മോദിയ്‌ക്കെതിരായി പാര്‍ലമെന്റ് കമ്മിറ്റി നടത്തിയ പ്രസ്താവന പിന്‍വലിക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.
ന്യൂദല്‍ഹി: നോട്ടുനിരോധനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് വേണ്ടിവന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരെ വിളിപ്പിച്ച് ചോദ്യം ചെയ്യുമെന്ന പാര്‍ലമെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി തോമസിന്റെ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പി. മോദിയ്‌ക്കെതിരായി പാര്‍ലമെന്റ് കമ്മിറ്റി നടത്തിയ പ്രസ്താവന പിന്‍വലിക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.
പാര്‍ലമെന്റ് കമ്മിറ്റിയിലെ അംഗം കൂടിയായ ബി.ജെ.പി എം.പി നിഷികാന്ത് ദുബെയാണ് ഇത്തരമൊരു ആവശ്യവുമായി ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജനെ സമീപിച്ചിരിക്കുന്നത്.
“പി.എ.സിക്കു മുമ്പാകെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ചുവരുത്തുന്നതുമായി ബന്ധപ്പെട്ട് പി.എ.സി ചെയര്‍മാന്റെ ഏകപക്ഷീയമായ പ്രഖ്യാപനം പരിശോധിക്കണം. ഇത്തരമൊരു പ്രഖ്യാപനം തീര്‍ത്തും തെറ്റാണ്. അധാര്‍മ്മികതയാണ്. താങ്കളുടെ നിര്‍ദേശ പ്രകാരമുള്ള പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ക്ക് എതിരാണ്.” സുമിത്രാ മഹാജന് അയച്ച കത്തില്‍ ദുബെ പറയുന്നു.
തിങ്കളാഴ്ച കേരളത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആരെ വേണമെങ്കിലും വിളിപ്പിക്കാനുള്ള അധികാരം തങ്ങള്‍ക്കുണ്ടെന്നും വേണ്ടിവന്നാല്‍ മോദിയെയും മറ്റ് മന്ത്രിമാരെയും വരെ വിളിച്ച് ചോദ്യം ചെയ്യുമെന്നും കെ.വി തോമസ് പറഞ്ഞത്.
നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് ആര്‍.ബി.ഐ ഗവര്‍ണറോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ പി.എ.സി ആവശ്യപ്പെട്ടിരുന്നു. ജനുവരി 20നാണ് ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ പി.എ.സിക്കു മുമ്പാകെ ഹാജരാവേണ്ടത്.
നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് പത്ത് ചോദ്യങ്ങളടങ്ങിയ കുറിപ്പ് ആര്‍.ബി.ഐ ഗവര്‍ണര്‍ക്ക് പി.എ.സി നല്‍കിയിരുന്നു. ഇതിന് ആര്‍.ബി.ഐ ഗവര്‍ണര്‍ നല്‍കുന്ന മറുപടി പരിശോധിച്ചശേഷം ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെയും വിളിച്ചുവരുത്തുമെന്നായിരുന്നു കെ.വി തോമസിന്റെ പരാമര്‍ശം. പി.എ.സി അംഗങ്ങള്‍ ഏകകണ്ഠമായി തീരുമാനിച്ചാല്‍ പ്രധാനമന്ത്രിയെ വരെ വിളിച്ചുവരുത്താന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.