അദാനിക്കെതിരെ ലോക്സഭയിൽ ചോദ്യം ചോദിക്കുന്നതിന് മഹുവ മോയിത്ര കൈക്കൂലി വാങ്ങി: ബി.ജെ.പി എം.പി
ന്യൂദൽഹി: പാർലമെന്റിൽ ചോദ്യം ചോദിക്കുന്നതിന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മോയിത്ര ഒരു ബിസിനസ് ഗ്രൂപ്പിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന ആരോപണവുമായി ബി.ജെ.പി എം.പി നിഷികാന്ത് ദുബെ.
ഒരു ബിസിനസ് ഗ്രൂപ്പിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിന് മോയിത്ര പണം വാങ്ങുന്നുണ്ടെന്ന് കാണിച്ച് ദുബെ ലോക്സഭാ സ്പീക്കർ ഓം ബിർലക്ക് കത്തെഴുതി.
ദർശൻ ഹിരാനന്ദനി എന്ന ബിസിനസുകാരൻ മറ്റൊരു ബിസിനസ് ഗ്രൂപ്പിനെ താറടിച്ചുകാണിക്കുന്നതിന് മോയിത്രക്ക് കൈക്കൂലിയായി സമ്മാനങ്ങളും പണവും നൽകിയെന്ന് ആരോപിച്ച ദുബെ മഹുവ മോയിത്രയെ പാർലമെന്റിൽ നിന്ന് അടിയന്തരമായി സസ്‌പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. പാർലമെന്റ് നിയമ ലംഘഞങ്ങൾക്ക് പുറമെ ഐ.പി.സി സെക്ഷൻ 120 എ പ്രകാരമുള്ള ക്രിമിനൽ കുറ്റമാണ് മോയിത്ര നടത്തിയതെന്നും ദുബെ കത്തിൽ ആരോപിക്കുന്നുണ്ട്.
എന്നാൽ ആരോപണങ്ങൾ തള്ളിക്കളഞ്ഞ മോയിത്ര, തനിക്കെതിരെ നീങ്ങും മുമ്പ്, നിരവധി തവണ അധികാര ദുർവിനിയോഗം നടത്തിയ ദുബെ ഉൾപ്പെടെയുള്ള ബി.ജെ.പി എം.പിമാർക്കെതിരെയാണ് സ്പീക്കർ ആദ്യം അന്വേഷണം നടത്തേണ്ടത് എന്ന് എക്‌സിൽ പറഞ്ഞു. തന്റെ വാതിൽക്കലേക്ക് വരുംമുമ്പ് അദാനി കൽക്കരി തട്ടിപ്പ് കേസിൽ എഫ്.ഐ.ആർ ഫയൽ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.
മഹുവ മോയിത്ര കൈക്കൂലി വാങ്ങിയെന്ന് തെളിയിക്കുന്ന രേഖകൾ തന്റെ പക്കലുണ്ടെന്ന് അവകാശപ്പെട്ട ദുബെ, ഇതുവരെ മോയിത്ര ചോദിച്ച 61 ചോദ്യങ്ങളിൽ 50ഉം ഹിരാനന്ദനിയുടെ ആവശ്യങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടതാണെന്നും പറഞ്ഞു.
ബിസിനസ് ലേലങ്ങളിൽ ഹിരാനന്ദനിയുടെ എതിരാളികളായ അദാനി ഗ്രൂപ്പിനെ കേന്ദ്രീകരിച്ചാണ് പലപ്പോഴും മോയിത്ര ചോദ്യങ്ങൾ ഉന്നയിച്ചതെന്നും കത്തിൽ ദുബെ ആരോപിച്ചു.
2005ൽ ലോക്സഭയിൽ സമാന സംഭവം ഉണ്ടായപ്പോൾ സ്പീക്കർ അടിയന്തരമായി ഒരു അന്വേഷണ സമിതി രൂപീകരിക്കുകയും 23 ദിവസത്തിനകം 10 എം.പിമാരെ സസ്‌പെൻഡ് ചെയ്യുകയുമുണ്ടായി എന്ന് ദുബെ ചൂണ്ടിക്കാട്ടി.
നേരത്തെ, ബി.ജെ.പി തന്റെ വ്യക്തിപരമായ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് മഹുവ മോയിത്ര ആരോപിച്ചിരുന്നു. ബി.ജെ.പിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും രൂക്ഷ വിമർശനം ഉയർത്തുന്ന മഹുവ മോയിത്ര ലോക്സഭയിലെ ശ്രദ്ധേയ സാന്നിധ്യമാണ്. അവരുടെ പാർലമെന്റിലെ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പുകൾക്ക് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ രീതിയിൽ സ്വീകാര്യത ലഭിച്ചിരുന്നു.
Content Highlight: BJP MP makes ‘Cash for Query’ allegations against Mahua Moitra