'ചെത്തുകാരന്റെ മകന്‍' പരാമര്‍ശം ജാതിയധിക്ഷേപമായി ബി.ജെ.പി കാണുന്നില്ല; സുധാകരനെ പിന്തുണച്ച് കെ. സുരേന്ദ്രന്‍
Kerala News
'ചെത്തുകാരന്റെ മകന്‍' പരാമര്‍ശം ജാതിയധിക്ഷേപമായി ബി.ജെ.പി കാണുന്നില്ല; സുധാകരനെ പിന്തുണച്ച് കെ. സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th February 2021, 12:05 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതീയ അധിക്ഷേപം നടത്തിയ കെ. സുധാകരനെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ചെത്തുകാരന്റെ മകന്‍ എന്ന പരാമര്‍ശം ജാതീയ അധിക്ഷേപമായി ബി.ജെ.പി കണക്കാക്കുന്നില്ലന്നാണ് സുരേന്ദ്രന്‍ പറയുന്നത്.

“ചെത്തുകാരന്‍ അത്ര മോശം തൊഴിലല്ലെന്നും ചെത്തുകാരന്റെ മകന്‍ എന്നത് ദുരഭിമാനമായി കരുതേണ്ടന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. പിണറായി വിജയന്‍ എത്രപേരെ അധിക്ഷേപിക്കുന്നുണ്ടെന്നും കെ. സുധാകരനെ പിന്തുണച്ച് കൊണ്ട് സുരേന്ദ്രന്‍ ചോദിച്ചു.

ചെത്തുകാരന്‍ അത്രമോശം തൊഴിലൊന്നുമല്ലല്ലോ. പിണറായി വിജയന്‍ എത്രപേരെ അധിക്ഷേപിക്കുന്നുണ്ട്? ജാതി അടിസ്ഥാനമാക്കിയുള്ള തൊഴിലൊന്നും ഇവിടെയില്ല. ആശാരിപണി എടുക്കുന്നവരൊക്കെ ആശാരിമാരാണോ? സ്വര്‍ണപ്പണി എടുക്കുന്നവരൊക്കെ തട്ടാന്‍മാരാണോ? നല്ല ഒന്നാന്തരം നായരും ഈഴവരും നമ്പൂതിരിമാരുമടക്കം ഇവിടെ സ്വര്‍ണപ്പണിയെടുക്കുന്നുണ്ട്. ചെത്തുകാര്‍ എല്ലാ ജാതിയിലുമുണ്ട്. മുസ്‌ലിങ്ങളിലില്ലേ? ക്രിസ്ത്യാനികളിലില്ലേ?

ചെത്തുകാരന്‍ എന്ന് പറയുമ്പോള്‍ ഒരു ദുരഭിമാനം വരേണ്ട കാര്യമില്ല. എന്നെ ഒരാള്‍ ഇന്ന ജാതിക്കാരന്‍ ആണെന്ന് വിളിച്ചാല്‍ അത് ആക്ഷേപമാണെന്ന് ഞാന്‍ കരുതില്ല.

ഇത് സുധാകരനെ അടിച്ച് പുറത്താക്കാന്‍ കുറെ പേര്‍ ശ്രമിക്കുന്നുണ്ട്. അവര്‍ക്ക് ഒരു ആയുധം കിട്ടി. അത്രയേ ഉള്ളു,”സുരേന്ദ്രന്‍ പറഞ്ഞു.

തലശ്ശേരിയിലെ യോഗത്തിലായിരുന്നു സുധാകരന്റെ അധിക്ഷേപ പരാമര്‍ശം. പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോള്‍, ചെത്തുകാരന്റെ വീട്ടില്‍ നിന്ന് വന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ എടുത്ത ആളായി മാറിയെന്ന് സുധാകരന്‍ പറഞ്ഞിരുന്നു.

‘ആ ചെത്തുകാരന്റെ കുടുംബത്തില്‍ നിന്നും അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ ചെങ്കൊടി പിടിച്ച് നേതൃത്വം കൊടുത്ത പിണറായി വിജയന്‍ എവിടെ…പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോള്‍, ചെത്തുകാരന്റെ വീട്ടില്‍ നിന്നും ഉയര്‍ന്നുവന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്ററെടുത്ത, കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി തൊഴിലാളി വര്‍ഗത്തിന്റെ അപ്പോസ്തലന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

നിങ്ങള്‍ക്ക് അഭിമാനമാണോ… അപമാനമാണോ എന്ന് സി.പി.ഐ.എമ്മിന്റെ നല്ലവരായ പ്രവര്‍ത്തകര്‍ ചിന്തിക്കണം,’ എന്നായിരുന്നു സുധാകരന്റെ പ്രസംഗം. ഇത് വിവാദമാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരന്റെ പ്രസ്താവനയെ തള്ളി ചെന്നിത്തല ആദ്യം രംഗത്തെത്തിയിരുന്നെങ്കിലും ഇന്ന് വാക്കുമാറ്റുകയായിരുന്നു.

സുധാകരന്റെ ഭാഗത്ത് നിന്ന അത്തരമൊരു പാരമര്‍ശം വരാന്‍ പാടില്ലായിരുന്നു എന്നായിരുന്നു ചെന്നിത്തല ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ സുധാകരന്‍ പറഞ്ഞതില്‍ ജാതിയധിക്ഷേപമില്ലെന്നും അതില്‍ പാര്‍ട്ടിക്ക് എതിരഭിപ്രായമില്ലെന്നുമായിരുന്നു ചെന്നിത്തല ഇന്ന് തിരുത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP leader K Surendran supports K Sudhakaran