കോഴിക്കോട്: ക്ലൈമറ്റ് ചെയ്ഞ്ചിനെ കുറിച്ച് ഏറ്റവും ആധികാരികമായി ഒരു പുസ്തകം എഴുതിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നിങ്ങള്‍ വിലകുറച്ച് കാണരുതെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. മേഘങ്ങള്‍ ഉണ്ടെങ്കില്‍ റഡാറുകളുടെ കണ്ണുവെട്ടിക്കാം എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ കുറിച്ചുള്ള മനോരമയുടെ ചര്‍ച്ചയിലാണ് സന്ദീപ് ഇക്കാര്യം പറഞ്ഞത്.
‘നരേന്ദ്രമോദിക്ക് ബാലജന സഖ്യത്തിന്റെ പിന്തുണയോ ഡൂണ്‍ സ്കൂളിന്റെ പശ്ചാത്തലമോ ഒന്നും ഇല്ലായിരിക്കാം, പക്ഷെ ഈ രാജ്യത്ത് ക്ലൈമറ്റ് ചെയ്ഞ്ചിനെ കുറിച്ച് ഏറ്റവും ആധികാരികമായി ഒരു പുസ്തകം എഴുതിയ ആളാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ എഴുതിയ പുസ്തകം പ്രകാശനം ചെയ്തത് ലോകപ്രശസ്ത ശാസ്ത്രജ്ഞനായ അബ്ദുല്‍കലാം ആയിരുന്നു. 2018 ലെ യു.എന്നിന്റെ ചാംപ്യന്‍ ഓഫ് എര്‍ത്ത് അവാര്‍ഡ് വാങ്ങിയ ആളാണ് മോദി. അത് കൊണ്ട് നിങ്ങള്‍ മോദിയുടെ ഇന്റലെക്ച്വല്‍ കപ്പാസിറ്റിയെ ഡീഗ്രേഡ് ചെയ്യരുത്. മോദിയെ വിലകുറച്ച് കാണരുത്’ മോദിയുടേത് വിവരക്കേടോ സ്വേച്ഛാധിപത്യമോ എന്ന ചര്‍ച്ചയില്‍ സന്ദീപ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പൂര്‍ണ്ണമായി പിന്തുണച്ച സന്ദീപ് പ്രധാനമന്ത്രി പറഞ്ഞ രീതിയിലല്ല മനോരമ സബ് ടൈറ്റില്‍ കൊടുത്തതെന്നും നിങ്ങള്‍ക്ക് ഹിന്ദി അറിയില്ലേ എന്നും ചോദിച്ചു. ‘നിഷ ഹിന്ദി പഠിച്ച സ്‌കൂളിലെ ടീച്ചറെ എനിക്ക് ഒന്ന് കാണണം. എന്താണ് മോദി പറഞ്ഞത്. വലിയൊരു പ്രതിസന്ധി വന്നു. ഹം എന്ന് പറഞ്ഞ സ്ഥലത്ത് നിങ്ങള്‍ അദ്ദേഹത്തെ മാത്രം ആട്രിബ്യൂട്ട് ചെയ്തു. ഞങ്ങള്‍ എല്ലാവരും കൂടിയാലോചിച്ചു. ഞാന്‍ എന്നല്ല ഞങ്ങള്‍ എന്നാണ് മോദി പറഞ്ഞതെന്നും സന്ദീപ് പറഞ്ഞു.
‘ഞാന്‍ ഒരു എക്‌സപേര്‍ട്ട് അല്ല, ഇത് സംബന്ധിച്ച വലിയൊരു അറിവ് എനിക്കില്ല. അത് എന്റേത് ഒരു റോങ് ഐഡിയ ആയിരിക്കാം ഒരു പക്ഷെ ഞാന്‍ അവരോട് ചോദിച്ചു. മഴ മേഘങ്ങള്‍ ഉള്ളത് കൊണ്ട് കാലാവസ്ഥ മോശമായത് കൊണ്ട് നമുക്ക് റഡാറില്‍ നിന്ന് രക്ഷ നേടാന്‍ ആകുമോ എന്ന്. ഇത് ഒരു ചോദ്യമായിട്ടാണ് മോദി അവതരിപ്പിക്കുന്നത്. തുടര്‍ന്ന് അതുമായി മുന്നോട്ട് പോയി’. സന്ദീപ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഞങ്ങള്‍ എന്നല്ല മോദി പറഞ്ഞത് ഞാന്‍ എന്നാണെന്നും കഴിയുമോ എന്നല്ല കഴിയും എന്ന് തന്നെയാണ് മോദി പറഞ്ഞതെന്നും അവതാരകയായ നിഷ പുരുഷോത്തമന്‍ തിരുത്തിയെങ്കിലും സന്ദീപ് അവതാരികയ്ക്ക് ഹിന്ദി അറിയില്ലെന്ന് പറഞ്ഞ് പരിഹസിക്കുകയും തന്റെ വാദത്തില്‍ ഉറച്ചു നില്‍ക്കുകയുമായിരുന്നു.
