ചെന്നൈ: നടന്‍ കമല്‍ഹാസന്റെ മകളും സിനിമാ താരവുമായ ശ്രുതി ഹാസനെതിരെ ക്രമിനല്‍ കേസ് ഫയല്‍ ചെയ്യണമെന്ന ആവശ്യവുമായി ബി.ജെ.പി. പോളിങ് ബൂത്തിലേക്ക് അതിക്രമിച്ചുകയറിയെന്ന് ആരോപിച്ചാണ് പരാതി.
കോയമ്പത്തൂര്‍ സൗത്തില്‍ ബൂത്ത് സന്ദര്‍ശനത്തിനായി എത്തിയ നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസനൊപ്പം പോളിംഗ് ബൂത്തിലേക്ക് അതിക്രമിച്ചു കയറിയെന്നാണ് ശ്രുതിക്കെതിരായ പരാതിയില്‍ പറയുന്നത്.
മക്കളായ ശ്രുതി, അക്ഷര എന്നിവരോടൊപ്പം ചെന്നൈയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു കമല്‍ഹാസന്‍ കോയമ്പത്തൂര്‍ സൗത്തിലേക്ക് പോയത്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ നിന്നാണ് കമല്‍ഹാസന്‍ ജനവിധി തേടുന്നത്.
പോളിങ് ബൂത്ത് സന്ദര്‍ശിച്ച് വോട്ട് തേടിയതിന് പിന്നാലെ ബി.ജെ.പി തെരഞ്ഞെടുപ്പ് വിജയിക്കാനായി വോട്ടര്‍മാര്‍ക്ക് പണം വാഗ്ദാനം ചെയ്യുന്നതായി കമല്‍ഹാസന്‍ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കമല്‍ഹാസന്‍ ബി.ജെ.പിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് നിയമം ലംഘിച്ച് പോളിങ് ബൂത്തില്‍ കയറിയ ശ്രുതി ഹാസനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ദേശീയ വനിതാ വിഭാഗം നേതാവ് വാനതി ശ്രീനിവാസന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് നന്ദകുമാര്‍ എന്നിവര്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കത്തെഴുതിയത്.
ബൂത്ത് ഏജന്റുമാരല്ലാതെ ആരും പോളിംഗ് ബൂത്തുകളിലേക്ക് പോകരുതെന്ന ചട്ടമുണ്ടെന്നും ഇത് ലംഘിച്ചാണ് ശ്രുതി ഹാസന്‍ ബൂത്തിനുള്ളില്‍ കയറിയതെന്നും ബി.ജെ.പി പരാതിയില്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക