'കണ്ണൂരിലെ തരിമണലില്‍ പിണറായിയെ വെട്ടിനുറുക്കി പട്ടിക്കിട്ടുകൊടുക്കും'; മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യം, വീഡിയോ ഷെയര്‍ ചെയ്ത് സന്ദീപ് വചസ്പതി
Kerala News
'കണ്ണൂരിലെ തരിമണലില്‍ പിണറായിയെ വെട്ടിനുറുക്കി പട്ടിക്കിട്ടുകൊടുക്കും'; മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യം, വീഡിയോ ഷെയര്‍ ചെയ്ത് സന്ദീപ് വചസ്പതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th January 2022, 11:54 pm

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി മുദ്രാവാക്യവുമായി ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍. ചൊവ്വാഴ്ച കൊടുങ്ങല്ലൂര്‍ സത്യേഷ് ബലി ദാന ദിനാചരണത്തിന്റെ ഭാഗമായി നടന്ന ജാഥയിലായിരുന്നു വിദ്വേഷ മുദ്രാവാക്യം ഉയര്‍ന്നത്.

കണ്ണൂരിലെ തരിമണലില്‍ പിണറായിയെ വെട്ടിനുറുക്കി പട്ടിക്കിട്ടുകൊടുക്കും എന്നാണ് മുദ്രാവക്യത്തില്‍ പറയുന്നത്. ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതിയുടെ ഫേസ്ബുക്ക് പേജില്‍ അദ്ദേഹം കഴിഞ്ഞ ദിവസം നല്‍കിയ ലൈവില്‍ നിന്നാണ് മുദ്രാവക്യത്തിന്റെ വീഡിയോ പുറത്താകുന്നത്. ഷെയര്‍ ചെയ്ത ലൈവ് ഇപ്പോഴും അദ്ദേഹത്തിന്റെ പേജിലുണ്ട്.

സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ ഇത്രയും വലിയ കൊലവിളി മുദ്രാവക്യം ഉയര്‍ത്തിയിട്ടും ബി.ജെ.പി സംസ്ഥാന വക്താവ് യാതൊരു പ്രശ്‌നവും കാണാതെ അത് ഷെയര്‍ ചെയ്തതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

അതേസമയം, ആര്‍.എസ്.എസിനെ വെല്ലുവിളിക്കാനും നേതാക്കളെ ആക്രമിക്കാനുമാണ് ഉദ്ദേശമെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വെല്ലുവിളി ആര്‍.എസ്.എസ് സ്വീകരിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി പറഞ്ഞിരുന്നു.

ഞങ്ങളുടെ പ്രവ്രര്‍ത്തകരെ കൊന്നുതള്ളും എന്ന എസ്.ഡി.പി.ഐയുടെ വെല്ലുവിളി സ്വീകരിക്കുന്നു. ഏത് മാര്‍ഗമാണ് നിങ്ങള്‍ സ്വീകരിക്കുന്നത് ആ മാര്‍ഗം സ്വീകരിക്കാന്‍ തങ്ങളും തയ്യാറാണെന്നും അദ്ദഹം പറഞ്ഞു.

ഹിന്ദു ഐക്യവേദി സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയില്‍ കണ്ണൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെല്ലുവിളി സ്വീകരിക്കല്‍ ആര്‍.എസ്.എസിന്റെ രീതിയല്ല. അത് ഞങ്ങള്‍ കാര്യമായി എടുത്തിരുന്നില്ല. പക്ഷെ ഇപ്പോള്‍ തുടര്‍ച്ചയായി ഏകപക്ഷീയമായി നിരപരാധികളായ ആളുകളെ കൊന്നു തള്ളിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാരാണ് നടപടിയെടുക്കേണ്ടത്. പോപ്പുലര്‍ ഫ്രണ്ടിനെ അടക്കാന്‍ സര്‍ക്കാരിന് ആകുന്നില്ലെങ്കില്‍ അവരെ അടക്കാന്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് കരുത്തുണ്ട്. ആ കരുത്ത് പ്രകടിപ്പിക്കുക തന്നെ ചെയ്യുമെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.

ആലപ്പുഴ രഞ്ജിത് വധത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ ബുധനാഴ്ച നടത്തുന്ന പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അക്രമസാധ്യതയുണ്ടെന്ന് പൊലീസിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.എസ്.ഡി.പി.ഐ ശക്തികേന്ദ്രങ്ങളിലൂടെയും പ്രകടനം കടന്നുപോകാനുള്ള സാധ്യതയുള്ളതിനാല്‍ അക്രമം നടക്കാനുള്ള സാധ്യതയുണ്ടെന്നാണ് ജാഗ്രതാ നിര്‍ദേശത്തില്‍ സൂചിപ്പിച്ചിരുന്നത്.

ഇതിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ വഴി ജാഥയുമായി ബന്ധപ്പെട്ട ഒരു തരത്തിലുള്ള വിവരങ്ങളും പങ്കുവെക്കരുതെന്ന കര്‍ശന നിര്‍ദേശവും പ്രവര്‍ത്തകര്‍ക്ക് ആര്‍.എസ്.എസ് നേതാക്കള്‍ നല്‍കിയിരുന്നു.

CONTENT HIGHLIGHTS: BJP-RSS activists chant hate slogans against Chief Minister Pinarayi Vijayan