അതേസമയം ചര്‍ച്ചയില്‍ പങ്കെടുത്ത സി.പി.ഐ.എം പ്രതിനിധി എം.ബി രാജേഷ് മോദിയുടെത് ഒരു അഭിപ്രായപ്രകടനം ആയിരുന്നില്ലെന്നും അത് വ്യക്തമായ നിര്‍ദേശം കൊടുക്കലായിരുന്നെന്നും മോദിയുടെ വാക്കുകള്‍ കേള്‍പ്പിച്ചു കൊണ്ട് പറഞ്ഞു. നേരത്തെയും ബി.ജെ.പി നേതാക്കള്‍ ചാനല്‍ ചര്‍ച്ചയില്‍ മോദിയുടെ ഹിന്ദിയെ തെറ്റായി തര്‍ജമ ചെയ്തിട്ടുണ്ടെന്നും ഇവര്‍ക്ക് ആരാണ് ഹിന്ദി പഠിപ്പിച്ച് കൊടുക്കുന്നതെന്നത് പ്രധാനപ്പെട്ട പ്രശ്‌നമാണെന്നും എം.ബി രാജേഷ് തിരിച്ചടിച്ചു.
കഴിഞ്ഞ ദിവസമാണ് മോദി ഒരു അഭിമുഖത്തില്‍ വിവാദ പ്രസ്താവന നടത്തിയത്.
‘നിങ്ങള്‍ ഓര്‍ക്കേണ്ട ഒരു കാര്യം അന്ന് കാലാവസ്ഥ ഒട്ടും അനുകൂലമായിരുന്നില്ല. നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു. മേഘങ്ങളും കൂടുതലായിരുന്നു. വ്യോമാക്രമണം നടത്താമെന്ന് തീരുമാനിച്ച ദിവസം മാറ്റാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഞാന്‍ ഈ മേഖലയിലെ വിദഗ്ധനോ ശാസ്ത്രജ്ഞനോ ഒന്നുമല്ല. എങ്കിലും അപ്പോള്‍ എന്റെ മനസില്‍ തോന്നിയ ഒരു കാര്യം റഡാറില്‍ നിന്നും ഇന്ത്യന്‍ വിമാനങ്ങളെ മറയ്ക്കാന്‍ അപ്പോഴുണ്ടായിരുന്ന മേഘങ്ങള്‍ക്ക് സാധിക്കുമെന്നതാണ്. അത് നമുക്ക് ഗുണം ചെയ്യുമെന്നും തോന്നി. അങ്ങനെയാണ് അത്തരമൊരു കാലാവസ്ഥയില്‍ ആക്രമണത്തിന് തീരുമാനിക്കുന്നത്. ‘- എന്നായിരുന്നു മോദി പറഞ്ഞത്.
FYI @narendramodi the radar to detect planes,cloud or no cloud has been there for decades. Even for the stealth ones. If not, other country’s planes would be crisscrossing the skies firing away at will ? This is what happens when you’re stuck in the past. Get with it Uncle ji. https://t.co/sKYTAmz6jz
— Divya Spandana/Ramya (@divyaspandana) May 12, 2019
മോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വിപ്ലവകരമായ ശാസ്ത്ര സിദ്ധാന്തം എന്ന രീതിയില്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും ബി.ജെ.പി ഗുജറാത്ത് ട്വിറ്റര്‍ അക്കൗണ്ടിലും പ്രസ്താവന അതേ പടി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. തൊട്ടുപിറകെ തന്നെ വ്യാപകമായി പരിഹാസവും വിമര്‍ശനവും ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രസ്തുത ട്വീറ്റ് നീക്കം ചെയ്യുകയായിരുന്നു.
ആധുനിക റഡാര്‍ ഡിറ്റക്ഷന്‍ സംവിധാനത്തില്‍ കാലാവസ്ഥാ മാറ്റത്തിന് പ്രസക്തിയില്ലെന്നും മോദിയുടെ ഇത്തരമൊരു നിര്‍ദേശം തികച്ചും തെറ്റായിരുന്നെന്നും ഇന്ത്യന്‍ മുന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഖാലിദ് എഹ്‌സാനും പ്രതികരിച്ചിരുന്നു.