കാസര്‍കോടില്‍ ബി.ജെ.പിക്ക് ഇരട്ടപ്രഹരം; കാറടുക്കയ്ക്ക് പിന്നാലെ എന്‍മകജെയിലും ഭരണം നഷ്ടമാകും
Focus on Politics
കാസര്‍കോടില്‍ ബി.ജെ.പിക്ക് ഇരട്ടപ്രഹരം; കാറടുക്കയ്ക്ക് പിന്നാലെ എന്‍മകജെയിലും ഭരണം നഷ്ടമാകും
അലി ഹൈദര്‍
Friday, 3rd August 2018, 11:46 pm

കേരളത്തിലെ സംഘപരിവാറിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളിലൊന്നായി കണക്കാക്കുന്ന കാസര്‍കോടില്‍ ബി.ജെ.പിക്ക് പഞ്ചായത്ത് ഭരണം രണ്ടായി ചുരുങ്ങുന്നു. കാറഡുക്കയില്‍ 18 വര്‍ഷമായി തുടര്‍ന്ന പഞ്ചായത്ത് ഭരണത്തെ അവിശ്വസ പ്രമേയത്തിലൂടെ താഴെയിറക്കിയതിന് ശേഷം എന്‍മകജെയിലും സമാന സാഹചര്യത്തിന് കളമൊരുങ്ങുന്നതിലൂടെയാണ് ബി.ജെ.പിക്ക് തദ്ദേശ ഭരണത്തില്‍ ജില്ലയില്‍ തിരിച്ചടിയാകുന്നത്.

നിലവില്‍ മധൂര്‍, ബെള്ളൂര്‍, എന്‍മകജെ പഞ്ചായത്തുകളിലാണ് ബി.ജെ.പിക്ക് ഭരണമുള്ളത്. എന്‍മകജെയിലും യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നല്‍കിയ അവിശ്വാസ പ്രമേയം പാസായാല്‍ മധൂരും ബെള്ളൂരുമായി ബി.ജെ.പിയുടെ ഭരണം ചുരുങ്ങും. അടുത്തയാഴ്ച്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്.

വികസനമുരടിപ്പും ബി.ജെ.പിയുടെ ഏകാധിപത്യവും ചോദ്യം ചെയ്തുകൊണ്ടാണ് യു.ഡി.എഫ് അംഗവും മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറിയുമായ സിദ്ധീഖ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്.


Read Also : കേരളത്തിന് എയിംസ് അനുവദിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; ബി.ജെ.പി മലയാളികളെ പറ്റിച്ചെന്ന് ശശിതരൂര്‍


കഴിഞ്ഞ തവണ യു.ഡി.എഫ് കൊണ്ടുവന്ന വികസന പദ്ധതികള്‍ താറുമാറാക്കിയെന്നും നിലവിലെ പഞ്ചായത്ത് ഭരണം കൊണ്ട് ജനങ്ങള്‍ക്ക് ഒരു ഉപകാരവുമില്ലെന്നും അത് കൊണ്ട് തന്നെ ബി.ജെ.പിയുടെ ഭരണം അവസാനിപ്പിക്കേണ്ടത് നാടിന്റെ കൂടി ആവശ്യമാണെന്നും സിദ്ധീഖ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
അവിശ്വാസ പ്രമേയത്തെ എല്‍.ഡി.എഫ് പിന്തുണക്കുമെന്നും ഇതിലൂടെ ബി.ജെ.പിയെ ഭരണത്തില്‍ നിന്നും താഴെയിറക്കുമെന്നും സിദ്ധീഖ് പറഞ്ഞു.

ബി.ജെ.പിയെ എന്ത് വിലകൊടുത്തും താഴെയിറക്കണമെന്നും അതിന് എല്‍.ഡി.എഫ് യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും കാസര്‍കോട് ഡി.സി.സി ജനറല്‍ സെക്രട്ടറിയും എന്‍മകജെ പഞ്ചായത്ത് മുന്‍പ്രസിഡന്റുമായ സോമശേഖരന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കാറഡുക്കയില്‍ എല്‍.ഡി.എഫിന് അനുകൂലമായി യു.ഡി.എഫ് അംഗങ്ങള്‍ വോട്ടു ചെയ്ത സാഹചര്യത്തില്‍ എല്‍.ഡി.എഫിന്റെ ഭാഗത്ത് നിന്ന് മറിച്ചൊരു തീരുമാനം ഉണ്ടാകില്ലെന്നും ദേശീയതലത്തില്‍ തന്നെ ഉണ്ടാവുന്ന ബി.ജെ.പി വിരുദ്ധ നിലപാട് ഇവിടെയും പ്രതിഫലിക്കുമെന്നും സോമശേഖരന്‍ വ്യക്തമാക്കി.

