത്തിലാണ് വിമര്‍ശനമുന്നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാന വൈസ് പ്രസിഡന്റ് ജി. രാമന്‍ നായര്‍, ജെ. പ്രമീളാദേവി, കെ.എസ്. രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കളാണ് വിമര്‍ശനമുന്നയിച്ചത്. ഊതിപ്പെരുപ്പിച്ച വ്യാജ റിപ്പോര്‍ട്ടുകളാണ് മണ്ഡലം കമ്മിറ്റികള്‍ നല്‍കുന്നതെന്നാണ് ഇവരുന്നയിച്ച വിമര്‍ശനം.
മണ്ഡലം കമ്മിറ്റികളുടെ റിപ്പോര്‍ട്ട് കൃത്യമായി പിശോധിക്കാതെയാണ് ജില്ലാ കമ്മിറ്റികള്‍ നേതൃത്വത്തിന് ആ റിപ്പോര്‍ട്ട് കൈമാറിയതെന്നും നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തനം, തെരഞ്ഞെടുപ്പില്‍ ലഭിക്കുന്ന വോട്ടുകള്‍ എന്നിവ സംബന്ധിച്ചാണ് വ്യാജ റിപ്പോര്‍ട്ട് നല്‍കിയെന്ന വിമര്‍ശനം ഉയര്‍ന്നത്. സംസ്ഥാനത്ത് 20 ശതമാനം ബൂത്തുകളിലേ പാര്‍ട്ടിക്ക് പ്രവര്‍ത്തനമുള്ളൂ എന്നും നേതാക്കള്‍ പറഞ്ഞു.
കൊടകര കുഴല്‍പ്പണ കേസ്, സി.കെ. ജാനുവുമായി ബന്ധപ്പെട്ട കോഴ വിവാദം തുടങ്ങിയ വിഷയങ്ങള്‍ റിപ്പോര്‍ട്ടുകളില്‍ എവിടെയും പരാമര്‍ശിക്കപ്പെട്ടിട്ടില്ല. നായര്‍ മാട്രിമോണി, ഈഴവ മാട്രിമോണി എന്ന തരത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണിയച്ചത് തെരഞ്ഞെടുപ്പില്‍ തിരിച്ചടി ആയെന്നും അഭിപ്രായമുയര്‍ന്നു.