ലഖ്‌നൗ: ദേശീയ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്തതിന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് ബി.ജെ.പി പ്രസിഡന്റ് സ്വതന്ത്ര ദേവ് സിംഗ്.
അഖിലേഷ് പാകിസ്ഥാനില്‍ നില്‍ക്കണമെന്നാണ് സ്വതന്ത്ര പറഞ്ഞത്. അഖിലേഷ് പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ പട്ടികയേയും എതിര്‍ത്ത് രംഗത്ത് വന്നിരുന്നു. എന്‍.ആര്‍.സിയിലേക്ക് നയിക്കുന്ന ദേശീയ ജനസംഖ്യ പട്ടിക പൂരിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അഖിലേഷ് ഒരു മാസം പാകിസ്ഥാനില്‍ താമസിച്ച് ഹിന്ദു ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥിക്കണം. പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ ബുദ്ധിമുട്ട് അവര്‍ക്ക് മാത്രമേ മനസ്സിലാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ഭേദഗതി ചെയ്ത നിയമം രാജ്യത്തെ ദരിദ്രരെ ബാധിക്കില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും സ്വതന്ത്ര ആരോപിച്ചു.
അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ ശക്തമായിരിക്കെ പൗരത്വത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയുണ്ട്.
ജില്ലാ മജിസ്ട്രേറ്റുമാരുടെ കീഴില്‍ പുതിയ സംവിധാനത്തിനാണു രൂപം നല്‍കുക എന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
അപേക്ഷ സമര്‍പ്പിക്കുന്നതു മാത്രമല്ല, രേഖകളുടെ പരിശോധനയും പൗരത്വ അനുവദിക്കുന്നതും ഓണ്‍ലൈന്‍ വഴിയായിരിക്കും. ഓണ്‍ലൈന്‍ വഴിയുള്ള പൗരത്വ നടപടികളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു തരത്തിലുമുള്ള ഇടപെടല്‍ നടത്താന്‍ സാധിക്കില്ലെന്നും മന്ത്രാലയം പറഞ്ഞിരുന്നു.