അതേസമയം യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കാന്‍ പാര്‍ട്ടി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അന്തിമ തീരുമാനം ലോക്കല്‍ കമ്മിറ്റി കൈകൊള്ളുമെന്നും സി.പി.ഐ.എം എന്‍മകജെ ഏരിയ കമ്മിറ്റി അംഗം രാമ കൃഷ്ണ റൈ ഡൂള്‍ന്യൂസിനോട് പറഞ്ഞു. എങ്കിലും ബി.ജെ.പിക്ക് വിരുദ്ധമായ നിലപാടെടുക്കാനാണ് സാധ്യതയെന്നും രാമകൃഷ്ണ റൈ പറഞ്ഞു.

കഴിഞ്ഞ തവണ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പിന്തുണക്കാത്തത് പ്രാദേശിക തലത്തിലുണ്ടായിരുന്ന പ്രശ്‌നമാണെന്നും ജബ്ബാര്‍ കൊലക്കേസില്‍ നിരപരാധികളായ പാര്‍ട്ടി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയതുമെല്ലാം യു.ഡി.എഫിനെതിരെ നില്‍ക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചിട്ടുണ്ടെന്നും ഇത്തവണ അത്തരം സാഹചര്യമല്ല ഉള്ളതെന്നും കൃഷ്ണറൈ പറഞ്ഞു.

Related image

ബി.ജെ.പിക്കും യു.ഡി.എഫിനും 7 വീതവും എല്‍.ഡി.എഫിനു മൂന്ന് സീറ്റുമാണ് ഇവിടെയുള്ളത്. 2016 ല്‍ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം സി.പി.ഐ.എം വിട്ടുനിന്നത് കൊണ്ട് പരാജയപ്പെടുകയായിരുന്നു. കാറഡുക്കയില്‍ എല്‍.ഡി.എഫിന് അനുകൂലമായി യു.ഡി.എഫ് നിലപാട് സ്വീകരിച്ചത് കൊണ്ട് എന്‍മകജെയില്‍ യു.ഡി.എഫിനെ എല്‍.ഡി.എഫ് പിന്തുണക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ബി.ജെ.പിക്കും യു.ഡി.ഫിനും ഏഴ് വീതം സീറ്റുകളുള്ള എന്‍മകജെയില്‍ നറുക്കെടുപ്പിലൂടെയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്.

കാറടുക്കയില്‍ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വസ പ്രമേയം യു.ഡി.എഫ് പിന്തുണയോടെയാണ് പാസായത്. സി.പി.ഐ.എമ്മിലെ എ വിജയകുമാര്‍ ബി.ജെ.പിയുടെ പഞ്ചായത്ത് പ്രസിഡന്റ് ജി സ്വപ്നക്കെതിരെ വികസനമുരടിപ്പ് ആരോപിച്ച് നല്‍കിയ അവിശ്വാസത്തിലൂടെയാണ് ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് താഴെയിറക്കിയത്.

അവിശ്വാസ പ്രമേയത്തിന് അനുകൂലമായി എട്ടു വോട്ടുകളാണ് ലഭിച്ചത്. സി.പി.ഐ.എം-4 സി.പി.ഐ.എം സ്വതന്ത്ര-1, യു.ഡി.എഫ്-2, കോണ്‍ഗ്രസ് സ്വന്തന്ത്രന്‍-1 എന്നിവരാണ് അനുകൂലിച്ചത്.

എന്‍മകജയിലും കാറടുക്ക ആവര്‍ത്തിച്ചാല്‍ ബി.ജെ.പ്പിക്ക് അത് സമീപകാലത്തെ എറ്റവും വലിയ തിരിച്ചടിയാകും ഭാവിയില്‍ കടുത്ത വെല്ലുവിളിയും.

അലി ഹൈദര്‍
മാധ്യമപ്രവര്‍ത്തകന്‍