national news
'തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളെ ഭീകരവാദികളെ പോലെ കൈകാര്യം ചെയ്യണം'; വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 May 12, 04:13 am
Tuesday, 12th May 2020, 9:43 am

ന്യൂദല്‍ഹി: ദല്‍ഹിയിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെക്കുറിച്ച് വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി അജയ് നിഷാദ്. കൊവിഡ് പടര്‍ത്തിയതിന് മുസ്‌ലിം മതപ്രചാരക പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ ഭീകരവാദികളെ പോലെ കൈകാര്യം ചെയ്യണമെന്നാണ്  ബി.ജെ.പി എം.പി പറഞ്ഞത്.

രാജ്യത്ത് കൊവിഡ് വ്യാപിക്കുന്നതിന് കാരണം തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്തവരാണെന്നും നിഷാദ് പറഞ്ഞു.  ബീഹാറിലെ  മുസ്സഫര്‍പുരില്‍ നിന്നുള്ള എം.പിയാണിദ്ദേഹം.

‘പഞ്ചറടക്കുന്നതിന് അപ്പുറത്തേക്കുള്ള വിദ്യാഭ്യാസമൊന്നും മദ്രസകള്‍ നല്‍കുന്നില്ല. മദ്രസ്സകളില്‍ കുട്ടികളെ മൗലികവാദമാണ് പഠിപ്പിക്കുന്നത്. മാത്രവുമല്ല, അവര്‍ക്ക് തെറ്റായ വിദ്യാഭ്യാസമാണ് നല്‍കുന്നത്. അതുകൊണ്ടാണ് അവര്‍ രാജ്യത്തെ ഇത്ര ഗുരുതരമായ സാഹചര്യത്തില്‍ കൊണ്ടെത്തിച്ചത്,’ ബി.ജെ.പി എം.പി പറഞ്ഞു.

മുസ്സഫര്‍പുര്‍ ഗ്രീന്‍ സോണ്‍ ആയിരുന്നെന്നും പുറത്തുനിന്നും ആളുകള്‍ എത്തുന്നതുവരെ ഒരു പോസിറ്റീവ് കേസുപോലും ഉണ്ടായിരുന്നില്ലെന്നും എം.പി പറഞ്ഞു.

‘ജമാഅത്തുകളാണ് അക്ഷരാര്‍ത്ഥത്തില്‍ രാജ്യം മുഴുവന്‍ കൊറോണ വ്യാപിപ്പിച്ചത്,’ അജയ് നിഷാദ് പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍, പ്രധാനമായും ജമാഅത്തുകള്‍ വിദ്യാഭ്യാസമില്ലായ്മ കൊണ്ടാണ് രാജ്യത്തെ ഇത്തരമൊരു സാഹചര്യത്തില്‍ കൊണ്ടെത്തിച്ചതെന്നും നിഷാദ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക